നടുത്തളത്തില്‍ സമാന്തര സഭ ചേര്‍ന്നു പ്രതിപക്ഷ പ്രതിഷേധം
നടുത്തളത്തില്‍ സമാന്തര സഭ ചേര്‍ന്നു പ്രതിപക്ഷ പ്രതിഷേധം
Thursday, February 11, 2016 12:46 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോടതിയുടെ പരിഗണനയിലുള്ള ബാര്‍ കോഴ വിഷയത്തില്‍ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് സ്പീക്കര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു നടപടികള്‍ വേഗത്തിലാക്കി നിയമസഭ പിരിഞ്ഞു. അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ എന്ത് അര്‍ഥമെന്നു ചോദിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി കുത്തിയിരുന്നതോടെയാണു സഭാ നടപടികള്‍ അലങ്കോലപ്പെട്ടത്.

അഴിമതി മന്ത്രിമാരും മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്നെഴുതിയ ബാനറുമായി ഭരണപക്ഷ ബെഞ്ചിനു മുന്നിലൂടെ സ്പീക്കറുടെ ഡയസിനു മുന്നിലുള്ള ജീവനക്കാരെ വലംവച്ചു പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിപക്ഷം സമാന്തര നിയമസഭ ചേര്‍ന്ന് അടിയന്തര പ്രമേയ നോട്ടീസ് വി.എസ്. സുനില്‍കുമാര്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശ്രദ്ധക്ഷണിക്കലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തിയുള്ള കെ. മുരളീധരന്റെ പ്രമേയവും അവതരിപ്പിച്ചു നിയമസഭാ നടപടികള്‍ 45 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി പിരിയുകയായിരുന്നു.

ചോദ്യോത്തരത്തിനുശേഷം ശൂന്യവേള ആരംഭിച്ചയുടന്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. കോടതിയില്‍ വിചാരണയില്‍ ഇരിക്കുന്ന വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ നടപടിക്രമവും ചട്ടവും അനുസരിച്ച് അനുവദിക്കാനാകാത്ത സാഹചര്യത്തില്‍ നോട്ടീസ് തള്ളുകയാണെന്നും അടുത്ത നടപടി ക്രമങ്ങളിലേക്കു കടക്കുകയാണെന്നും സ്പീക്കര്‍ അറിയിച്ചു. വിഷയം എന്തെന്നോ നോട്ടീസ് നല്‍കിയത് ആരാണെന്നോ വ്യക്തമാക്കാതെയായിരുന്നു സ്പീക്കറുടെ വിശദീകരണം.

ഇതോടെ ബഹളവുമായി എഴുന്നേറ്റ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കി. ഇതിനിടയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനു പ്രസംഗിക്കാന്‍ മൈക്ക് കൊടുക്കണമെന്ന ആവശ്യമുയര്‍ന്നു. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ നിന്നു മാറി സീറ്റുകളില്‍ ഇരുന്നാല്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇതു ചെവിക്കൊള്ളാതെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നു.


കഴിഞ്ഞദിവസം തനിക്കു പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്ന സി. ദിവാകരന്റെ പരാതിയെ തുടര്‍ന്ന് അദ്ദേഹത്തിന് അവസരം നല്‍കി. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെങ്കില്‍ പോലും അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതില്‍ തടസമില്ലെന്നും ചര്‍ച്ചയ്ക്കെടുക്കുന്നതില്‍ മാത്രമാണു ചട്ടം തടസമാകുന്നതെന്നും സി. ദിവാകരന്‍ പറഞ്ഞു. എന്നാല്‍, കോടതിയുടെ പരിഗണനയിലുള്ള വിഷയം പരിഗണിക്കാന്‍ പോലും സ്പീക്കര്‍ക്കു കഴിയില്ലെന്നു ശക്തന്‍ ഉറപ്പിച്ചുപറഞ്ഞതോടെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എഴുന്നേറ്റ് അടിയന്തര പ്രമേയത്തിന് അനുമതി ഇല്ലെങ്കില്‍ സഭ നടത്തിക്കൊണ്ടു മുന്നോട്ടുപോകുന്നതില്‍ എന്തര്‍ഥമെന്നു ചോദിച്ചു.

പ്രതിപക്ഷ മുദ്രാവാക്യം ഉച്ചത്തിലായി. അടുത്ത നടപടിയിലേക്കു സ്പീക്കറും കടന്നു. ഇതോടെ ഒരു ശ്രദ്ധ ക്ഷണിക്കലും കെ. മുരളീധരന്റെ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയവും പൂര്‍ത്തിയാക്കി 10.15നു സഭ പിരിയുകയായിരുന്നു.

മന്ത്രി കെ. ബാബുവിനെതിരേയുള്ള ബാര്‍ കോഴ ആരോപണ കേസില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അനുകൂല ത്വരിത പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുവെന്നായിരുന്നു വി.എസ്. സുനില്‍കുമാര്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിലുള്ളതെന്നു സ്പീക്കറുടെ ഓഫീസ് അറിയിച്ചു. മന്ത്രിയുടെ ഫോണ്‍ സംഭാഷണവും സ്വത്തു വിവരവും അന്വേഷിക്കാതെ റിപ്പോര്‍ട്ട് നല്‍കിയതു സര്‍ക്കാരിന്റെ ഭീഷണി മൂലമാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.