മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഇതരസംസ്‌ഥാനങ്ങളെ സർക്കാർ സഹായിക്കുന്നുവെന്നു പ്രതിപക്ഷം
Thursday, June 30, 2016 1:24 PM IST
തിരുവനന്തപുരം: മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അനുമതി നല്കിയിട്ടും തിരുവനന്തപുരത്തെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളജിൽ അനുവദിച്ച 100 എംബിബിഎസ് സീറ്റുകളിൽ പ്രവേശനം നടത്താത്തത് ഇതര സംസ്‌ഥാന വിദ്യാഭ്യാസ ലോബിയെ സഹായിക്കാനാണെന്നു പ്രതിപക്ഷം.

സംസ്‌ഥാനത്തെ 1000 എംബിബിഎസ് സീറ്റുകൾ നഷ്‌ടപ്പെടുന്നത് സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് വി.എസ്. ശിവകുമാർ ആണ് ആരോപണം ഉന്നയിച്ചത്.

തിരുവന്തപുരത്തെ പുതിയ മെഡിക്കൽ കോളജിൽ നൂറു എംബിബിഎസ് സീറ്റിൽ വിദ്യാർഥി പ്രവേശനം നടത്താനായി സംസ്‌ഥാന സർക്കാർ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് സത്യവാങ്മൂലം പോലും നല്കാൻ തയാറായില്ല. കഴിഞ്ഞ തവണ സംസ്‌ഥാനത്ത് ഒൻപത് സർക്കാർ മെഡിക്കൽ കോളജുകളിലും സ്വാശ്രയ മെഡിക്കൽ കോളജിലെ മെരിറ്റ് സീറ്റുകളും ഉൾപ്പെടെ 2180 സീറ്റുകളിൽ വിദ്യാർഥികൾക്ക് കുറഞ്ഞ ഫീസിൽ മെഡിക്കൽ പഠനത്തിന് അവസരം ലഭിച്ചിരുന്നു. എന്നാൽ, ഇക്കുറി അത് 1525 ആയി കുറഞ്ഞതായും ശിവകുമാർ പറഞ്ഞു. ഇതിന്റെ ഗുണം അന്യ സംസ്‌ഥാനങ്ങളിലെ വിദ്യാഭ്യാസ ലോബിക്കാണ്.

എന്നാൽ യുഡിഎഫ് സർക്കാർ കഴിഞ്ഞ തവണ സ്വീകരിച്ച ദീർഘവീക്ഷണം ഇല്ലാത്ത നിലപാട് മൂലമാണ് സംസ്‌ഥാനത്തെ എംബിബിഎസ് സീറ്റുകൾ നഷ്‌ടമായതെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വേണ്ടത്ര സൗകര്യമില്ലാതെ പല കോളജുകളും സ്‌ഥാപിച്ചു. അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതുമൂലം മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവും ലഭിച്ചില്ല. എംസിഐ പരിശോധനകൾ കർക്കശമാക്കിയതോടെ ഏഴു സ്വാശ്രയ മെഡിക്കൽ കോളജുകളുടെ അംഗീകാരം പൂർണമായും രണ്ടെണ്ണത്തിന്റെതു ഭാഗികമായും നഷ്‌ടമായി.


ഇടുക്കിയിൽ സർക്കാർ മെഡിക്കൽ കോളജിൽ ഒരു സൗകര്യവുമില്ല. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കു മുൻവർഷങ്ങളിൽ നല്കിയ ഉറപ്പുകൾ പാലിക്കാൻ കഴിയാതെ വന്നതോടെയാണ് ഇടുക്കിയുടെ അംഗീകാരം നഷ്‌ടമായതെന്നും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു. എന്നാൽ, എല്ലാ സൗകര്യങ്ങളും ഒരുക്കിയശേഷം മാത്രം മെഡിക്കൽ കോളജ് ആരംഭിക്കാമെന്ന മന്ത്രിയുടെ വാദം ബാലിശമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് ആരംഭിച്ചു എന്ന പേരിൽ മെഡിക്കൽ കോളജുകൾ ഉപേക്ഷിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കുക. ആരോഗ്യരംഗത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കരുത്. ഏഴു മെഡിക്കൽ കോളജുകളുടെ അംഗീകാരം നഷ്‌ടമായപ്പോൾ മെഡിക്കൽ കൗൺസിലുമായി ഒരു ചർച്ച പോലും നട ത്താൻ സംസ്‌ഥാന സർക്കാർ തയാറായില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഇത് ഇതരസംസ്‌ഥാനങ്ങളിലെ വിദ്യാഭ്യാസ ലോബിക്കു മാത്രമേ സഹായം ചെയ്യുകയുള്ളു.

വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. കക്ഷിനേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവരും പ്രസംഗിച്ചു.

ആരോഗ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. തുടർന്ന് മെഡിക്കൽ കോളജ് പ്രശ്നം നിലനില്ക്കുന്ന മണ്ഡലങ്ങളിലെ എംഎൽഎമാരായ വി.എസ്. ശിവകുമാർ, റോഷി അഗസ്റ്റിൻ, എം. ഉമ്മർ, എൻ.എ. നെല്ലിക്കുന്ന് തുടങ്ങിയവർ സഭാ നടപടികൾ അവസാനിക്കുന്നതുവരെ സഭാകവാടത്തിനു മുന്നിൽ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.