അമല്‍ജ്യോതിയില്‍ ഓണ്‍ലൈന്‍ നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു
അമല്‍ജ്യോതിയില്‍ ഓണ്‍ലൈന്‍ നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു
Thursday, February 11, 2016 12:55 AM IST
കാഞ്ഞിരപ്പള്ളി: ഓണ്‍ലൈന്‍ നാഷണല്‍ കോണ്‍ഫറന്‍സ് 'നാകോര്‍ 16' (നാഷണല്‍ കോണ്‍ഫറന്‍സ് ഇന്‍ റിസര്‍ച്ച് ഇന്‍ എമര്‍ജിംഗ് ഏരിയാസ് 16) കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ സമാപിച്ചു. സൈബര്‍ സെക്യൂരിറ്റി മുഖ്യ പ്രമേയമാക്കി കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് വിഭാഗങ്ങള്‍ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എഡ്യുകേഷന്‍ കേരള സെക്ഷന്‍, ഫെഡറല്‍ ബാങ്ക് എന്നിവയുടെ സാമ്പത്തിക സാങ്കേതിക സഹകരണത്തോടെയാണു കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

എ വ്യൂ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു നടത്തിയ സമ്പൂര്‍ണ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധാവതരണം, പ്രബന്ധങ്ങളുടെ വിലയിരുത്തല്‍, അധ്യാപക വിദ്യാര്‍ഥി പങ്കാളിത്തം ഇവ മൂന്നും ഓണ്‍ലൈനിലായിരുന്നു സജ്ജമാക്കിയത്. കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ സഹായത്തോടെ ഐഐടി ബോംബെ വികസിപ്പിച്ച എവ്യൂ എന്ന ടൂള്‍ ഉപയോഗിച്ച് ലോകത്തില്‍ ഇദംപ്രഥമമായി നടത്തിയ ഈ കോണ്‍ഫറന്‍സില്‍ രാജ്യത്തെ 10 പ്രമുഖ സര്‍വകലാശാലകളും കോളജുകളും ഉള്‍പ്പെടെ 25ാളം സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഐഐഎസ്സിയിലെ പ്രഫസര്‍മാരായ ഡോ. റാം മോഹന്‍വാസു, ഡോ. ദേബാഷിഷ് റോയ്, ഐബിഎം ചീഫ് ആര്‍ക്കിടെക്റ്റ് ശ്രീകാന്ത്അയ്യര്‍, സൈബര്‍ സെക്യൂരിറ്റി വിദഗ്ധരായ ഡോ. വിനോദ് പി. ഭട്ടതിരിപ്പാട്, ടി.എസ്. അരുണ്‍, സൈബര്‍ സെക്യൂരിറ്റി ഗവേഷകനും അമല്‍ജ്യോതിയിലെ നാലാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ ഫ്രാന്‍സിസ് അലക്സാണ്ടര്‍ എന്നിവരാണ് ക്ളാസുകള്‍ നയിച്ചത്.


കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സ്കൂള്‍ അധ്യാപകര്‍ക്കായി 'സൈബര്‍സെക്യൂരിറ്റി ആന്‍ഡ് ഓണ്‍ലൈന്‍ ചൈല്‍ഡ് സേഫ്റ്റി' എന്ന പരിശീലനപരിപാടിയും സംഘടിപ്പിച്ചു. കോളജ് മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസ് കണ്ണമ്പുഴ, പ്രഫ. മനോജ് ടി ജോയ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ വകുപ്പ് മേധാവി ഫാ. റൂബിന്‍ തോട്ടുപുറം, പ്രഫ. ശ്യാം ഗോപി, പ്രഫ. മാത്യു ജെ. ജോസഫ്, പ്രഫ. മെറിന്‍ മനോജ്, പ്രഫ. നിയാ ജോസഫ് എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.