മേജര്‍ ക്ഷേത്രങ്ങളില്‍ ഭിക്ഷാടനവും ലോട്ടറി ടിക്കറ്റ് വില്‍പ്പനയും നിരോധിച്ചു
Friday, November 27, 2015 12:35 AM IST
കൊച്ചി: ശബരിമലയടക്കം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും കൊച്ചി ദേവസ്വം ബോര്‍ഡിന്റെയും കീഴിലുള്ള മേജര്‍ ക്ഷേത്രങ്ങളില്‍ ഭിക്ഷാടനവും ലോട്ടറി ടിക്കറ്റ് വില്‍പ്പനയും നിരോധിച്ചു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. യാചകരെയും ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരെയും കൊണ്ട് ഭക്തജനങ്ങള്‍ക്ക് അസൌകര്യങ്ങള്‍ നേരിട്ടിരുന്നുവെന്ന പരാതികള്‍ കണക്കിലെടുത്താണ് ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സംഘടിതമായ യാചകവൃത്തിയാണു ക്ഷേത്രമതിലുകള്‍ക്കുള്ളിലും ക്ഷേത്രപരിസരത്തും നടക്കുന്നത്. മനുഷ്യക്കടത്തുവരെ അതിനിടയില്‍ നടക്കുന്നുണ്ടാവാം. ഇതു തുടര്‍ന്നാല്‍ പൊതുജീവിതക്രമം, ആരോഗ്യം എന്നിവയ്ക്കു ഹാനികരമാകും. എറണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ സമാന സംഭവം അടുത്തിടെയുണ്ടായി. ക്ഷേത്രങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു.

പ്രധാന ക്ഷേത്രങ്ങളില്‍ ദിവസേന നടക്കുന്ന അന്നദാനത്തിനുള്ള ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കും യാചകര്‍ ശല്യമുണ്ടാക്കുകയാണ്. ലോട്ടറി വില്‍പ്പനയും ക്ഷേത്രത്തിലെത്തുന്ന ഭക്തരെ അലോസരപ്പെടുത്തുന്നു. കോടതിയുടെ നിരോധന ഉത്തരവ് തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ ക്ഷേത്രങ്ങളില്‍ കര്‍ശനമായി നടപ്പാക്കുന്നുണ്െടന്നു ജില്ലാ ഭരണകൂടവും റവന്യു ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ്, ജില്ലാ കളക്ടര്‍, ആര്‍ഡിഒ, തഹസില്‍ ദാര്‍ എന്നിവര്‍ മേജര്‍ ക്ഷേത്രങ്ങളിലും ശബരിമലയിലും പമ്പയിലും ഇടത്താവളങ്ങളായി അംഗീകരിച്ചിട്ടുള്ള ക്ഷേത്രങ്ങളിലും ഭിക്ഷാടനം തടയുന്നതിനു കര്‍ശന നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.


പമ്പ മലിനീകരണത്തില്‍ കോടതി ഉത്കണ്ഠ രേഖപ്പെടുത്തി. ശബരിമലയിലെ ജലസ്രോതസുകള്‍ക്കു സമീപം മനുഷ്യവിസര്‍ജ്യം കണ്ടത് ആശങ്കാജനകമാണ്. കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നു പമ്പ മലിനമാക്കുന്നതില്‍നിന്ന് 70 ശതമാനം വരെ തടയാനായിട്ടുണ്െടന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദര്‍ശനം കഴിഞ്ഞു പമ്പയിലെത്തുന്ന ഭക്തര്‍ വസ്ത്രങ്ങള്‍ പമ്പാനദിയിലേക്കു വലിച്ചെറിയുന്നതും ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ചു പരമാവധി പ്രവര്‍ത്തനങ്ങളാണ് ബോര്‍ഡ് നടത്തുന്നത്. 30 പോലീസുകാരെക്കൂടി ഡ്യൂട്ടിക്കു നിയോഗിച്ചാല്‍ വസ്ത്രം എറിയുന്നതു പൂര്‍ണമായും നിര്‍ത്താനാവും. പമ്പ മലിനമാക്കരുതെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്െടങ്കിലും ഇരുമുടിക്കെട്ടുമായി കാനനപാത ചവിട്ടുന്ന അയ്യപ്പന്മാര്‍ക്ക് ഇതു കാണാനാവുന്നില്ല. ഈ സാഹചര്യത്തില്‍ കോടതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്യണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തുവെന്നു ദേവസ്വം ബോര്‍ഡ് അറിയിക്കണം. സ്ഥിരം ജീവനക്കാര്‍ കുറവായ സാഹചര്യത്തില്‍ താത്കാലിക ജീവനക്കാരെ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചു മലിനീകരണ നിയന്ത്രണ ബോര്‍ഡ് രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.