മലാപ്പറമ്പിലെ സ്കൂൾ പൂട്ടണമെന്നു വീണ്ടും ഹൈക്കോടതി
മലാപ്പറമ്പിലെ സ്കൂൾ പൂട്ടണമെന്നു വീണ്ടും ഹൈക്കോടതി
Friday, May 27, 2016 1:04 PM IST
കൊച്ചി: കോഴിക്കോട് മലാപ്പറമ്പിലെ എയുപി സ്കൂൾ പൂട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന് എഇഒയ്ക്കു സഹായം നൽകാൻ ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി, കോഴിക്കോട് ജില്ലാ കളക്ടർ എന്നിവർക്ക് ഹൈക്കോടതി നിർദേശം നൽകി. സ്കൂൾ പൂട്ടുന്നതുതടയുന്നവരെ അറസ്റ്റ് ചെയ്തു നീക്കണമെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് ജൂൺ എട്ടിനു സമർപ്പിക്കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഉത്തരവിട്ടു.

മലാപ്പറമ്പ് എയുപി സ്കൂൾ അടച്ചുപൂട്ടുന്നതു സർക്കാർ തടഞ്ഞതിനെത്തുടർന്നു സ്കൂൾ മാനേജർ പി.കെ. പത്മരാജൻ നൽകിയ ഹർജിയിൽ കഴിഞ്ഞ ജനുവരി 18നാണ് സ്കൂൾ പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്. മാർച്ച് 31നകം അടച്ചു പൂട്ടാനായിരുന്നു ഉത്തരവ്.

എന്നാൽ, സ്കൂൾ പൂട്ടാനുള്ള എഇഒയുടെ ശ്രമം സ്കൂൾ സംരക്ഷണ സമിതിയും പരിസരവാസികളും ചേർന്നു തടഞ്ഞു. ഇതോടെ സർക്കാർ ഉത്തരവു പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പത്മരാജൻ കോടതിയലക്ഷ്യ ഹർജി നൽകി. ഈ ഹർജിയിൽ സ്കൂൾ പൂട്ടാൻ ഹൈക്കോടതി വീണ്ടും നിർദേശിച്ചു. എന്നാൽ, മേയ് 23ന് പോലീസ് സഹായത്തോടെ സ്കൂൾ പൂട്ടാനെത്തിയ എഇഒയെ നാട്ടുകാർ തടഞ്ഞതു സംഘർഷത്തിനിടയാക്കി.

ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ നടപടിക്കായി കൂടുതൽ സമയം തേടിയതു സിംഗിൾ ബെഞ്ചിന്റെ അതൃപ്തിക്കു കാരണമായി. കോടതിക്ക് ഉത്തരവു നടപ്പാക്കാനുള്ള നിർദേശം നൽകാൻ കഴിയുമെന്നും മനഃപൂർവം ഉത്തരവു പാലിക്കാതിരുന്നാൽ കോടതിക്കു നോക്കിയിരിക്കാൻ കഴിയില്ലെന്നും വ്യക്‌തമാക്കി ഹർജി ഉച്ചക്കു ശേഷം വിധിപറയാൻ മാറ്റി. തുടർന്ന്ഉച്ചയ്ക്കുശേഷം ആഭ്യന്തര സെക്രട്ടറി, ഡിജിപി, കോഴിക്കോട് കളക്ടർ, കോഴിക്കോട് പോലീസ് കമ്മീഷണർ എന്നിവരെ കേസിൽ സ്വമേധയാ കക്ഷി ചേർത്തു.


കോടതിയുടെ ഉത്തരവു നടപ്പാക്കുന്നതിൽ എഇഒ മടി കാണിച്ചിട്ടില്ലെന്നു കോടതി പറഞ്ഞു. കേസിൽ കക്ഷിയല്ലാത്ത ചിലർ തടയുന്നതാണു പ്രശ്നം. ഇത്തരത്തിലുള്ള അവരുടെ ചെയ്തികളുടെ വരുംവരായ്കകളും സാഹചര്യത്തിന്റെ ഗൗരവവും പ്രതിഷേധക്കാരെ ആരും ബോധ്യപ്പെടുത്തിയിട്ടുണ്ടാവില്ല.

കോടതിയുത്തരവ് നടപ്പാക്കുന്നതു തടയുകയെന്നാൽ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. എഇഒ ഉത്തരവു നടപ്പാക്കുന്നതിൽ നിസഹായത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആഭ്യന്തര സെക്രട്ടറിയടക്കമുള്ളവരെ കക്ഷി ചേർക്കുന്നത്. സ്കൂൾ പൂട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഇവർ ഉറപ്പു വരുത്തണമെന്നും സിംഗിൾ ബെഞ്ച് വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.