കോട്ടയത്തു കേരളകോണ്‍ഗ്രസിന് അമിതമായി വിധേയപ്പെട്ടെന്നു പരാതി
Friday, November 27, 2015 12:32 AM IST
തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ യുഡിഎഫിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിന് വിധേയപ്പെട്ടതാണു ജില്ലയില്‍ കോണ്‍ഗ്രസിനു തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടമുണ്ടാകാന്‍ പ്രധാന കാരണമെന്നു കെപിസിസിക്കു മുന്നില്‍ ജില്ലാ നേതൃത്വത്തിന്റെ പരാതി. വിജയ സാധ്യതയുള്ള കൂടുതല്‍ സീറ്റുകളും കേരളാ കോണ്‍ഗ്രസിനു നല്കി. ഭൂരിപക്ഷസമുദായാംഗങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും അകന്നതും ചിലയിടങ്ങളില്‍ തോല്‍വിക്ക് കാരണമായി.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെപിസിസി നല്കിയ മാര്‍ഗനിര്‍ദേശം ജില്ലയില്‍ പല സ്ഥലങ്ങളിലും പാലിക്കപ്പെട്ടില്ല. പരമാവധി ഒന്‍പത് അംഗങ്ങള്‍ വരെയാണ് സ്ഥാനാര്‍ഥി നിര്‍ണയ ഉപസമിതിയില്‍ ഉണ്ടാകാവൂ എന്നതായിരുന്നു കെപിസിസിയുടെ നിര്‍ദേശം. എന്നാല്‍, ഗ്രൂപ്പുകള്‍ പിടിമുറുക്കിയതോടെ പല സ്ഥലളില്‍ 20-ല്‍ അധികം ആളുകള്‍ വരെ സ്ഥാനാര്‍ഥി നിര്‍ണയ ഉപസമിതിയില്‍ ഉള്‍പ്പെട്ടു. ഇതോടെ കൃത്യമായ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സാധ്യതയും ഇല്ലാതായി. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ കെപിസിസി ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

യുവാക്കള്‍ പാര്‍ട്ടിയിലേക്കു കടന്നുവരുന്നില്ലെന്ന ജി. രാമന്‍നായരുടെ അഭിപ്രായത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നു. പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വന്നാല്‍ അവരെ നേതാക്കള്‍ തന്നെയാണ് ചവിട്ടിത്താഴ്ത്തുന്നതെന്ന ആരോപണവും ചിലര്‍ ഉന്നയിച്ചു. കേരള കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മുന്നില്‍ മുട്ടുമടക്കുന്ന പാര്‍ട്ടിയായി പൊതുജനത്തിനു മുന്നില്‍ കോണ്‍ഗ്രസ് മാറിയെന്നും ഇതിനു മാറ്റമുണ്ടാകണമെന്നുമുള്ള അഭിപ്രായവും ഉയര്‍ന്നു.

ചങ്ങനാശേരിയില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് നേരേ നടത്തിയ അച്ചടക്ക നടപടി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണംചെയ്തുവെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഇടതുമുന്നണി 40 വര്‍ഷമായി ഭരിച്ച കുറിച്ചി പഞ്ചായത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിനു ഭരണം തിരിച്ചുപിടിക്കാന്‍ സാധിച്ചു. ചങ്ങനാശേരി നഗരസഭയിലും ഭരണം സ്വന്തമാക്കാന്‍ സാധിച്ചുവെന്നും ഡിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.


വെള്ളാപ്പള്ളിയോടു തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസിനെ ദോഷകരമായി ബാധിച്ചുവെന്ന് ആലപ്പുഴ ജില്ലയിലെ ഭാരവാഹികള്‍ അഭിപ്രായം. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ടുപോകുന്ന വെള്ളാപ്പള്ളിക്കെതിരേ ശക്തമായ പ്രചാരണം നടത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിനു വന്‍ നഷ്ടമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ കെപിസിസി ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് എം.എ. ഷുക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി രൂപീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കും. ഇതിനെതിരേ പാര്‍ട്ടിയുടെ ഭാഗത്തുനിന്നു ശക്തമായ പ്രതികരണം ഉണ്ടാവണം.

എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടായ കാലതാമസമാണു വിജയത്തെ പ്രതികൂലമായി ബാധിച്ചത്. ഭരണം സ്വന്തമാക്കിയിട്ടും കൊച്ചി കോര്‍പറേഷനില്‍ മേയറെ കണ്െടത്താനായുള്ള ചര്‍ച്ച മാധ്യമങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടതു മോശമായെന്ന നിലപാട് കെപിസിസി ജില്ലാ നേതാക്കളെ അറിയിച്ചു. കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണു കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.