വിമോചനയാത്ര സമാപനം ഇന്നു തിരുവനന്തപുരത്ത്
വിമോചനയാത്ര സമാപനം ഇന്നു തിരുവനന്തപുരത്ത്
Thursday, February 11, 2016 1:00 AM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്ക്ക് ഇന്നു തിരുവനന്തപുരത്തു സമാപനം. പൂജപ്പുര മൈതാനിയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര തമ്പാനൂര്‍, കരമന വഴി പൂജപ്പുരയിലെത്തും. വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ വേദിയില്‍ സ്വീകരണം നല്‍കും. പ്രമുഖ വ്യക്തികള്‍ക്ക് അംഗത്വം വിതരണം ചെയ്യും. കണ്ണൂര്‍ അമ്പലക്കുഴി കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സ്വരൂപിച്ച ധനസഹായം സമ്മേളനത്തില്‍ കൈമാറും. യാത്രയിലെ പ്രധാന മുഹൂര്‍ത്തങ്ങളും സേവന പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ച വീഡിയോ പ്രദര്‍ശനവും ഉണ്ടാകും.


ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി എച്ച്.രാജ, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, യാത്രയിലെ സ്ഥിരാംഗങ്ങളായ പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍ മാസ്റര്‍, കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, കോ-ഓര്‍ഡിനേറ്റര്‍ എം.ടി. രമേശ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജനുവരി 20-ന് കാസര്‍ഗോഡ് ഉപ്പളയില്‍ നിന്നുമാണു വിമോചന യാത്ര ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.