ട്രൈബ്യൂണൽ ഉത്തരവിനോടു വിയോജിപ്പില്ല: ഗതാഗത മന്ത്രി
ട്രൈബ്യൂണൽ ഉത്തരവിനോടു വിയോജിപ്പില്ല: ഗതാഗത മന്ത്രി
Saturday, May 28, 2016 11:52 AM IST
കോഴിക്കോട്: പരിസ്‌ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഡീസൽവാഹന നിയന്ത്രണ ഉത്തരവിനോടു സംസ്‌ഥാന സർക്കാരിനു വിയോജിപ്പില്ലെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. എന്നാൽ, ഉത്തരവ് നടപ്പിലാക്കുന്നതിൽ പ്രായോഗികമായ പ്രയാസങ്ങളുണ്ട്. ഇതു എങ്ങനെ തരണം ചെയ്യാമെന്നാണു സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയിട്ടുണ്ട്. എജിയുടെ റിപ്പോർട്ടിന്റെയും നിയമവകുപ്പിന്റെ ഉപദേശത്തിന്റെയും അടിസ്‌ഥാനത്തിൽ സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു. കാലിക്കട്ട് പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അന്തരീക്ഷ മലിനീകരണം തടയാൻ ശക്‌തമായ നടപടി വൈകരുതെന്ന മുന്നറിയിപ്പായാണു ട്രൈബ്യൂണൽ ഉത്തരവിനെ കാണുന്നത്. അതിന്റെ സത്ത പൂർണമായും അംഗീകരിക്കുന്നു. എന്നാൽ, പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഒറ്റയടിക്കു നിരത്തിൽനിന്നു പിൻവലിക്കുന്നതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കും.

ഉത്തരവ് നടപ്പായാൽ 4800ഓളം ബസുകൾ അടിയന്തരമായി പിൻവലിക്കേണ്ടി വരും. ഇതിനാൽ ഉത്തരവ് നടപ്പാക്കുന്നതിനു കൂടുതൽ സാവകാശം ലഭിക്കുമോയെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണു സർക്കാർ പരിശോധിക്കുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നത് അടക്കമുള്ള മുഴുവൻ നടപടി ക്രമങ്ങളും ഓൺലൈൻ വഴിയാക്കാൻ നടപടി സ്വീകരിക്കും. മോട്ടോർവാഹന വകുപ്പിൽ ഇടനിലക്കാരുടെ ഇടപെടൽ ഉണ്ടാകുന്നത് അഴിമതിക്കു ഇടയാക്കുന്നതായുള്ള പരാതി കാലങ്ങളായി കേൾക്കുന്നതാണ്. മോട്ടോർ വാഹന വകുപ്പ് അടക്കം ഗതാഗത രംഗത്തെ അഴിമതികളും കെടുകാര്യസ്‌ഥതയും തുടച്ചുനീക്കും.


സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികൾക്കുണ്ടാകുന്ന യാത്രാദുരിതം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കും. ബസ് ജീവനക്കാർക്കു വിദ്യാർഥി സൗഹൃദ മനോഭാവം ഉണ്ടാക്കിയെടുക്കുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിർദേശം നൽകണമെന്നു ട്രാൻസ്പോർട്ട് കമ്മീഷണറോടും ഉദ്യോഗസ്‌ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ ബസുകളിലെ ജീവനക്കാർക്ക് അധ്യായനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബോധവത്കരണം നടത്തും.

കെഎസ്ആർടിസിയുടെ മിനിമം ചാർജ് ഒരു രൂപ കുറച്ചപ്പോൾ സ്വകാര്യ ബസുകൾക്ക് ഇതു മുൻസർക്കാർ ബാധകമാക്കിയില്ല. ഇതുകാരണം രണ്ടു തരം ചാർജാണു നിലനിൽക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇത് ഏകീകരിക്കുന്നതു പരിഗണനയിലുണ്ട്. മലബാർ മേഖലയിലെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനു കൂടുതൽ നടപടി സ്വീകരിക്കും. നഷ്ടത്തിലുള്ള കെഎസ്ആർടിസിയെ ലാഭകരമാക്കുന്നതിനു നടപടി സ്വീകരിക്കും. യാത്രക്കാർ കുറവുള്ളതും ലാഭകരമല്ലാത്തതുമായ റൂട്ടുകളിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിൽ ഇവ ഒഴിവാക്കി ലാഭകരമായ റൂട്ടുകളിലേക്കു തിരിച്ചുവിടും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ടു വരുന്ന കേസുകളിൽ സ്വകാര്യ ബസുകൾക്ക് അനുകൂലമായ ഒരു നിലപാടും സർക്കാർ സ്വീകരിക്കില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.