വി.എസ് തെറ്റ് ഏറ്റുപറയണമെന്ന് ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ
വി.എസ് തെറ്റ് ഏറ്റുപറയണമെന്ന്  ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ
Saturday, April 30, 2016 2:16 PM IST
തിരുവനന്തപുരം: തനിക്കെതിരേ കേസുകളുണ്ടെന്ന് അടിസ്‌ഥാനരഹിതമായ ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ തെറ്റ് ഏറ്റുപറയണമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കെതിരേ കേസുകൾ ഉണ്ടെന്നുള്ളതിനു തെളിവുകൾ നിരത്തി തന്റെ നാമനിർദേശ പത്രിക തള്ളിക്കാൻ വി.എസ്. അച്യുതാനന്ദനെ വെല്ലുവിളിച്ചിരുന്നു. ഇന്നു തന്റെ പത്രിക സൂക്ഷ്മ പരിശോധനയ്ക്കുശേഷം വരണാധികാരി സ്വീകരിച്ചു. തനിക്കെതിരേ കേസ് ഉണ്ടെന്നുള്ളതിനു തെളിവിന്റെ ഒരു കണികപോലും നിരത്താൻ വി.എസിനു കഴിഞ്ഞില്ല. അതുകൊണ്ട് അടിസ്‌ഥാനരഹിതമായ ആരോപണമുന്നയിച്ചതിനു വിഎസ് കേരളത്തിലെ ജനങ്ങളോടു മാപ്പുപറയുകയെന്ന സാമാന്യമര്യാദ കാണിക്കണമെന്നും ഉമ്മൻ ചാണ്ടി പറയുന്നു.

തന്റെ പേരിൽ ഒരു എഫ്ഐആർ പോലുമില്ലെന്നു താൻ പറഞ്ഞപ്പോൾ പുകമറ സൃഷ്‌ടിച്ച് അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനാണു വിഎസ് ശ്രമിച്ചത്.

എന്നാൽ, തനിക്കെതിരേ കേസുകളൊന്നുമില്ലെന്നു വ്യക്‌തമായ സൂചന നൽകി ഇടതുപക്ഷത്തെ പ്രമുഖ ഘടകക്ഷിയായ സിപിഐയുടെ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തുവന്നതു വി.എസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്നാണു കരുതുന്നത്. മുഖ്യമന്ത്രിക്കെതിരേ കേസുകൾ എന്നത് മുഖ്യമന്ത്രിക്കെതിരേ പല ഫോറങ്ങളിലായി നിലനിൽക്കുന്ന പരാതികളാണെന്നാണു കാനം രാജേന്ദ്രൻ വ്യക്‌തമാക്കിയത്. തനിക്കെതിരേ കേസുകൾ ഒന്നുമില്ലെന്ന വാദത്തെ സാധൂകരിക്കുകയാണു കാനം ചെയ്തത്. അച്യുതാനന്ദൻ പറഞ്ഞത് ഇടതുപക്ഷത്തെ പ്രമുഖ ഘടകകക്ഷിയെപ്പോലും ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എന്നാണിതു തെളിയിക്കുന്നത്.


തന്റെ പേരിൽ ഒരു കേസുപോലുമില്ലെന്ന സത്യം സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയനും ബോധ്യമുണ്ടെന്നു തോന്നുന്നു. അതാണ് വി.എസ് ആവർത്തിച്ചു പറഞ്ഞിട്ടും അക്കാര്യം ഏറ്റെടുക്കാൻ പിണറായി തയാറാകാത്തത്. ഇടതുമുന്നണിയിലെ പ്രധാന നേതാക്കൾക്കുപോലും ബോധ്യപ്പെടാത്ത കാര്യം ആവർത്തിച്ചു ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന വി.എസിന്റേത് ഗീബൽസിയൻ തന്ത്രമാണെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.