ഇതു പിണറായിവക പ്രഖ്യാപനം
ഇതു പിണറായിവക പ്രഖ്യാപനം
Thursday, June 30, 2016 1:24 PM IST
<ആ>സാബു ജോൺ

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയാണു മൂന്നു ദിവസമായി നിയമസഭയിൽ നടന്നത്. അതിനു മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ മറ്റൊരു പ്രഖ്യാപനമാണു നടത്തിയത്. അതു പിണറായിയുടെ പ്രഖ്യാപനം.

ഭരണത്തിന്റെ സമസ്ത മേഖലകളെയും എല്ലാ വകുപ്പുകളെയും പരാമർശിച്ച് നിലപാടുകളും നയവും സ്വപ്നങ്ങളുമെല്ലാം പിണറായി വിസ്തരിച്ചു പറഞ്ഞു. തനിക്കെതിരേ ഉയർന്ന ആക്ഷേപങ്ങൾക്കുള്ള മറുപടിയും ഈ പ്രസംഗത്തിലൂടെ പിണറായി പറഞ്ഞു. തലശേരിയിലെ യുവതികളുടെ അറസ്റ്റിലും മുല്ലപ്പെരിയാർ പ്രശ്നത്തിലും പറഞ്ഞതിൽ നിന്നു മാറാതെ പിണറായി നിലപാട് ഒന്നുകൂടി വ്യക്‌തമാക്കി.

മാധ്യമങ്ങൾക്കു മുന്നിലെത്താതെ പിണറായി മോദിയെ പിന്തുടരുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. അതിനു മറുപടി ഇങ്ങനെ: പിആർഒ പണിയെടുക്കേണ്ട ആളാണു മുഖ്യമന്ത്രി എന്ന അഭിപ്രായം എനിക്കില്ല. കാണേണ്ട സമയത്തു മാധ്യമങ്ങളെ കാണാൻ മടിയുമില്ല. ഒന്നുകൂടി പിണറായി പറഞ്ഞു വച്ചു. ഞാൻ ഒരു മഹാസാധുവാണ്. മറ്റുള്ളതെല്ലാം വെറുതെ പറഞ്ഞുണ്ടാക്കു ന്ന കാര്യങ്ങൾ.

റോഡ് വികസനവും ഗ്യാസ് പൈപ്പ്ലൈനും മാലിന്യനിർമാർജനവും കാർഷിക പ്രശ്നങ്ങളും സ്ത്രീശാക്‌തീകരണവും യുവാക്കളുടെ പ്രശ്നങ്ങളും സാമൂഹ്യസുരക്ഷാപടികളുമെല്ലാം പിണറായിയുടെ പ്രസംഗത്തിൽ ഇടംപിടിച്ചു. വികസനകാര്യങ്ങളിൽ യോജിപ്പുണ്ടാകണമെന്ന പൊതു അഭ്യർഥനയും കൂടിയായിരുന്നു മുഖ്യമന്ത്രി നടത്തിയത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ജനങ്ങളുടെ സ്വപ്നങ്ങൾ പൂവണിയിക്കാൻ നമുക്ക് ഒരുമിച്ചുനിൽക്കാം: സമന്വയത്തിന്റെ ഭാഷയിൽ മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങളോടു മോദിക്കും പിണറായിക്കും ഒരേ നിലപാടാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ബിജെപിക്കും എൽഡിഎഫിനും കോൺഗ്രസിനെ തോൽപ്പിക്കുക എന്ന ഒരേ അജൻഡയാണ്. ഈ തെരഞ്ഞെടുപ്പിൽ ആ അജൻഡ വിജയിച്ചെങ്കിലും അതു താത്കാലികം മാത്രമായിരിക്കുമെന്നു രമേശ് പറഞ്ഞു.

നന്ദിപ്രമേയത്തിന്മേലുള്ള മൂന്നാം ദിവസത്തെ ചർച്ചയിലും ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്താൻ മത്സരിച്ചുകൊണ്ടിരുന്നു. രാവിലെ അടിയന്തരപ്രമേയ രൂപത്തിലെത്തിയ മെഡിക്കൽ കോളജ് പ്രശ്നം ചർച്ചയിലും നിറഞ്ഞുനിന്നു. പെട്ടിക്കട തുടങ്ങുന്നതു പോലെ മെഡിക്കൽ കോളജുകൾ തുടങ്ങിയിട്ട് അതു നേരേ ചൊവ്വേ പ്രവർത്തിക്കുന്നില്ലെന്നു പറഞ്ഞ് ഒരു മാസം പ്രായമുള്ള സർക്കാരിനെ കുറ്റപ്പെടുത്തുന്നതിലായിരുന്നു എം.എം. മണിയുടെ പരാതി. തലശേരിയിലെ യുവതികളുടെ പേരിൽ പ്രതിപക്ഷം കണ്ണീരൊഴുക്കുന്നതിലും മണിക്കു വിയോജിപ്പാണ്. കഴിഞ്ഞ സർക്കാർ രാഷ്ട്രീയ വിരോധം തീർക്കാൻ ലക്ഷക്കണക്കിനാളുകളെ കള്ളക്കേസിൽ കുടുക്കിയെന്നാണു മണിയുടെ ആക്ഷേപം. താനും അതിന് ഇരയായെങ്കിലും അതേക്കുറിച്ചു പറയുന്നില്ല.

മെഡിക്കൽ കോളജിനെ പെട്ടിക്കട എന്നു മണിയാശാൻ വിശേഷിപ്പിച്ചതിലുള്ള പ്രതിഷേധം എൽദോസ് കുന്നപ്പള്ളി മറച്ചുവച്ചില്ല. സഭയിലെ ബേബിയായ മുഹമ്മദ് മൊഹ്സിൻ കന്നി പ്രസംഗം മോശമാക്കിയില്ല. ജെഎൻയു വിൽ പഠിച്ചിറങ്ങിയ മൊഹ്സിൻ കേരളത്തിലെ കാര്യങ്ങളിൽ ചുറ്റിപ്പറ്റി പ്രസംഗിക്കുന്നതു ശരിയല്ലാത്തതിനാലാകാം മോദിയും ബിജെപിയും നവലിബറൽ സാമ്പത്തിക നയങ്ങളുമൊക്കെയായിരുന്നു പ്രസംഗവിഷയമായത്.


ഒരു മാസം മാത്രം പ്രായമായ സർക്കാരിനെ വല്ലാതെ എതിർക്കുന്നതു ശരിയല്ലെന്ന് മുസ്ലിംലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് അറിയാം. എന്നാൽ, കഴിഞ്ഞ സർക്കാർ ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കാൻ പിശുക്കു കാണിക്കുന്ന പ്രവണത നല്ല സൂചനയല്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തങ്ങൾ സൃഷ്‌ടിച്ച അടിത്തറയിൽ നിന്നു കൊണ്ട് എല്ലാം ശരിയാക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലതെന്ന ഉപദേശവും കുഞ്ഞാലിക്കുട്ടി നൽകി. ബിജെപിയുടെ പേരിൽ യുഡിഎഫിനെ വിമർശിക്കുന്ന ഭരണപക്ഷം മഞ്ചേശ്വരത്തും കാസർഗോഡും പാലക്കാട്ടും വട്ടിയൂർക്കാവിലുമൊക്കെ ബിജെപി രണ്ടാമതു വന്നപ്പോൾ ഒന്നാമതു വന്നതു യുഡിഎഫ് ആണെന്നതു കാണുന്നില്ലേയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

മുൻ സർക്കാരിന്റെ മുഴുവൻ തീരുമാനങ്ങളും ഒഴിവാക്കി ഒരു ജനാധിപത്യ സർക്കാരിനു മുന്നോട്ടുപോകാനാകില്ലെന്ന് മോൻസ് ജോസഫും ഓർമിപ്പിച്ചു.

ഇരുപക്ഷത്തോടും മമതയില്ലാതെ ഒ. രാജഗോപാൽ പ്രസംഗം അവസാനിപ്പിച്ചു. നന്ദിപ്രമേയത്തെ അനുകൂലിക്കുന്നെന്നോ എതിർക്കുന്നെന്നോ അദ്ദേഹം പറഞ്ഞതുമില്ല. കെ.ബി. ഗണേഷ്കുമാർ, വി. ജോയി, കെ. ദാസൻ, ബി.ഡി. ദേവസി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

സംസ്‌ഥാനത്തെ പുതിയ മെഡിക്കൽ കോളജുകളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ശൂന്യവേളയിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. നിലവിലുള്ള മെഡിക്കൽ കോളജുകൾക്ക് സൗകര്യങ്ങൾ ഒരുക്കിയ ശേഷം മാത്രം പുതിയ മെഡിക്കൽ കോളജുകൾ എന്നതാണു സർക്കാരിന്റെ നയമെന്നു മന്ത്രി കെ.കെ. ഷൈലജ വ്യക്‌തമാക്കി.

കഴിഞ്ഞ വർഷത്തെക്കാൾ ആയിരത്തോളം മെഡിക്കൽ സീറ്റുകൾ കേരളത്തിനു നഷ്‌ടപ്പെട്ടിരിക്കുകയാണെന്നു നോട്ടീസ് അവതരിപ്പിച്ചു പ്രസംഗിച്ച വി. എസ്. ശിവകുമാർ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവർക്കു പഠിക്കാനുള്ള അവസ രമാണു നിഷേധിച്ചിരിക്കുന്നത്. അന്യസംസ്‌ഥാന ലോബിയെ സ ഹായിക്കാൻ വേണ്ടിയാണ് ഈ തീരുമാനമെന്നും ശിവകുമാർ കുറ്റപ്പെടുത്തി.

സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തിയശേഷം മെഡിക്കൽ കോളജ് ആരംഭിക്കാനിരുന്നാൽ തൃശൂർ, ആലപ്പുഴ മെഡിക്കൽ കോളജുകൾ ഇപ്പോഴും പ്രവർത്തിക്കുമായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം എത്ര പറഞ്ഞിട്ടും മന്ത്രിക്കു കുലുക്കമില്ലായിരുന്നു. വെറുതെ ഒച്ചവച്ചിട്ടോ വൈകാരികമായി പ്രതികരിച്ചിട്ടോ കാര്യമില്ലെന്നു മന്ത്രി വീണ്ടും ആവർത്തിച്ചു.

പ്രതിപക്ഷ വാക്കൗട്ടിലാണു വിഷയം എത്തിയത്. പുതിയ മെഡിക്കൽ കോളജുകളുള്ള പ്രദേശത്തെ യുഡിഎഫ് എംഎൽഎമാർ സഭാകവാടത്തിൽ കുത്തിയിരിപ്പു സമരവും നടത്തി.

ധനപ്രതിസന്ധി വെളിച്ചത്തുകൊണ്ടു വരുന്ന ധവളപത്രം ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ കൊണ്ടുവന്നു. ഇന്നലെ പിരിഞ്ഞ സഭ ഇനി അടുത്ത വെള്ളിയാഴ്ച ബജറ്റ് അവതരണത്തിനു വേണ്ടിയേ സമ്മേളിക്കു കയുള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.