നാടുകാണി ചുരത്തിൽ വൻ കാട്ടുതീ
നാടുകാണി ചുരത്തിൽ വൻ കാട്ടുതീ
Friday, April 29, 2016 1:35 PM IST
എടക്കര (നിലമ്പൂർ): നീലഗിരി ജൈവവൈവിധ്യ മേഖലയിലുൾപ്പെട്ട നാടുകാണിച്ചുരം വനത്തിൽ കാട്ടുതീ. ഉൾവനത്തിലേക്ക് തീ പടർന്നെങ്കിലും അണയ്ക്കാനായില്ല. ഹെക്ടർ കണക്കിനു വനം അഗ്നിക്കിരയായി. രാജവെമ്പാലയടക്കമുള്ള നിരവധി ജീവജാലങ്ങൾ വെന്തമർന്നു. നാടുകാണി ചുരം ഒന്നാം വളവിനു മുകളിലായി വ്യൂവേഴ്സ് പോയിന്റിന് ഇരുവശവുമുള്ള വനമേഖലയിലാണു തീ പടർന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു തീ പടർന്നത്. അന്തർ സംസ്‌ഥാന പാതയായ സിഎൻജി റോഡിനിരുവശത്തും തീ പടർന്നതിനാൽ നാടുകാണിച്ചുരം പാതയിൽ ഏറെനേരം ഗതാഗത തടസമുണ്ടായി. നിലമ്പൂരിൽനിന്നെത്തിയ രണ്ടു യൂണിറ്റ് അഗ്നിശമനസേനയും നാട്ടുകാരും ചേർന്നു തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശക്‌തമായ കാറ്റടിച്ചതു തീ ആളിപ്പടരാൻ കാരണമായി. രാത്രിയോടെ പാതയോരത്തെ തീ നിയന്ത്രണവിധേയമാക്കിയ അഗ്നിശമനസേന പിൻവാങ്ങി.


കടുത്ത വേനലിനെത്തുടർന്നു നാടുകാണി വനമേഖല ഉണങ്ങിക്കരിഞ്ഞ അവസ്‌ഥയിലാണ്. ഈ ഭാഗത്തു ഫയർ ലൈൻ നിർമിക്കാത്തതാണ് തീ പടരാനിടയാക്കിയതെന്ന് ആരോപണമുണ്ട്. ഒരാഴ്ച മുമ്പ് ഒന്നാം വളവിനു സമീപത്തു കാട്ടുതീ പടർന്നിരുന്നു. ചുരം പാതയിലെത്തുന്ന സന്ദർശകരെ നിരീക്ഷിക്കാനുള്ള സംവിധാനവും വനംവകുപ്പിനില്ല. മുന്നറിയിപ്പു ബോർഡുകളോ മറ്റും സംവിധാനങ്ങളോ അധികൃതർ സ്വീകരിച്ചിട്ടില്ല. അന്തർസംസ്‌ഥാന പാതയായതിനാൽ നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.