കോണ്‍ഗ്രസിനെ തോല്പിക്കണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ തന്നെ വിചാരിക്കണമെന്നു രാഹുല്‍
കോണ്‍ഗ്രസിനെ തോല്പിക്കണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ തന്നെ വിചാരിക്കണമെന്നു രാഹുല്‍
Thursday, February 11, 2016 12:32 AM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്പിക്കണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ തന്നെ വിചാരിക്കണമെന്നും സിപിഎം വിചാരിച്ചാല്‍ കോണ്‍ഗ്രസിനെ തോല്പിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ദിരാ ഭവനില്‍ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ പ്രസംഗിക്കവേയാണു കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെതിരേ ശക്തമായ പരാമര്‍ശം രാഹുല്‍ നടത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടണം. അടുത്ത രണ്ടു മാസം തെരഞ്ഞെടുപ്പിനായി മുതിര്‍ന്ന നേതാക്കള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമായിരിക്കണം നേതാക്കളുടെ മുന്നിലുള്ള അജന്‍ഡ. തെരഞ്ഞെടുപ്പിനുശേഷം നേതാക്കള്‍ തമ്മില്‍ വേണമെങ്കില്‍ ഏറ്റുമുട്ടിക്കോ. അപ്പോള്‍ എല്ലാവരുടെയും പരാതി കേള്‍ക്കാന്‍ താന്‍ എത്താമെന്നും രാഹുല്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ എല്ലാ മുതിര്‍ന്ന നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് രാഹുലിന്റെ ഈ പരാമര്‍ശം. ഭാരവാഹികള്‍ കൈയടിയോടെയാണു രാഹുലിന്റെ പ്രസംഗത്തെ സ്വീകരിച്ചത്.

കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിഭാഗീയത വര്‍ധിപ്പിക്കാനാണു ശ്രമിക്കുന്നത്. പലപല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ഓരോ മുദ്രാവാക്യങ്ങളില്‍നിന്നും അടുത്ത മുദ്രാവാക്യത്തിലേയ്ക്കു മാറുകയും ചെയ്യുന്ന രീതിയുമാണ് നരേന്ദ്ര മോദി നടത്തുന്നത്. നാഗാലാന്‍ഡിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങള്‍ ആയെന്നു പ്രധാനമന്ത്രി അറിയിച്ചു. എന്നാല്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഒന്നുമറിയാത്ത സ്ഥിതി. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിനും കൃത്യമായ ഒരു വിവരവുമില്ലായിരുന്നു. തീരുമാനമാകാത്ത കാര്യത്തെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്ന് ഒടുവില്‍ വ്യക്തമായി.


വിവരാവകാശനിയമം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ യുപിഎയുടെ പദ്ധതികള്‍ക്കു തടയിടാനാണു മോദി ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ ലക്ഷ്യം പാവപ്പെട്ടവരുടെ സുരക്ഷയാണ്. റബര്‍, ഏലം ഉള്‍പ്പെടെയുള്ളവയുടെ വിലയിടിവ് കേരളത്തിലേത് ഉള്‍പ്പെടെയുളള കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയതായും രാഹുല്‍ പറഞ്ഞു.

ചിഹ്നം മാത്രം നോക്കി വോട്ടു ചെയ്യുന്ന കാലം മാറിയെന്നും വിജയസാധ്യത ഉള്ള സ്ഥാനാര്‍ഥികളെ മത്സരത്തിനിറക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. നാടുമാറിക്കൊണ്ടിരിക്കയാണ്. വനിതകളുടേയും ചെറുപ്പക്കാരുടേയും നിലപാടുകളില്‍ മാറ്റം വന്നു. പാര്‍ട്ടികള്‍ ആരെ നിര്‍ത്തിയാലും വിജയിപ്പിക്കുന്ന കാലം മാറി. മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ വിജയിക്കാമെന്ന് അരുവിക്കരയിലെ വിജയം തെളിയിച്ചു.

യുഡിഎഫ് ഒറ്റക്കെട്ടായപ്പോള്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പം നിന്നുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. വികസനവും കരുതലുമെന്ന സര്‍ക്കാരിന്റെ മുദ്രാവാക്യത്തോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ സര്‍ക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, വയലാര്‍ രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.