വാക്സിൻ ഒഴിവാക്കുന്നതു മാരക രോഗങ്ങൾക്കു വഴിവയ്ക്കും: ഡോ.സച്ചിദാനന്ദ കമ്മത്ത്
Saturday, April 30, 2016 1:48 PM IST
കൊച്ചി: രോഗ പ്രതിരോധ വാക്സിൻ ഉപയോഗത്തിൽനിന്നു പിൻമാറുന്നതു മാരകമായ രോഗങ്ങൾ തിരിച്ചുവരുന്നതിനു കാരണമാകുമെന്ന് ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് മുൻ പ്രസിഡന്റ് ഡോ.സച്ചിദാനന്ദ കമ്മത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. വസ്തുതാപരമല്ലാത്ത വിവരങ്ങൾ ഉൾക്കൊണ്ടു പല വാക്സിനുകളുടെയും ഉപയോഗം അഭ്യസ്‌ഥവിദ്യരുടെ ഇടയിൽ പോലും കുറഞ്ഞു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിൽ അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള അഞ്ചാംപനി, വില്ലൻചുമ എന്നീ രോഗങ്ങൾ ഉണ്ടായതു വാക്സിനുകളുടെ ഉപയോഗം നിർത്തിയതു മൂലമാണ്. വിവിധ കാരണങ്ങളാൽ വാക്സിനുകൾ എടുക്കാത്തവർക്കു രോഗബാധിതരായവരിൽ നിന്ന് എളുപ്പത്തിൽ രോഗം പകരുന്നു. പൊതുസ്‌ഥലങ്ങളിലും സ്കൂളുകളിലും ഇത്തരം രോഗബാധിതരുമായി ഇടപഴകുന്നു മാരകരോഗങ്ങൾ സമൂഹത്തിൽ പടരാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.


ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിൽ പ്രതിരോധ വാക്സിനുകൾ ഉപയോഗിക്കണമെന്നു പത്രസമ്മേളനത്തിൽ പങ്കെടുത്ത വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ പ്രഫസർ ജേക്കബ് ജോൺ പറഞ്ഞു. ആദ്യകാല വാക്സിനുകൾ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമായിട്ടുണ്ടെങ്കിലും ഇന്ന് ഈ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളുടെ ഫലമായി വാക്സിനുകൾ ഉപയോഗിക്കുന്നതു ഫലപ്രദവും സുരക്ഷിതവുമാണെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തിൽ ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് എക്സിക്യൂട്ടീവ് മെമ്പർ ഡോ. ഏബ്രഹാം കെ. പോളും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.