ഫാ. ടോമിന്റെ കുടുംബാംഗങ്ങൾക്ക് ആശ്വാസവുമായി സിസ്റ്റർ സാലി
ഫാ. ടോമിന്റെ കുടുംബാംഗങ്ങൾക്ക് ആശ്വാസവുമായി സിസ്റ്റർ സാലി
Saturday, May 28, 2016 11:38 AM IST
രാമപുരം: യെമനിൽ മാർച്ച് നാലിന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ആ കൂട്ടക്കൊലയിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട സിസ്റ്റർ സാലി രാമപുരത്തെ വസതിയിലെത്തി. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിലെ അംഗവും തൊടുപുഴ വെള്ളിയാമറ്റം പുൽപറമ്പിൽ കുടുംബാംഗവുമായ സിസ്റ്റർ സാലി സഭാംഗങ്ങൾക്കും സഹോദരനുമൊപ്പം ഇന്നലെ വൈകുന്നേരം 4.20നാണ് ഫാ. ടോം ഉഴുന്നാലിന്റെ വീട്ടിലെത്തിയത്. ഫാ. ടോമിന്റെ ജ്യേഷ്ഠ സഹോദരൻ യു.വി. മാത്യുവും (അപ്പച്ചൻ) ഭാര്യ റീത്തയും ചേർന്നു സിസ്റ്റർ സാലിയെ സ്വീകരിച്ചു.

തീവ്രവാദികൾ കൊടുംക്രൂരത അഴിച്ചുവിട്ട അന്നു രാവിലെ യമനിലെ അഗതിമന്ദിരത്തിലുണ്ടായ ആക്രമണത്തിൽ നാലു കന്യാസ്ത്രീകൾ ഉൾപ്പെടെ 15 പേർ തലയ്ക്ക് ദാരുണമായി വെടിയേറ്റു പിടഞ്ഞു മരിച്ചതിന്റെ ഭയാനകമായ ഓർമകളുടെ സാക്ഷ്യം സിസ്റ്റർ സാലി വേദനയോടെ പങ്കുവച്ചു. വിശുദ്ധ കുർബാന അർപ്പിച്ചശേഷം ചാപ്പലിൽ പ്രാർഥനയിലായിരുന്ന ഫാ. ടോമിനെ തീവ്രവാദികൾ ബന്ധിയാക്കി കാറിൽ കൊണ്ടുപോകുന്ന കാഴ്ച കതകിനുള്ളിൽ മറഞ്ഞിരുന്ന് താൻ കണ്ടതും സിസ്റ്റർ സാലി പറഞ്ഞു.

ഫാ. ടോമിന്റെ സുരക്ഷിതമായ മോചനത്തിനുവേണ്ടി ലോകമെമ്പാടും ആയിരങ്ങളുടെ പ്രാർഥനകൾ രാവും പകലും തുടരുകയാണെന്നും ദൈവം അദ്ദേഹത്തെ കൈവിടില്ലെന്നും സിസ്റ്റർ സാലി കുടുംബാംഗങ്ങൾക്ക് ധൈര്യം പകർന്നു. ടോം അച്ചന്റെ മോചനത്തിനായി ദൈവത്തിന്റെ കരുണാർദ്രമായ ഇടപെടൽ യാചിച്ച് പത്തു മിനിറ്റ് വീട്ടിൽ സിസ്റ്റേഴ്സ് പ്രാർഥന നടത്തി.


ദൈവം സുരക്ഷിതമായ ഒരു മോചനം അച്ചനു നൽകുമെന്ന പ്രത്യാശ ഒരു മണിക്കൂർ ദീർഘിച്ച ഭവനസന്ദർശനത്തിൽ സിസ്റ്റേഴ്സ് അറിയിച്ചു. ഫാ. ടോമിന്റെ പഴയ ഫോട്ടോകൾ കാണിച്ച് ബാല്യം മുതലുള്ള ഓർമകൾ സഹോദരൻ യു.വി. മാത്യുവും ഭാര്യ റീത്തയും പങ്കുവച്ചു.

സലേഷ്യൻ ഡോൺ ബോസ്കോ വൈദികനായ ടോം ഉഴുന്നാലിലിനെ തെക്കൻ യെമനിലെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വൃദ്ധ സദനത്തിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് കോട്ടയം കഞ്ഞിക്കുഴിയിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തിൽ സന്ദർശനത്തിനുശേഷമാണ് സിസ്റ്റർ സാലി രാമപുരത്തേക്കു പോയത്. രാമപുരത്തുനിന്നും സിസ്റ്റർ തൊടുപുഴയിലെ വീട്ടിലേക്കു പോയി. ജൂൺ ഏഴിന് സിസ്റ്റർ സാലി കോൽക്കത്തയിലെ സഭാ ആസ്‌ഥാനത്തേക്കു മടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.