ദുരന്തമുഖങ്ങളിലെ രക്ഷകന്‍ ഇനിയില്ല
ദുരന്തമുഖങ്ങളിലെ രക്ഷകന്‍ ഇനിയില്ല
Friday, November 27, 2015 12:22 AM IST
സ്വന്തം ലേഖകന്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിനു നഷ്ടമായതു ദുരന്തമുഖങ്ങളിലെ രക്ഷകനെ. സ്വന്തം ജീവന്‍ പോലും അവഗണിച്ച് ഏതു ദുരന്തത്തിലും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തുന്ന നൌഷാദ് എന്ന മുപ്പത്തിമൂന്നുകാരന്‍ ഇനി രക്ഷാപ്രവര്‍ത്തനത്തിന് എത്തില്ല. നഗരത്തെ നടുക്കിയ മാന്‍ഹോള്‍ ദുരന്തത്തില്‍ ഒരു പരിചയവുമില്ലാത്ത രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാനായി കൈനീട്ടിയ നൌഷാദ് മരണത്തിന്റെ ആഴങ്ങളിലേക്കു താഴ്ന്നിറങ്ങിയെങ്കിലും ജനഹൃദയങ്ങളില്‍ എന്നും ജ്വലിക്കുന്ന ഓര്‍മയാകും.

കഴിഞ്ഞ മാസം മാവൂര്‍ റോഡില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കത്തിയപ്പോള്‍ തീ അണയ്ക്കാന്‍ നൌഷാദ് മുന്നിലുണ്ടായിരുന്നു. നഗരം തരിച്ചുപോയ നിമിഷം നൌഷാദിന്റെ നേതൃത്വത്തിലായിരുന്നു അന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.

കെഎല്‍ 11 എഎസ് 6693- അല്‍മദീന എന്ന ഓട്ടോ ഓടിച്ച്, സ്ഥിരമായി എത്താറുള്ള കോയാക്കയുടെ ചായക്കടയില്‍ ചായ ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോഴാണു നൌഷാദ് ആ കാഴ്ച കണ്ടത്. ചായയ്ക്കു കാത്തു നില്‍ക്കാതെ പേഴ്സും ലൈസന്‍സും ഓട്ടോയില്‍ വച്ചു തൊഴിലാളികളെ രക്ഷിക്കാനായി തന്റെ ജീവിതത്തിലെ അവസാനത്തെ ഓട്ടം ഓടുകയായിരുന്നു നൌഷാദ്. മാന്‍ഹോളില്‍ ഓക്സിജന്‍ ഇല്ലെന്നും ഇറങ്ങരുതെന്നും സമീപത്തുള്ളവര്‍ നൌഷാദിനോടു പറഞ്ഞിരുന്നു. എന്നാല്‍, ജീവനു വേണ്ടി പിടയുന്ന തൊഴിലാളിയുടെ ദയനീയ കരച്ചില്‍ കണ്ടില്ലെന്നു വയ്ക്കാന്‍ നൌഷാദിനായില്ല. ജാതിയോ മതമോ ഭാഷയോ അന്വേഷിക്കാതെ മനുഷ്യജീവന്‍ മാത്രമാണ് വലുതെന്നു വിശ്വസിച്ച നൌഷാദിനോടുള്ള ആദരം ഇന്നലെ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. പിതാവ് പി. സിദ്ദിഖ് വിദേശത്താണ്. അമ്മ: അസ്മബി. സഫീനയാണ് ഭാര്യ. സഹോദരി ഷബ്ന. വിദേശത്തുള്ള പിതാവ് എത്തിയതിനുശേഷം ഇന്നു രാവിലെ 10ന് കക്കോടി ജുമാ മസ്ജിദില്‍ കബറടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.