പിണറായി വിജയനെ വധിക്കാൻ ശ്രമിച്ച കേസ്: ലക്ഷ്യം കൊലപാതകമെന്നു കുറ്റപത്രം
പിണറായി വിജയനെ വധിക്കാൻ ശ്രമിച്ച കേസ്:  ലക്ഷ്യം കൊലപാതകമെന്നു കുറ്റപത്രം
Saturday, May 28, 2016 11:52 AM IST
തലശേരി: സിപിഎം സംസ്‌ഥാന സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തുനിന്നു തോക്കും കൊടുവാളുമായി നാദാപുരം വളയം കുറ്റിക്കാട്ടിൽ പിലാവുള്ളതിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ പിടിയിലായ കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തലശേരി ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.കെ. പ്രഭാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചത്. ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലചെയ്തതിന്റെ വിരോധത്താൽ പിണറായിയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കുഞ്ഞികൃഷ്ണൻ ന മ്പ്യാർ 0.22 കാലിബർ എയർഗണ്ണും 23 സെന്റിമീറ്റർ നീളമുള്ള കൊടുവാളുമായി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ വീടിന് 85 മീറ്റർ സമീപത്തെത്തിയെന്നാണു കുറ്റപത്രത്തിൽ പറയുന്നത്.

കുഞ്ഞികൃഷ്ണനിൽനിന്നു പിടികൂടിയ തോക്ക് ഉപയോഗിച്ചാൽ അപകടം സംഭവിക്കുമെന്നു വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു.

സംഭവദിവസം കുഞ്ഞികൃഷ്ണൻ നമ്പ്യാരിൽനിന്നു പിടികൂടിയ തോക്കും കത്തിയും പിന്നീട് കുഞ്ഞികൃഷ്ണന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത വെടിയുണ്ടകളും വെടിമരുന്നുമുൾപ്പെടെയുള്ള വസ്തുക്കളും പരിശോധിച്ചതിന്റെ ഫോറൻസിക് റിപ്പോർട്ടുകളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

ഈ കേസിൽ എക്സ്പ്ലോസീവ് സബ്സ്റ്റന്റ്സ് ആക്ടും ആംസ് ആക്ടും ഉള്ളതിനാൽ സർക്കാർ അനുമതിയോടെയാണു കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ആർഎംപി ഒഞ്ചിയം ഏരിയാ സെക്രട്ടറി എൻ. വേണു, ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ, പിതാവ് മാധവൻ എന്നിവരുൾപ്പെടെ 125 സാക്ഷികളുടെ മൊഴികൾ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നാദാപുരം, വളയം, ഒഞ്ചിയം ഭാഗങ്ങളിൽ നടന്നിട്ടുള്ള ആർഎംപിയുടെ പൊതുയോഗങ്ങളുടെയും നേതാക്കളുടെ പ്രസംഗത്തിന്റെയും വീഡിയോ ക്ലിപ്പിംഗുകൾ അന്വേഷണ സംഘം ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. കുഞ്ഞികൃഷ്ണനു സംഭവം കഴിഞ്ഞു മാസങ്ങൾക്കു ശേഷമാണു കോടതി ജാമ്യം അനുവദിച്ചത്.


2013 ഏപ്രിൽ മൂന്നിന് രാത്രി 8.15 ഓടെയാണ് പിണറായി പാണ്ട്യാലമുക്കിലെ പിണറായി വിജയന്റെ വീടിനു സമീപത്തുനിന്നു തോക്കുമായി കുഞ്ഞികൃഷ്ണനെ നാട്ടുകാർ പിടികൂടിയത്. പിണറായിയുടെ വീടിനു നൂറുമീറ്റർ അകലെ റോഡിൽ ശുദ്ധജല വിതരണത്തിനായി ഇറക്കിയിട്ടിട്ടുള്ള പൈപ്പിനുള്ളിൽ കുഞ്ഞികൃഷ്ണൻ എന്തോ സാധനം വയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൈപ്പ് പരിശോധിച്ചപ്പോഴാണു തോക്കും കത്തിയും കണ്ടെത്തിയത്. തോക്ക് കണ്ടെടുത്തതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച കുഞ്ഞികൃഷ്ണനെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായി പിണറായി വിജയനെ ശരിയാക്കാനാണു താനെത്തിയതെന്നു കുഞ്ഞികൃഷ്ണൻ നമ്പ്യാർ പോലീസിനു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടശേഷം താൻ രമയെ കാണാൻ ഒഞ്ചിയത്തെ വീട്ടിൽ പോയിരുന്നുവെന്നും രമയുടെ കരച്ചിൽ മനസിൽനിന്നും മായുന്നില്ലെന്നും പാർട്ടിയെ ഓനാണു നശിപ്പിച്ചതെന്നും ഓൻ അറിയാതെ ചന്ദ്രശേഖരന്റെ കൊലപാതകം നടക്കില്ലെന്നു രമയുടെ പിതാവ് മാധവേട്ടൻ പറഞ്ഞിട്ടുണ്ടെന്നും മൊഴിയിലുണ്ടായിരുന്നു.

ഇതൊന്നും ശരിയല്ലെന്നു തോന്നി. ആരെങ്കിലും വേണ്ടേ ഇതുചെയ്യാൻ, അതുകൊണ്ടു പുറപ്പെട്ടതാണ്. സിഐടിയു ദേശീയ സമ്മേളനം കണ്ണൂരിൽ നടക്കുന്നതിനാൽ വിജയൻ നാട്ടിലുണ്ടാകുമെന്നറിയാം. രണ്ടു ദിവസമായി വിജയന്റെ വീടിന്റെ പരിസരത്തു ഞാനുണ്ടായിരുന്നു. ഓനെ കിട്ടുമോ എന്നു നോക്കി നിൽക്കുകയായിരുന്നുവെന്നും കുഞ്ഞികൃഷ്ണൻ നമ്പ്യാർ മൊഴിയിൽ പറഞ്ഞിരുന്നു. കോഴിക്കോട് നടക്കാവിലെ രാജൻ എന്നയാളുടെ മാസ് എന്ന കടയിൽനിന്നാണ് 8,000 രൂപയ്ക്കു കുഞ്ഞിക്കൃഷ്ണൻ തോ ക്ക് വാങ്ങിയത്. 17 ഇഞ്ച് നീളമുള്ള കത്തിയാണു കുഞ്ഞികൃഷ്ണന്റെ കൈയിൽനിന്നു പിടികൂടിയിരുന്നത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ദിലീഷാണു കോടതിയിൽ ഹാജരാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.