ഇരിക്കൂറിൽ വീട്ടമ്മയെ കൊലപ്പെടുത്തി കവർച്ച
Saturday, April 30, 2016 1:53 PM IST
ശ്രീകണ്ഠപുരം (കണ്ണൂർ): ഇരിക്കൂർ സിദ്ദീഖ് നഗറിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർച്ച ചെയ്തു. പരേതനായ നെട്ടൂർ കുഞ്ഞിമൊയ്തീന്റെ ഭാര്യ റുബീന മൻസിലിൽ കുഞ്ഞാമിന (60) ആണു മരിച്ചത്.

കുഞ്ഞാമിനയുടെ വീടിനോടു ചേർന്ന ഇവരുടെ തന്നെ ഉടമസ്‌ഥതയിലുള്ള ക്വാർട്ടേഴ്സിൽ ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു ഇവരെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന രണ്ടു മക്കൾ രാവിലെ ജോലിക്കു പോയതായിരുന്നു.

സമീപത്തു വീടുവച്ചു താമസിക്കുന്ന മകൾ റുബീന വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കുഞ്ഞാമിനയെ കാണാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു തൊട്ടടുത്ത ക്വാർട്ടേഴ്സിൽ രക്‌തത്തിൽ കുളിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്. വായിൽ തുണിതിരുകി പ്ലാസ്റ്റർ ഒട്ടിച്ചു കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു കുഞ്ഞാമിന.


ഉടൻ കണ്ണൂരിലെ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പത്തോളം കുത്തേറ്റ നിലയിലായിരുന്നു. മോഷണം പോയ ആഭരണങ്ങളെക്കുറിച്ചും വ്യക്‌തമായ വിവരം ലഭിച്ചിട്ടില്ല. ബന്ധുക്കളുമായി സംസാരിച്ചതിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്‌തത വരുത്താൻ സാധിക്കൂവെന്നു പോലീസ് പറഞ്ഞു. മക്കൾ: ഇബ്രാഹിം, ഹസൻ (ഗൾഫ്), അയൂബ്, ഉമ്മർ, മഹമൂദ് (ഗൾഫ്), റുബീന. മരുമക്കൾ: ഫാത്തിമ, നഫീസ, ജാസ്മിൻ, മുഹമ്മദലി. സഹോദരങ്ങൾ: സൈനബ, സക്കീന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.