പി.കെ. രാഗേഷ് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ
പി.കെ. രാഗേഷ് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ
Thursday, June 30, 2016 1:53 PM IST
കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയറായി പി.കെ. രാഗേഷിനെ തെരഞ്ഞെടുത്തു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച പി.കെ. രാഗേഷ് എൽഡിഎഫ് പിന്തുണയോടെയാണ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

യുഡിഎഫ് ഡെപ്യൂട്ടി മേയർ സ്‌ഥാനാർഥി മുസ്ലിംലീഗിലെ സി. സമീറിനെയാണ് രാഗേഷ് പരാജയപ്പെടുത്തിയത്. രാഗേഷിന് 28 വോട്ടും സമീറിന് 27 വോട്ടും ലഭിച്ചു. നേരത്തെ ഡെപ്യൂട്ടി മേയറായിരുന്ന സി. സമീറിനെതിരേ എൽഡിഎഫ് അവിശ്വാസം കൊണ്ടുവരാനിക്കെ സമീർ രാജിവച്ചൊഴിയുകയായിരുന്നു. കഴിഞ്ഞ 13ന് രാവിലെ 11ന് അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിന്റെ തൊട്ടുമുമ്പാണ് സമീർ രാജിവച്ചത്.


ഇന്നലെ രാവിലെ 11 ഓടെ കോർപറേഷൻ ഹാളിൽ വരണാധികാരിയായ കളക്ടർ പി. ബാലകിരണിന്റെ സാന്നിധ്യത്തിലായിരുന്നു ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്. പി.കെ. രാഗേഷിനെ സ്‌ഥാനാർഥിയായി സിപിഐയിലെ വെള്ളോറ രാജൻ നിർദേശിക്കുകയും സിപിഎമ്മിലെ എൻ. ബാലകൃഷ്ണൻ പിന്തുണയ്ക്കുകയും ചെയ്തു. സമീറിനെ ടി.ഒ. മോഹനൻ നിർദേശിക്കുകയും ലീഗിലെ മുഹമ്മദലി പിന്തുണയ്ക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.