സ്പോർട്സ് കൗൺസിലുകൾ പുനഃസംഘടിപ്പിക്കും: ഇ.പി. ജയരാജൻ
സ്പോർട്സ് കൗൺസിലുകൾ പുനഃസംഘടിപ്പിക്കും: ഇ.പി. ജയരാജൻ
Thursday, June 30, 2016 1:45 PM IST
തിരുവനന്തപുരം: സംസ്‌ഥാന, ജില്ലാ സ്പോർട്സ് കൗൺസിലുകൾ പുനഃസംഘടിപ്പിക്കുമെന്നു മന്ത്രി ഇ.പി. ജയരാജൻ നിയമസഭയെ അറിയിച്ചു. സ്പോർട്സ് കൗൺസിലുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കും. 2015 ലെ കേരള സ്പോർട്സ് നിയമം ഭേദഗതി ചെയ്യുന്നതു പരിശോധിക്കും. പുതുക്കിയ കായിക നയം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയ ഗെയിംസിനായി നിർമിച്ച സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്.

35–ാം ദേശീയ ഗെയിംസിൽ സംസ്‌ഥാന ടീമിനുവേണ്ടി വ്യക്‌തിഗത ഇനങ്ങളിൽ മെഡൽ നേടിയവർക്കും ടീമിനത്തിൽ സ്വർണമെഡൽ നേടിയവർക്കും ജോലി നൽകാൻ ഉടൻ നടപടി സ്വീകരിക്കും. ടീമിനത്തിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയവർക്കു പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു.

<ആ>പട്ടികവിഭാഗത്തിനു നിർമിച്ചത് 384 വീടുകൾ

കഴിഞ്ഞ സർക്കാർ പട്ടികവർഗ വിഭാഗത്തിന് അനുവദിച്ച 33,652 ഭവനങ്ങളിൽ 384 എണ്ണം മാത്രമാണു പൂർത്തീകരിച്ചതെന്ന് മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഹഡ്കോ, ജനറൽ ഹൗസിംഗ്, എടിഎസ്പി, ഇന്ദിര ആവാസ് യോജന തുടങ്ങിയ പദ്ധതികൾ വഴിയാണ് വീടുകൾ അനുവദിച്ചത്. ഇതിൽ 33,268 വീടുകളുടെ നിർമാണം പൂർത്തിയാക്കാനുണ്ട്. ഇന്ദിരാ ആവാസ് യോജനയിൽ ഒരു വീടുപോലും ഇതുവരെ അനുവദിച്ചിട്ടില്ല. പട്ടികവർഗക്കാരുടെ വികസനത്തിന് 2,137 കോടിയുടെ പദ്ധതിക്കായി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. സംസ്‌ഥാനത്തിലെ പട്ടികവർഗ ഹോസ്റ്റലുകൾക്ക് നാലുകോടി രൂപ ലഭിക്കും. ആദിവാസി മേഖലയിൽ 40,000 ഭവനങ്ങൾ നിർമിക്കുന്നതിന് സമഗ്ര ഭവനപദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

വയനാട്ടിലെ ഒരുമ്മൽ കോളനിയിൽ അടിസ്‌ഥാന വികസനത്തിന് 96 ലക്ഷം നൽകിയതിൽ 18 ലക്ഷം രൂപ നടപ്പാതയ്ക്ക് ഉപയോഗിച്ചത് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നിർമാണപ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപക്ഷനേതാവിനെ വച്ച് അന്വേഷണത്തിന് തയാറാണെന്നും മന്ത്രി മറുപടി നൽകി.

പുതിയ സർക്കാർ ഇഎംഎസ് സമ്പൂർണ ഭവനപദ്ധതി വഴി പട്ടികവർഗക്കാരുടെ പാർപ്പിട പ്രശ്നങ്ങൾ പരിഹരിക്കും. നിലവിൽ 20,061 ഭവനരഹിതർ കൂടിയുണ്ട്. ഭൂരഹിതർക്ക് ടിആർഡിഎം, വനാവകാശ നിയമം, കെഎസ്ടി നിയമം എന്നിവ പ്രകാരവും ഭൂരഹിതർക്ക് ഭൂമി നൽകും. 2016–17–ൽ 5000 വീടുകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.കുടുംബശ്രീ സംഘങ്ങളെ തൊണ്ടു സംഭരണത്തിൽ സജീവമാക്കുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. പ്രവർത്തനരഹിതമായ ചകിരി മില്ലുകൾ പ്രവർത്തനസജ്‌ജമാക്കും. തെങ്ങുകൃഷി സജീവമായ മേഖലകളിൽ ചകിരി ഉത്പാദനം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

<ആ>നെല്ലുസംഭരണത്തിന് രൊക്കം പണം: മന്ത്രി പി. തിലോത്തമൻ

സപ്ലൈകോയുടെ നെല്ലുസംഭരണത്തിന് രൊക്കം പണം നൽകുന്നതു സംബന്ധിച്ച സാധ്യത പരിഗണനയിലാണെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. സംഭരണ ഇനത്തിൽ കർഷകർക്കു നൽകാനുള്ള 140.75 കോടി രൂപ കഴിഞ്ഞയാഴ്ച അനുവദിച്ചത് വിതരണം ചെയ്തുവരികയാണെന്നും മന്ത്രി അറിയിച്ചു.


108 ആംബുലൻസുകളുടെ പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതു സംബന്ധിച്ച് പരിശോധിച്ചുവരികയാണെന്ന് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ ആംബുലൻസുകളുടെ സേവനം ലഭ്യമല്ലാത്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കുമെന്നും അവർ അറിയിച്ചു.

സംസ്‌ഥാനത്ത് നിർമാണത്തിലിരിക്കുന്ന കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്കും നടപടി സ്വീകരിക്കും.

<ആ>1371 ഹെക്ടർ വനഭൂമി കൈയേറിയതു കണ്ടെത്തി: മന്ത്രി കെ. രാജു

2011 ജൂലൈ ഒന്നു മുതൽ 2016 മാർച്ച് 31 വരെ 1371.4237 ഹെക്ടർ വനഭൂമി കൈയേറ്റം കണ്ടുപിടിച്ചതായും ഇതിൽ 859.6731 ഹെക്ടർ വനഭൂമി ഒഴിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കെ. രാജു അറിയിച്ചു. കേരളത്തിൽ ഇപ്പോൾ 11,30,948 ഹെക്ടർ വനഭൂമിയുണ്ട്.

ഭൂരഹിതരായ പട്ടിക ജാതിക്കാർക്കു വീടു നിർമിക്കുന്നതിന് 2011 മുതൽ 16 വരെ 30063 പട്ടികജാതി കുടുംബങ്ങൾക്ക് ധനസഹായം നൽകിയിട്ടുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. ഭവനരഹിതരായ 26210 പട്ടികജാതി കുടുംബങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു.

എസ്സി–എസ്ടി വിഭാഗക്കാർ സഹകരണ സ്‌ഥാപനങ്ങൾ, പട്ടിക ജാതി–വർഗ വകുപ്പിനു കീഴിലുള്ള ധനകാര്യ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നെടുത്ത വായ്പാ കുടിശിക എഴുതിത്തള്ളാൻ ഉത്തരവുണ്ടെന്ന് മന്ത്രി എ. കെ. ബാലൻ അറിയിച്ചു.

2010 മാർച്ച് 31 വരെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പാ കുടിശികയാണ് എഴുതിത്തള്ളുന്നത്. ഇത്തരത്തിൽ 69986 അപേക്ഷകൾ കെട്ടിക്കിടക്കുന്നു. ഇതിൽ 63.3 കോടി രൂപ കൊടുത്തു. 50 കോടി രൂപയുടെ കുടിശിക ഈ സർക്കാർ എഴുതിത്തള്ളി. ഇനി 73.29 കോടി എഴുതിത്തള്ളാനുണ്ട്. കുടിശിക തുക കൊടുത്തു തീർക്കാനും കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. തുകയും കാലപരിധിയും വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ഒഇസി വിദ്യാർഥികൾക്കുള്ള സ്റ്റൈപ്പെന്റ് ഇനത്തിൽ 116.41 കോടിയും ഒബിസിക്ക് 16. 6 കോടിയും എസ്ഇബിസിക്ക് 30. 35 കോടിയുമടക്കം ആകെ 162.8 കോടി രൂപ കുടിശികയുണ്ട്. ഇതിൽ 70 കോടി കൊടുത്തു. ബാക്കി തുക സമയ ബന്ധിതമായി കൊടുത്തുതീർക്കുമെന്നും മന്ത്രി അറിയിച്ചു.

<ആ>ഇതര സംസ്‌ഥാന തൊഴിലാളികൾക്കു പാർപ്പിടസമുച്ചയം

ഇതര സംസ്‌ഥാന തൊഴിലാളികൾക്കായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പാർപ്പിടസമുച്ചയം നിർമിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു.

സംസ്‌ഥാനത്തെ ഇതര സംസ്‌ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ ആരോഗ്യ ക്ഷേമ ഇൻഷ്വറൻസ് പദ്ധതികളുമായി ബന്ധപ്പെട്ടു വിപുലീകരിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഒരു വർഷത്തിനകം ഇതു പൂർത്തീകരിക്കും.

കർഷകത്തൊഴിലാളി ക്ഷേമനിധിയിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി മൂന്നു ലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നതായും 2016 മാർച്ചിലെ കണക്കുപ്രകാരം മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ നൽകുന്നതിന് 251 കോടി രൂപ വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.