ദേവികുളം, ഉടുമ്പൻചോല വില്ലേജുകളിലെ നിർമാണങ്ങൾക്കു വിലക്ക്
Saturday, May 28, 2016 12:19 PM IST
മൂന്നാർ: ഇടുക്കി ജില്ലയിൽ ദേവികുളം, ഉടുമ്പൻചോല വില്ലേജുകളിലെ കാലാവസ്‌ഥയ്ക്കു കോട്ടംതട്ടുന്ന നിർമാണങ്ങൾ നിർത്തിവയ്പിക്കാൻ ദേവികുളം ആർഡിഒ സബിൻ സമീദ് ഉദ്യോഗസ്‌ഥർക്കു നിർദേശംനൽകി. ജില്ലാ കളക്ടറുടെ എൻഒസിയില്ലാതെ മൂന്നാറടക്കമുള്ള എട്ടുവില്ലേജുകളിൽ നടത്തുന്ന നിർമാണങ്ങൾ നിർത്തി വയ്പിക്കാനാണു നിർദേശം.

ദേവികുളം, ചിന്നക്കനാൽ, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, ബൈസൻവാലി തുടങ്ങിയ വില്ലേജുകളിൽ തഹസിൽദാരുടെ നിജസ്‌ഥിതി സർട്ടിഫിക്കറ്റിന്റെ മറവിൽ പഞ്ചായത്തിൽനിന്നു കെട്ടിടനിർമാണ അനുമതിവാങ്ങി ഭൂമാഫിയകൾ വൻകിട കെട്ടിടങ്ങൾ നിർമിക്കുകയാണെന്ന പരാതിയിന്മേലാണു നടപടി.

മൂന്നാർ, ആനച്ചാൽ, പള്ളിവാസൽ, ലക്ഷ്മി തുടങ്ങിയ മേഖലകളിലെ ചോലവനങ്ങളും തോടുകളും കൈയടക്കിയാണു നിർമാണങ്ങൾ കൂടുതലും നടക്കുന്നത്. മൂന്നാർ, ഉടുമ്പൻചോല താലൂക്കുകളിലെ സർക്കാർ ഭൂമികൾ സംരക്ഷിക്കുന്നതിനും അനധികൃത കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുന്നതിനും ഉമ്മൻചാണ്ടി സർക്കാർ ഭൂസംരക്ഷണസേനയെ നിയമിച്ചെങ്കിലും സേനയുടെ പ്രവർത്തനങ്ങൾ ഫലംകണ്ടില്ല.


പഞ്ചായത്തിൽനിന്നും ലഭിക്കുന്ന മോഡിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ മറവിൽ ഭൂമാഫിയകൾ മൂന്നാറിലും സമീപ വില്ലേജുകളിലും നടത്തുന്ന ക്രമക്കേടുകളും നിർമാണങ്ങളും ഭൂസംരക്ഷണസേനയുടെ ശ്രദ്ധയിൽപ്പെടുന്നുണ്ടെങ്കിലും നിർമാണങ്ങൾക്ക് മൗനാനുവാദം നൽകുകയാണ് ചെയ്യുന്നത്.

2010 ജനുവരിയിലാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് മൂന്നാറിന്റെ കാലാവസ്‌ഥയ്ക്ക് ദോഷകരമായ കെട്ടിടനിർമാണങ്ങൾ നിർത്തണമെന്നും കെട്ടിടങ്ങൾ നിർമിക്കുന്ന ഉടമകൾ കളക്ടറുടെ എൻഒസി വാങ്ങണമെന്നും ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ കോടതി ഉത്തരവു പുറപ്പെടുവിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവർ നിയമം നടപ്പാക്കാൻ തയാറായിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.