പൂട്ടിയ ബാറുകൾ തുറക്കില്ല, മദ്യവിൽപന കുറഞ്ഞില്ലെന്നും മന്ത്രി
പൂട്ടിയ ബാറുകൾ തുറക്കില്ല, മദ്യവിൽപന കുറഞ്ഞില്ലെന്നും മന്ത്രി
Saturday, May 28, 2016 11:52 AM IST
കോഴിക്കോട്: സംസ്‌ഥാനത്തെ പൂട്ടിയ ബാറുകൾ തുറക്കില്ലെന്നു എക്സൈസ്, തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. ബാറുകൾ പൂട്ടിയെന്നതു പ്രചാരവേലമാത്രമാണ്. പൂട്ടി എന്നുപറയുന്ന ബാറുകളിൽ ബിയറും വൈനും വിൽപന നടത്തി വരുന്നു.

ബിവറേജ് ഔട്ട്ലെറ്റുകൾ പലതും പൂട്ടിയെങ്കിലും മദ്യവിൽപന കുറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നിലവിലെ മദ്യനയത്തിന്റെ പ്രായോഗികത പരിശോധിക്കും. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം.

മദ്യവർജനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കട്ട് പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാർഥികളെയടക്കം അണിനിരത്തി ജനങ്ങളെ മദ്യത്തിൽനിന്നു മുക്‌തമാക്കും. ജനകീയ ബോധകത്കരണത്തിലൂടെ കഞ്ചാവ്, മയക്കുമരുന്ന് എന്നിവയ്ക്കെതിരേ ശക്‌തമായ നിലപാടു സ്വീകരിക്കും.

ലഹരികടത്തു തടയാൻ എക്സൈസ് വകുപ്പിനെക്കൊണ്ടു മാത്രം കഴിയില്ലെങ്കിൽ മറ്റു സംവിധാനങ്ങൾ ആലോചിക്കും. എക്സൈസ് വകുപ്പിലെ നിലവിലെ സ്‌ഥിതി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്‌ഥരോട് ആവശ്യപെട്ടിട്ടുണ്ട്. കാര്യങ്ങൾ പഠിച്ച് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.


തൊഴിൽ മേഖലയിലെ തൊഴിലാളി, തൊഴിൽ ഉടമ ബന്ധം ശക്‌തപ്പെടുത്തും. തോട്ടം മേഖലയിലുൾപ്പെടെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണും. ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. സംസ്‌ഥാനത്തുള്ള ഇതരസംസ്‌ഥാന തൊഴിലാളികളുടെ എണ്ണം നിർണയിക്കും. മഴക്കാല ശുചീകരണത്തിനു സർക്കാർ നടപടി സ്വീകരിച്ചു കഴിഞ്ഞു. എല്ലാ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തിൽ ജൂൺ അഞ്ചിനു മുമ്പായി ശുചീകരണപ്രവർത്തനം നടത്തും.

അഴിമതിയില്ലാത്ത ഭരണത്തിലൂടെ പുതിയ കേരളം സൃഷ്‌ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്ക്ലബ് പ്രസിഡന്റ് കമാൽ വരദൂർ, സെക്രട്ടറി എൻ. രാജേഷ്, ഇ.പി. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.