പാവപ്പെട്ടവർക്കു നീതി നിഷേധിക്കരുത്: ജസ്റ്റീസ് ജെ.ബി. കോശി
പാവപ്പെട്ടവർക്കു നീതി നിഷേധിക്കരുത്: ജസ്റ്റീസ് ജെ.ബി. കോശി
Saturday, April 30, 2016 1:49 PM IST
കൊച്ചി: പണത്തിനു മിതേ പരുന്തും പറക്കില്ലെന്നാണെങ്കിലും പാവപ്പെട്ടവർക്കു നീതി നിഷേധിക്കാൻ പാടില്ലെന്നു സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ജെ.ബി. കോശി. വിധവയായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വയോധികയ്ക്കു മൂവാറ്റുപുഴ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നീതി നിഷേധത്തെക്കുറിച്ചു ലഭിച്ച പരാതിയിലാണു കമ്മീഷന്റെ നിരീക്ഷണം.

മൂവാറ്റുപുഴ പുളിഞ്ചോട് പ്ലാച്ചേരിൽ ടി.ഐ. മേരിക്കുട്ടിയാണു പരാതിക്കാരി. തന്റെ ഉടമസ്‌ഥതയിലും കൈവശത്തിലുമുള്ള സ്‌ഥലം സ്വകാര്യാവശ്യത്തിനുവേണ്ടി രണ്ടുപേർ കൈയേറി റോഡ് ടാർ ചെയ്തു. ബാക്കിയുള്ള സ്‌ഥലം കൂടി എതിർകക്ഷികൾ കൈയേറാൻ ശ്രമിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. സ്‌ഥലം മേരിക്കുട്ടിയുടെ ഉടമസ്‌ഥതയിലുള്ളതാണെന്നു തഹസിൽദാറുടെ റിപ്പോർട്ടുമുണ്ട്.

1989ലെ പട്ടികജാതി–പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്‌ഥനായ മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് 2016 ഫെബ്രുവരി 25ന് കൈയേറ്റത്തെകുറിച്ചു മേരിക്കുട്ടി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. മാർച്ച് എട്ടിനു മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ച പ്രകാരം ഹാജരായെങ്കിലും എതിർകക്ഷികൾക്ക് അസൗകര്യമുണ്ടെന്നു പറഞ്ഞു മടക്കിയയച്ചു. എന്നാൽ, രോഗങ്ങൾ അലട്ടുന്ന തന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മൊഴിയെടുത്തു. 1973ലെ ക്രിമിനൽ നടപടിനിയമവും 1989ലെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമവും പ്രകാരം താൻ നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ തരാൻ സാധ്യമല്ലെന്നു മൂവാറ്റുപുഴ പ്രിൻസിപ്പൽ എസ്ഐ പറഞ്ഞു. പരാതിയിന്മേൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. എതിർകക്ഷികളെ ഫോണിൽ വിളിക്കാൻ പോലും എസ്ഐ തയാറായില്ലെന്നും പരാതിയിൽ പറയുന്നു.


എതിർകക്ഷികൾ കൈയേറിയ സ്‌ഥലം തിരിച്ചുപിടിച്ചു നൽകി മതിൽ കെട്ടി തിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഫെബ്രുവരി 25ന് താൻ ഡിവൈഎസ്പിക്കു നൽകിയ പരാതിയിൽ സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു. സ്വകാര്യ വസ്തു ഭരണഘടനാപരമായ അവകാശമാണെന്നും ഭരണഘടനയുടെ 300–എ അനുസരിച്ചു നിയമാനുസൃതമല്ലാതെ ഒരാളുടെ വസ്തുവിൽ കയറാൻ അവകാശമില്ലെന്നും ജസ്റ്റീസ് ജെ.ബി. കോശി ഉത്തരവിൽ പറഞ്ഞു. അതിക്രമിച്ചുള്ള കടന്നുകയറ്റം ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു കുറ്റകരമാണ്. പട്ടികവർഗ വിഭാഗത്തിൽപെട്ട പരാതിക്കാരിയുടെ വസ്തു കൈയേറുന്നതു നിയമവിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു. പരാതിക്കാരി പട്ടികവർഗക്കാരിയായതു കൊണ്ടാണോ മൊഴിപകർപ്പ് നൽകാത്തതെന്നും കമ്മീഷൻ ചോദിച്ചു. പട്ടികവർഗത്തിൽപ്പെട്ട വിധവയുടെ പരാതിയിൽ നിയമാനുസരണം നടപടി എടുക്കണമായിരുന്നു. സംഭവത്തെക്കുറിച്ചു മൂവാറ്റുപുഴ ഡിവൈഎസ്പിയും മൂവാറ്റുപുഴ ആർഡിഒയും അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് ജൂൺ 10ന് രാവിലെ 11ന് എറണാകുളം കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ സമർപ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.