ചരിത്രമഹിമയോടെ ഇടപ്പള്ളി തീർഥാടനകേന്ദ്രം
ചരിത്രമഹിമയോടെ ഇടപ്പള്ളി തീർഥാടനകേന്ദ്രം
Friday, April 29, 2016 1:26 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: വിശ്വാസപൈതൃകത്തിന്റെ നിറവും സുഗന്ധവുമാണ് ഈ മണ്ണിന്റെ നന്മ. തീക്ഷ്ണമായ വിശ്വാസചൈതന്യം ഹൃദയത്തിലേറ്റി ഇവിടെയെത്തുന്നവർ ദൈവാനുഭവത്തിന്റെ പുണ്യവുമായി മടങ്ങുന്ന വിശുദ്ധമായ കാഴ്ചകൾക്കു നൂറ്റാണ്ടുകളുടെ തുടർച്ചയുണ്ട്. ചരിത്രവും വിശ്വാസസാക്ഷ്യവും ഇഴചേർന്ന ഇടപ്പള്ളി പള്ളി മലയാളക്കരയുടെയാകെ മഹിമ.

പതിന്നാലു നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് ഇടപ്പള്ളി സെന്റ് ജോർജ് പള്ളിക്ക്. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ സ്‌ഥാപിതമായ പള്ളിയിലെ ആചാരങ്ങളും നേർച്ചകളും കാഴ്ചകളുമെല്ലാം ഓർമിപ്പിക്കുന്നതു പഴമയുടെ പെരുമതന്നെ. മാർത്തോമാശ്ലീഹാ സ്‌ഥാപിച്ച ഏഴു പള്ളികൾ കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പ്രാചീനവും പ്രാധാന്യവുമുള്ള പള്ളികളിൽ ഇടപ്പള്ളി മുൻനിരയിലാണ്. ഭാരതത്തിലെ ക്രൈസ്തവ സഭാചരിത്രവുമായി ബന്ധപ്പെട്ട പല സംഭവങ്ങൾക്കും ഇടപ്പള്ളി പള്ളി സാക്ഷ്യം വഹിച്ചിട്ടുണ്ട്. പള്ളി സ്‌ഥാപിക്കുന്നതിനു മുമ്പ് ഇവിടെയുള്ള ക്രൈസ്തവർ വിശ്വാസ ആവശ്യങ്ങൾ നിർവഹിച്ചിരുന്നത് പറവൂർ കോട്ടയ്ക്കാവ് പള്ളിയിലായിരുന്നു.

വിശുദ്ധ ഗീവർഗീസ് രക്‌തസാക്ഷിയായി 300 വർഷങ്ങൾക്കുശേഷം എഡി 593ലാണ് ഇടപ്പള്ളിയിൽ ആദ്യത്തെ പള്ളി സ്‌ഥാപിക്കുന്നത്. ഇളങ്ങള്ളൂർ സ്വരൂപം ക്രൈസ്തവരുടെ ആരാധനാ കർമങ്ങൾ നിർവഹിക്കുന്നതിനു ദാനമായി നൽകിയ സ്‌ഥലത്താണ് ആദ്യ പള്ളി നിർമിച്ചത്. വിശുദ്ധന്റെ തിരുസ്വരൂപവുമായി തിരുനാൾ പ്രദക്ഷിണം നടത്തുന്നതിനുള്ള സ്‌ഥലവും ഇത്തരത്തിലാണു ലഭിച്ചത്. 1080ലാണു കിഴക്കോട്ടു ദർശനവുമായി പള്ളി സ്‌ഥാപിച്ചത്. കൂടുതൽ വിശാലമായ സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ വലിയ പള്ളി കഴിഞ്ഞ വർഷം ആശീർവദിച്ച് വിശ്വാസികൾക്കായി തുറന്നുൽകി.

സർപ്പശല്യത്തിൽനിന്നും മാറാരോഗങ്ങളിൽനിന്നുമുള്ള സംരക്ഷകനായി ഇടപ്പള്ളി പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായെ വിശ്വാസികൾ കരുതുന്നു. ഇതിനോടു ബന്ധപ്പെടുത്തിയാണ് കോഴിനേർച്ച എന്ന ആചാരം. തങ്ങളെ സംരക്ഷിക്കുന്ന വിശുദ്ധനുള്ള കാണിക്കയാണ് പള്ളിയിൽ സമർപ്പിക്കുന്ന കോഴി. നേർച്ചയായി എത്തുന്ന കോഴികളെ ലേലം ചെയ്തു വിശ്വാസികൾക്കു നൽകുന്നു. സ്വർണത്തിലും വെള്ളിയിലും തീർത്ത രൂപങ്ങൾ, മുട്ട എന്നിവയും നേർച്ചയായി സമർപ്പിക്കപ്പെടുന്നുണ്ട്.


ദേവാലയത്തിന്റെ വടക്കേ മുറ്റത്തുള്ള കിണറിലെ വെള്ളം രോഗശാന്തി നൽകുമെന്നതും ഇടപ്പള്ളി പള്ളിയുടെ വിശ്വാസപൈതൃകത്തിന്റെ ഭാഗമായുണ്ട്. കിണറിൽനിന്നു വെള്ളം കോരി തല കഴുകുന്നവരും കുട്ടികളെ കുളിപ്പിക്കുന്നവരും നിരവധിയാണ്. കിണറിലെ തീർഥജലം ശേഖരിച്ചു വീടുകളിൽ സൂക്ഷിക്കുന്നവരുമുണ്ട്.

തിരുനാളിനോടനുബന്ധിച്ചു വിശുദ്ധ ഗീവർഗീസിന്റെ തിരുസ്വരൂപം എഴുന്നള്ളിക്കുന്നതിനുമുണ്ട് തനത് സവിശേഷതകൾ. മേയ് ഒന്നിനാണ് പ്രസിദ്ധമായ രൂപം എഴുന്നള്ളിപ്പ്. തിരുവാഭരണങ്ങൾ അണിയിച്ച തിരുസ്വരൂപം ബൈബിൾ ചിത്രങ്ങൾ ആലേഖനം ചെയ്ത രഥത്തിലേറ്റിയാണ് എഴുന്നള്ളിക്കുന്നത്. വൻ ജനാവലിയും വാദ്യമേളങ്ങളും അകമ്പടിയാകും. മലരും പൊരിയും വെറ്റിലയും വിതറി നാനാജാതി മതസ്‌ഥരായ വിശ്വാസികൾ തിരുസ്വരൂപത്തെ വരവേൽക്കുന്നത് ഇടപ്പള്ളിയിലെ മാത്രം കാഴ്ച. തിരുസ്വരൂപം വഹിച്ചുള്ള പട്ടണപ്രദക്ഷിണം പ്രസിദ്ധമാണ്.

ദേശീയപാതയോടു ചേർന്നുള്ള പ്രസിദ്ധ തീർഥാടനകേന്ദ്രമെന്ന നിലയിൽ വാഹനയാത്രക്കാർ പള്ളിക്കു മുമ്പിൽ നിർത്തി വിശുദ്ധനെ വണങ്ങുന്നതു പതിവാണ്. പുതിയ വാഹനങ്ങൾ ആശീർവദിക്കാനായി ഇടപ്പള്ളി പള്ളിയിലെത്തിക്കുന്നവരിൽ ദൂരസ്‌ഥലങ്ങളിൽ നിന്നുള്ളവരുമുണ്ട്. മാസത്തിലെ ആദ്യവെള്ളിയാഴ്ചകളിൽ പള്ളിയിലെ ദിവ്യബലിയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടെ വിശ്വാസികളെത്തുന്നു.

മേയ് ഒന്നിനു വൈകുന്നേരം നാലരയ്ക്കു നടക്കുന്ന പ്രസിദ്ധമായ തിരുസ്വരൂപം എഴുന്നള്ളിക്കലിനും മൂന്ന്, നാല് തിയതികളിലെ പ്രധാന തിരുനാൾ ആഘോഷങ്ങൾക്കും ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. കുര്യാക്കോസ് ഇരവിമംഗലം, ട്രസ്റ്റിമാരായ സാജു തായങ്കരി, തമ്പി നേരേവീട്ടിൽ, പ്രസുദേന്തി ജോസഫ് ബാബു പള്ളിപ്പാടൻ എന്നിവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.