അടിയന്തരപ്രമേയമില്ലാതെ പിന്നെ എന്തു നിയമസഭ?
അടിയന്തരപ്രമേയമില്ലാതെ പിന്നെ എന്തു നിയമസഭ?
Thursday, February 11, 2016 12:54 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ഒരു അടിയന്തരപ്രമേയമെങ്കിലുമില്ലെങ്കില്‍ പിന്നെ എന്തു നിയമസഭ? അങ്ങനെ സഭ നടക്കേണ്െടന്നു പ്രതിപക്ഷം തീരുമാനിച്ചപ്പോള്‍ നന്ദിപ്രമേയ ചര്‍ച്ചയുടെ രണ്ടാം ദിവസവും സഭ സ്തംഭിച്ചു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ച പാടില്ലെന്നാണു നിയമസഭയുടെ ചട്ടം. പ്രത്യേക താല്‍പര്യമെടുത്തു സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് കഴിഞ്ഞ ദിവസം സോളാര്‍ വിഷയത്തില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അനുമതി നല്‍കി. അതിന്റെ പേരില്‍ മന്ത്രിമാരുള്‍പ്പെടെ ഭരണപക്ഷം സ്പീക്കറോട് അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. ഇനി വിവേചനാധികാരം ഉപയോഗിക്കാനില്ലെന്നു പറഞ്ഞു സ്പീക്കര്‍ തുടക്കത്തിലേ നയം വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കറോട് ഒന്നു തര്‍ക്കിച്ചുനോക്കി. നോട്ടീസ് അവതരിപ്പിച്ചു കഴിയുമ്പോഴല്ലേ കാര്യം അറിയാന്‍ പറ്റൂ. അതുകഴിഞ്ഞ് അവതരണാനുമതി വേണോ എന്നു തീരുമാനിക്കാമല്ലോ. എന്നാല്‍, ശക്തന്‍ വഴങ്ങിയില്ല. പ്രമേയം അവതരിപ്പിക്കുന്നതിനാണു ചട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാര്‍ കോഴയായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ വിഷയം.

സ്പീക്കര്‍ അടുത്ത നടപടിയിലേക്കു കടന്നതോടെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എഴുന്നേറ്റു. അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കില്ലെങ്കില്‍ സഭ നടത്തിക്കൊണ്ടുപോകുന്നതില്‍ അര്‍ഥമില്ലെന്ന് അദ്ദേഹം പറഞ്ഞതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലേക്കു പാഞ്ഞു. പിന്നെ മുദ്രാവാക്യം വിളി തുടങ്ങി.

ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ച ശേഷം നന്ദിപ്രമേയ ചര്‍ച്ചയിലേക്കു സ്പീക്കര്‍ കടന്നു. പ്രമേയം അവതരിപ്പിച്ച കെ. മുരളീധരന്‍ പ്രസംഗിച്ചു തുടങ്ങി. പ്രതിപക്ഷത്തെ കടന്നാക്രമിച്ചു മുരളീധരന്‍ മുന്നേറിയതോടെ അവര്‍ അസ്വസ്ഥരായി. മുദ്രാവാക്യം വിളി കടുപ്പിച്ചു, ബാനറും പിടിച്ച് നടുത്തളത്തിലെ ഡസ്കിനു ചുറ്റും പല തവണ വലംവച്ചു. കൂക്കുവിളിയും പ്രസംഗങ്ങളുമെല്ലാം അരങ്ങേറി. പ്രതിപക്ഷത്തിന്റെ കൂക്കുവിളി ഓരിയിടീലിലേക്കു കടന്നപ്പോള്‍ മുരളീധരന്‍ പ്രതികരിച്ചു: ഈ നിലയില്‍ മുന്നോട്ടു പോയാല്‍ നിങ്ങള്‍ അടുത്ത അഞ്ചുവര്‍ഷവും കൂക്കി വിളിച്ച് ഇവിടെ നില്‍ക്കേണ്ടിവരും.

പ്രതിപക്ഷ ബഹളം കൂട്ടാക്കാതെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണി പ്രസംഗിച്ച മുരളീധരന്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതില്‍ പിശുക്കു കാട്ടിയില്ല. ഒരു ഭരണപക്ഷാംഗത്തിനു മൂത്രശങ്ക വന്നാല്‍ താഴെ വീഴുന്ന സര്‍ക്കാര്‍ എന്നു പ്രതിപക്ഷം പരിഹസിച്ച സര്‍ക്കാരായിരുന്നു ഇത്. പലര്‍ക്കും പലപ്പോഴും മൂത്രശങ്ക വന്നു. പക്ഷേ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുകയാണ്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതെല്ലാം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കി.

ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഉജ്വലവിജയം നേടിയ യുഡിഎഫിന് അമിതആത്മവിശ്വാസം മൂലം തദ്ദേശ തെരഞ്ഞെടുപ്പില്‍ കാലിടറിയെന്നു മുരളീധരന്‍ സമ്മതിച്ചു. ആ പരാജയം അംഗീകരിച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ തങ്ങള്‍ നേരിടും. ഒരു രൂപ അരി മുതല്‍ കാരുണ്യ, ജനസമ്പര്‍ക്കം തുടങ്ങിയ ജനപ്രിയ പരിപാടികളും വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം വരെയുള്ള നേട്ടങ്ങളുടെ പട്ടിക മുരളീധരന്‍ നിരത്തി.


നിങ്ങളുടെ കാലത്തും ലോട്ടറിയുണ്ടായിരുന്നു. അന്നു പക്ഷേ ലോട്ടറി എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും സാന്റിയാഗോ മാര്‍ട്ടിനെ മാത്രമേ ഓര്‍മ വരുമായിരുന്നുള്ളു. ചര്‍ച്ചകളില്‍ പങ്കെടുത്ത് എല്ലാം പറയാനുള്ള അവസരമുണ്ടായിരുന്നിട്ടും എന്തേ പ്രതിപക്ഷം ഒളിച്ചോടിയെന്നു മുരളീധരന്‍ ചോദിച്ചു. നിങ്ങള്‍ക്കു ഭയമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇരിക്കുന്ന സീറ്റിനെതിരെ ഇരിക്കാന്‍ താന്‍ ലജ്ജിക്കുന്നു എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയില്‍ കയറിപ്പിടിച്ച മുരളീധരന്‍, പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ മുമ്പു പല മഹാരഥന്മാരും ഇരുന്നതാണെന്ന് ഓര്‍മിപ്പിച്ചു. അവരെല്ലാം മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ കുടുംബാംഗങ്ങളെ വ്യക്തിപരമായി പരിഹസിക്കുന്ന നിലപാടു സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പത്നിയെ വരെ വി.എസ്. വിമര്‍ശിക്കുന്നു: മുരളീധരന്‍ ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയും മുരളീധരന്‍ ആഞ്ഞടിച്ചു. ടി.പി. ശ്രീനിവാസനെ തെരുവിലിട്ടുതല്ലി. ഈ നിയമസഭയിലെ ഒരു അംഗം കൊലപാതക കേസ് പ്രതിയാകാന്‍ പോകുന്നു. കൊലക്കേസ് പ്രതികളായ കാരായിമാരെ മറ്റു പാര്‍ട്ടിക്കാര്‍ക്കു വോട്ടു ചെയ്യാന്‍ പോലും അവസരം കൊടുക്കാത്ത ചില പോക്കറ്റുകളില്‍ മത്സരിപ്പിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുനിസിപ്പല്‍ ചെയര്‍മാനുമാക്കി. ഇപ്പോള്‍ കേള്‍ക്കുന്നു പി. ജയരാജനെ പയ്യന്നൂരില്‍ മത്സരിപ്പിക്കുമെന്ന്. എങ്കില്‍ പിന്നെ ടി.പി. ശ്രീനിവാസനെ തല്ലിയ ആള്‍ക്കും ഒരു സീറ്റ് കൊടുക്കരുതോ? മുരളീധരന്‍ ചോദിച്ചു.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണ ആയുധങ്ങളും മുരളീധരന്‍ പ്രഖ്യാപിച്ചു. വികസനം പറഞ്ഞുതന്നെ ഞങ്ങള്‍ വോട്ടു ചോദിക്കും. അക്രമരാഷ്ട്രീയത്തിനെതിരെയാണു ഞങ്ങള്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. ഭരണത്തുടര്‍ച്ചയ്ക്കു വേണ്ടി ഞങ്ങള്‍ ഒറ്റക്കെട്ടായി ജനങ്ങള്‍ക്കു മുമ്പിലേക്ക് എത്തും: മുരളീധരന്‍ നിലപാടു വ്യക്തമാക്കി.

പ്രതിപക്ഷം പ്രതിഷേധത്തില്‍ മുഴുകിനിന്നെങ്കിലും മുരളീധരന്‍ പറയാനുള്ളതെല്ലാം പറഞ്ഞാണ് അവസാനിപ്പിച്ചത്. പിന്നെ ഭരണപക്ഷത്തു നിന്നു മറ്റാരും പ്രസംഗിച്ചില്ല. അതുകൊണ്ടുതന്നെ നടപടികള്‍ അവസാനിപ്പിച്ചു സഭ നേരത്തെ പിരിഞ്ഞു.

മൂന്നു ദിവസത്തെ നന്ദിപ്രമേയ ചര്‍ച്ച രണ്ടു ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ആകെ പ്രസംഗിച്ചത് ഒരാള്‍. സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള ഒരു അവസരവും പാഴാക്കില്ലെന്നായിരുന്നു സഭ തുടങ്ങും മുമ്പേ പ്രതിപക്ഷത്തെ നേതാക്കള്‍ പറഞ്ഞിരുന്നത്. സര്‍ക്കാരിനെതിരായ ആയുധങ്ങള്‍ക്കു കുറവുമില്ലായിരുന്നു. എങ്കിലും രണ്ടു ദിവസവും സഭ അലങ്കോലപ്പെടുത്തിയ പ്രതിപക്ഷ തന്ത്രം വ്യക്തമല്ല. ഒരുപക്ഷേ കെ. മുരളീധരന്റെ പ്രസംഗത്തില്‍ അതിന്റെ കാരണവും കാണാനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.