വാഹനങ്ങളുടെ കാലപരിധി നിശ്ചയിക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്നു കെഎസ്ആർടിസി
വാഹനങ്ങളുടെ കാലപരിധി നിശ്ചയിക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്നു കെഎസ്ആർടിസി
Thursday, June 30, 2016 1:45 PM IST
കൊച്ചി: വാഹനങ്ങളുടെ കാലപ്പഴക്കത്തിന്റെ അടിസ്‌ഥാനത്തിൽ കാലപരിധി നി ശ്ചയിച്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നും ഇതിൽ ഹരിത ട്രൈബ്യൂണലിന് ഉത്തരവു നൽകാനാവില്ലെന്നും കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചു.

ഡീസൽ വാഹനങ്ങൾക്കെതിരായ ഹരിത ട്രൈബ്യൂണൽ ഉത്തരവ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട ഹർജിയിൽ സ്റ്റേ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അഭിഭാഷകരുടെ പരിസ്‌ഥിതി സംഘടനയായ ലീഗൽ എൻവയോൺമെന്റൽ അവേർനസ് ഫോറം (ലീഫ്) നൽകിയ അപ്പീലിലാണ് കെഎസ്ആർടിസി സോണൽ ഓഫീസർ പി.വി. സഞ്ജീവ് ഹൈക്കോടതിയിൽ വിശദീകരണ പത്രിക സമർപ്പിച്ചത്.

മോട്ടോർ വാഹന നിയമം 2010ലെ ട്രൈബ്യൂണൽ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നു കെഎസ്ആർടിസി വ്യക്‌തമാക്കുന്നു. വനം, ജലം, പരിസ്‌ഥിതി, ജൈവവൈവിധ്യം തുടങ്ങിയ വിഷയങ്ങളാണ് ട്രൈബ്യൂണലിന്റെ പരിധിയിൽ വരുന്നത്. വാഹനങ്ങളുടെ കാലപരിധി, പെർമിറ്റ് എന്നിവ പരിഗണിക്കുന്നതിന് ഹരിത ട്രൈബ്യൂണലിന് അധികാരമില്ല. മോട്ടോർ വാഹന നിയമത്തിനു കാലാനുസൃതമായ ഭേദഗതിക്ക് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുകയും ശിപാർശക്കായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

ചരക്കുനീക്കം, യാത്രക്കാരുടെ സുരക്ഷിതത്വം, മലിനീകരണം മുതലായ പല കാര്യങ്ങളും ശിപാർശയിലുണ്ട്. കെഎസ്ആർടിസി ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്‌ഥകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയാൽ മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കൂ. പെർമിറ്റ് സംബന്ധിച്ച് മോട്ടോർ വാഹന നിയമത്തിന്റെ അടിസ്‌ഥാനത്തിൽ നടപടി സ്വീകരിച്ചിരിക്കെ ഹരിത ട്രൈബ്യൂണലിന് തുടർനടപടി സ്വീകരിക്കാൻ കഴിയില്ല.കെഎസ്ആർടിസിയുടെ 1,102 ബസുകൾ പത്തു വർഷത്തിലേറെ പഴക്കമുള്ളതാണ്. ഇവ സർവീസ് നിർത്തിവയ്ക്കുന്നത് യാത്രക്കാരെ ബാധിക്കും. പത്തു വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്കു പകരം പുതിയ വാഹനങ്ങൾ വാങ്ങാൻ 275 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.


കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ മാനദണ്ഡങ്ങൾക്കും മോട്ടോർ വാഹന നിയമത്തിനും അനുസരിച്ചാണ് കോർപറേഷൻ പ്രവർത്തിക്കുന്നത്. കെഎസ്ആർടിസിയും സബ്സിഡിയറി കോർപറേഷനായ കെയുആർടിസിയും നിരവധി പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് സഹായകമായ ഇലക്ട്രിക് ബാറ്ററി, സിഎൻജി വാഹനങ്ങളും ലോ കാർബൺ സിറ്റി ബസുകളും കൊണ്ടുവരാൻ കോർപറേഷൻ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. വിശാല കൊച്ചി മേഖലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ സിഎൻജി പമ്പ് സ്‌ഥാപിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചർച്ച നടത്തിവരികയാണ്.

സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുവാഹനങ്ങളിലേക്ക് കുടുതൽ ജനങ്ങളെ എത്തിക്കാനാണ് ശ്രമിക്കുന്നത്. നിർദിഷ്‌ട മെട്രോ റെയിൽ സർവീസ് ആരംഭിക്കുമ്പോൾ അതിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ സർവീസ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

സംസ്‌ഥാനത്ത് കെഎസ്ആർടിസിയുടെ 6,500 ബസുകൾ സർവീസ് നടത്തുന്നുണ്ട്. സംസ്‌ഥാനത്തെ പല പ്രധാന റൂട്ടുകളും ദേശസാൽകൃതമാണ്. ഇവിടെ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാവില്ല. സംസ്‌ഥാനത്തെ ജനങ്ങൾ ഏറിയ പങ്കും ഉപയോഗിക്കുന്നത് കെഎസ്ആർടിസിയെയാണെന്നും വിശദീകരണ പത്രികയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.