മുസ്ലീം ലീഗിന്റെ കേരളയാത്ര ഇന്നു സമാപിക്കും
Thursday, February 11, 2016 1:00 AM IST
തിരുവനന്തപുരം: സൌഹൃദം, സമത്വം, സമന്വയം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലീം ലീഗിന്റെ കേരള യാത്ര ഇന്നു സമാപിക്കും.

വൈകുന്നേരം നാലിനു ശംഖുമുഖത്തു നടക്കുന്ന സമാപന സമ്മേളനം മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഹൈദരബാദ് സര്‍വകലാശാലയിലെ ദളിത് സമരത്തിന്റെ രക്തസാക്ഷി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും സഹോ ദരന്‍ രാജ വെമുല ചൈതന്യകുമാറും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


ജനാധിപത്യ- മതേതരത്വ മൂല്യങ്ങള്‍ക്ക് എതിരേ നടക്കുന്ന കടന്നാക്രമണങ്ങള്‍ ചെറുക്കുന്നതിനു ജനങ്ങളില്‍ ജാഗ്രത ഉണര്‍ത്തിയ യാത്രയ്ക്കു മികച്ച സ്വീകരണങ്ങളാണു ലഭിച്ചതെന്നു നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ വികസന സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ യാത്രയ്ക്കു കഴിഞ്ഞു.

തുടര്‍ഭരണം കേരളത്തിന്റെ ഭാവി ശോഭനമാക്കുമെന്ന ലീഗ് യാത്രയുടെ സന്ദേശം ജനം സ്വീകരിച്ചതായും നേതാക്കള്‍ അഭിപ്രായപ്പെട്ടു. മുസ്ലീംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.