സഹിഷ്ണുത വികസന സ്വപ്നങ്ങളുടെ അടിത്തറയാകണം: രാഹുല്‍ ഗാന്ധി
സഹിഷ്ണുത വികസന സ്വപ്നങ്ങളുടെ അടിത്തറയാകണം: രാഹുല്‍ ഗാന്ധി
Thursday, February 11, 2016 12:55 AM IST
കൊച്ചി: സ്വതന്ത്ര ചിന്തയുടെ പ്രോത്സാഹനവും സഹിഷ്ണുതയുമാണു രാഷ്ട്രത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് അടിത്തറയാകേണ്ടതെന്ന് എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഡിജിറ്റല്‍, സ്റാര്‍ട്ടപ്പ് ഇന്ത്യയെകുറിച്ച് ഒരു വശത്ത് ഉദ്ഘോഷിക്കുകയും മറുവശത്തു വിഭിന്നങ്ങളായ ആശയങ്ങളോട് അസഹിഷ്ണുത വച്ചുപുലര്‍ത്തുകയും ചെയ്യുന്നത് അഭികാമ്യമല്ലെന്നും കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ ടെക്നോളജി ഇന്നവേഷന്‍ സോണില്‍ സ്റാര്‍ട്ടപ്പ് സംരംഭകരുമായി സംവദിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു.

വിദ്യാര്‍ഥികളിലും യുവാക്കളിലും ആശയങ്ങളുടെ സ്വതന്ത്ര പ്രകാശനം അനുവദിക്കുന്നതിലൂടെ മാത്രമേ നൂതനമായ ആവിഷ്കാരങ്ങളുണ്ടാകൂ. സ്റാര്‍ട്ടപ്പ് പോലുള്ള സംരംഭങ്ങളുടെ ആത്മാവ് ഇത്തരം ആത്മപ്രകാശനത്തിലാണ് ഉള്‍ക്കൊള്ളുന്നത്. അക്രമവും കൊലപാതകവും നമുക്ക് അനുവദിക്കാനാകില്ല. വിശാലമായ മനഃസ്ഥിതി വച്ചുപുലര്‍ത്താനും സ്വതന്ത്രമായി ചിന്തിക്കാനും യുവാക്കള്‍ക്കു കഴിയണം. ഇതിനു കഴിയാതെ വരുമ്പോഴാണു ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയും പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടിലെ സമരവും പോലുള്ള സംഭവങ്ങള്‍ രാജ്യത്തുണ്ടാകുന്നത്.


ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഘടനാപരമായ വൈജാത്യങ്ങള്‍ സ്റാര്‍ട്ടപ്പുകള്‍ പോലുള്ള നൂതന സംരംഭങ്ങളെ ബാധിക്കുന്നുണ്േടാ എന്നു വിലയിരുത്തണം. വലിപ്പച്ചെറുപ്പങ്ങളില്ലാത്ത തിരശ്ചീന ഘടനയിലുള്ള സ്ഥാപനങ്ങളാണ് ഇന്നു ലോകത്തു മുന്‍നിരയില്‍ നില്‍ക്കുന്നത്. മാറി ചിന്തിക്കാന്‍ യുവസമൂഹത്തിനു കഴിഞ്ഞാല്‍ വലിയ മാറ്റങ്ങള്‍ ഈ മേഖലയിലുണ്ടാകും. സമൂഹത്തിലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മുകുള്‍ വാസ്നിക്, കളമശേരി നഗരസഭ മുന്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, വ്യവസായ-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കേരള സ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ജയശങ്കര്‍ പ്രസാദ്, സ്റാര്‍ട്ടപ്പ് വില്ലേജ് സിഇഒ പ്രണവ്കുമാര്‍ സുരേഷ് തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.