രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും
Friday, May 27, 2016 1:04 PM IST
തിരുവനന്തപുരം: രമേശ് ചെന്നിത്തല കോൺഗ്രസ് നിയമസഭാകക്ഷി നേതാവും പ്രതിപക്ഷ നേതാവുമാകും. ഇന്നലെ കെപിസിസി ആസ്‌ഥാനത്തു ചേർന്ന പ്രധാന നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനം. നാളെയാണു ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവിനെ ഉൾപ്പെടെ തെരഞ്ഞെടുക്കുന്നത്.

കെ.സി. ജോസഫിനെ കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവാക്കാനും തീരുമാനിച്ചു. ഉമ്മൻ ചാണ്ടിയെ യുഡിഎഫ് ചെയർമാനായി നിലനിർത്താനും ധാരണയായിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഇന്നലെ കെപിസിസി ആസ്‌ഥാനത്തു നടത്തിയ കൂടിയാലോചനയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, എഐസിസി സെക്രട്ടറി ദീപക് ബാബറിയ എന്നിവരാണ് ഹൈക്കമാൻഡ് പ്രതിനിധികളായി കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കുന്നത്. കേരളത്തിലെ ധാരണയനുസരിച്ചു തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് സംസ്‌ഥാന നേതൃത്വത്തിന് അനുമതി നൽകിയതായാണു സൂചന. തെരഞ്ഞെടുപ്പു തോൽവിയെ തുടർന്ന് പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്കില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്‌തമാക്കിയിരുന്നു. കോൺഗ്രസ് നിയമസഭാ കക്ഷിയിൽ ഐ ഗ്രൂപ്പിനോട് ആഭിമുഖ്യം പുലർത്തുന്നവർ ഭൂരിപക്ഷമാകുക കൂടി ചെയ്തതിനാൽ സ്വാഭാവികമായും രമേശ് ചെന്നിത്തല നിയമസഭാകക്ഷി നേതൃപദവിയിലേക്ക് എത്തുകയായിരുന്നു. ഉപനേതാവ് സ്‌ഥാനം എ ഗ്രൂപ്പിനു നൽകി സന്തുലിതാവസ്‌ഥ നിലനിർത്തി.


ഉമ്മൻ ചാണ്ടിക്ക് പദവിയില്ലാതെ വരുന്നതു ശരിയല്ലെന്നു കണ്ടതിനാലാണ് യുഡിഎഫ് ചെയർമാൻ പദവിയിൽ അദ്ദേഹം തുടരണമെന്നു തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.