നവകേരള മാര്‍ച്ച് സമാപനം ഞായറാഴ്ച ശംഖുമുഖത്ത്
Thursday, February 11, 2016 12:52 AM IST
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ച് ശനിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ പര്യടനം തുടങ്ങും. ജില്ലാഅതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമല യില്‍ വൈകുന്നേരം ആറോടെ ജാഥ എത്തിച്ചേരും. 14 ന് വൈകുന്നേരം ആറിന് ശംഖുമുഖത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലയില്‍നിന്നു മൂന്നു ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവര്‍ പ്രസംഗിക്കും.


നവകേരള മാര്‍ച്ച് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും നാളെ വിളംബര ഘോഷയാത്രകളും ശനിയാഴ്ച ലോക്കല്‍ കേന്ദ്രങ്ങളില്‍ ബൈക്ക് റാലികളും നടക്കും. നാളെ രാവിലെ പാര്‍ട്ടി സ്ക്വാഡുകള്‍ വീടു സന്ദര്‍ശനം നടത്തും.

സമാപന ദിനമായ ഞായറാഴ്ച രാവിലെ 8.30 ന് തൈക്കാട് ഗസ്റ് ഹൌസില്‍ വ്യത്യസ്ത മേഖലകളിലുള്ള ക്ഷണിക്കപ്പെട്ട വ്യക്തികളുമായി ജില്ലയിലെ വികസന പ്രശ്നങ്ങള്‍ പിണറായി വിജയന്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് 11 ന് പ്രസ്ക്ളബില്‍ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ പങ്കെടുക്കും. സമ്മേളനശേഷം ശംഖുമുഖം വൃത്തിയാക്കാന്‍ ആയിരത്തോളം വോളന്റിയര്‍മാര്‍ അണിനിരക്കും. ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.