ടോറസിനടിയില്‍പ്പെട്ടു സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
Thursday, February 11, 2016 12:53 AM IST
ചങ്ങനാശേരി: മണ്ണ് കയറ്റിവന്ന ടോറസ് ലോറിയുടെ ചക്രങ്ങള്‍ക്കടിയില്‍പ്പെട്ടു സഹകരണബാങ്ക് കളക്ഷന്‍ ഏജന്റ് അതിദാരുണമായി മരിച്ചു. തെങ്ങണയിലെ സഹകരണബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റ് ഫാത്തിമാപുരം തൂമ്പുങ്കല്‍ ടി.പി. തോമസ്(ടോമിച്ചന്‍-52)ആണു മരിച്ചത്. ഇന്നലെ രാവിലെ 11.45ന് ചങ്ങനാശേരി റെയില്‍വേ ബൈപാസ് ജംഗ്ഷനിലാണ് അപകടം. വാഴൂര്‍ റോഡില്‍നിന്നു ബൈപാസിന്റെ ളായിക്കാട് ഭാഗത്തേക്ക് ടോറസ് ലോറി തിരിയുമ്പോള്‍ ഇതേ ഭാഗത്തേക്കു തിരിഞ്ഞ തോമസിന്റെ സ്കൂട്ടറില്‍ ടോറസ് തട്ടുകയായിരുന്നു.

ലോറിയുടെ മുന്‍ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട സ്കൂട്ടറും പിന്‍ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട തോമസിനേയും ഏതാനും മീറ്ററോളം ദൂരത്തില്‍ റോഡിലൂടെ ലോറി വലിച്ചു കൊണ്ടുപോയി. പിന്നിലൂടെ വന്ന യാത്രക്കാര്‍ ബഹളംവച്ചതിനാല്‍ ഡ്രൈവര്‍ ലോറി നിര്‍ത്തി. ചക്രത്തിനടിയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന തോമസ് 15 മിനിറ്റോളം രക്തം വാര്‍ന്നൊഴുകി റോഡില്‍ കിടന്നു. നാട്ടുകാര്‍ ചേര്‍ന്നു ചക്രത്തിനടിയില്‍നിന്നു തോമസിനെ ഒരുവിധം പുറത്തെടുത്തു. അതുവഴിവന്ന പലരും തോമസിനെ ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ല. പിന്നീട് ഫോട്ടോഗ്രാഫര്‍ മുളകുപ്പാടം ടോമിച്ചന്‍ നാട്ടുകാരുടെ സഹായത്തോടെ തോമസിനെ തന്റെ കാറില്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തിച്ചു.


അടിയന്തര ശുശ്രൂഷകള്‍ നടത്തി തോമസിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. അപകടം നടന്ന വിവരം സംഭവസ്ഥലത്തു നിന്നു ആളുകള്‍ അറിയിച്ചെങ്കിലും പോലീസ് എത്താന്‍ വൈകിയെന്ന് പരാതിയുണ്ട്.

ചങ്ങനാശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. തോമസും കുടുംബവും ഇപ്പോള്‍ മടുക്കംമൂട്ടില്‍ വാടകവീട്ടിലാണു താമസം.

ദുബായില്‍ ജോലിയിലായിരുന്ന തോമസ് കഴിഞ്ഞ മൂന്നുവര്‍ഷം മുമ്പാണ് നാട്ടില്‍ തിരികെയെത്തിയത്. തുടര്‍ന്നാണ് സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റായി ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ ഉപ്പുകണ്ടം കല്ലുവേച്ചല്‍ കുടുംബാഗമായ ഷേര്‍ലി ഖത്തറില്‍ നഴ്സാണ്. ഷേര്‍ലി നാട്ടിലെത്തിയ ശേഷമേ തോമസിന്റെ സംസ്കാരം നടത്തുകയുള്ളുവെന്നു ബന്ധുക്കള്‍ പറഞ്ഞു. മക്കള്‍: അലീന (ഹൈദരാബാദില്‍ നഴ്സിംഗ് വിദ്യാര്‍ഥി), അലന്‍(പൂനയില്‍ ബിരുദ വിദ്യാര്‍ഥി), അലക്സി(ചങ്ങനാശേരി എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താംക്ളാസ് വിദ്യാര്‍ഥി).മരുമകന്‍: അഭിലാഷ്(നെടുംകണ്ടം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.