സിമി ക്യാമ്പ് കേസില്‍ അഞ്ചു പേര്‍ കുറ്റക്കാര്‍
സിമി ക്യാമ്പ് കേസില്‍ അഞ്ചു പേര്‍ കുറ്റക്കാര്‍
Thursday, November 26, 2015 12:18 AM IST
കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ ആദ്യ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി. കേസിലെ ഒന്നാം പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഷാദുലി, രണ്ടാം പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ പാറയ് ക്കല്‍ വീട്ടില്‍ അബ്ദുല്‍ റാസിക്, മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദവി, നാലാം പ്രതി പാനായിക്കു ളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദീന്‍, അഞ്ചാം പ്രതി ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് എന്നിവരെയാണു പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ കുറ്റക്കാരനായി കണ്െട ത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ഇന്നു വൈകുന്നേരം മൂന്നിനു പ്രഖ്യാപിക്കും.

വിചാരണ നേരിട്ട മറ്റു 11 പ്രതികളെ തെളിവില്ലാത്തതിനാല്‍ വെറുതേവിട്ടു. തൃശൂര്‍ എറിയാട് കറുകപ്പാടത്ത് പുത്തന്‍വീട്ടില്‍ ഷമീര്‍, തൃശൂര്‍ എറിയാട് കടകത്തകത്ത് വീട്ടില്‍ അബ്ദുല്‍ ഹക്കീം, ഇടുക്കി മുരിക്കുംതൊട്ടി നിസാര്‍, കോതമംഗലം ഉള്ളിയാട്ടു വീട്ടില്‍ മുഹിയുദ്ദീന്‍ കുട്ടി, കരുമാലൂര്‍ കാട്ടിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, തൃശൂര്‍ എറിയാട് ഇല്ലംതുരുത്തി വീട്ടില്‍ അഷ്കര്‍, എറിയാട് എട്ടുതെങ്ങുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, പാനായിക്കുളം മടത്തില്‍ വീട്ടില്‍ ഹാഷിം, തൃക്കാരിയൂര്‍ ചിറ്റേത്തുകുടിയില്‍ വീട്ടില്‍ റിയാസ്, മുടിക്കല്‍ കൊല്ലംകുടിയില്‍ വീട്ടില്‍ മുഹമ്മദ് നൈസാം, ആലുവ കുഞ്ഞുണ്ണിക്കര വെട്ടുവേലില്‍ വീട്ടില്‍ നിസാര്‍ എന്നിവരെയാണു തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടത്.

13-ാം പ്രതി സാലിഹിനു സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കണ്െടത്തിയതിനാല്‍ ഇയാള്‍ക്കെതിരായ കേസ് നേരത്തേ കോട്ടയം ജുവനൈല്‍ കോടതിയിലേക്കു മാറ്റിയിരുന്നു. പ്രതികള്‍ക്കൊപ്പം പിടിയിലായ പാലക്കാട്ട് ഒറ്റപ്പാലം കരിങ്ങനാട് ബദരിയ മസ്ജിദിനു സമീപം വരമംഗലത്തു വീട്ടില്‍ റഷീദ് എന്ന റഷീദ് മൌലവിയെ എന്‍ഐഎയുടെ അന്വേഷണ കാലയളവില്‍ മാപ്പുസാക്ഷിയാക്കിയിരുന്നു. കുറ്റക്കാരായി കണ്െടത്തിയ പ്രതികള്‍ക്കെതിരേ യുഎപിഎ പ്രകാരവും ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 120 ബി പ്രകാരം ഗൂഢാലോചന കുറ്റവുമാണു തെളിഞ്ഞത്. എന്നാല്‍, അന്‍സാര്‍ നദ്വി, റാസിക് എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റവും തെളിഞ്ഞിട്ടുണ്ട്. ശിക്ഷ ഇന്നു പ്രഖ്യാപിച്ചശേ ഷം ശിക്ഷയില്‍ പ്രതികളു ടെ ഭാഗം കൂടി കേട്ടിട്ടാവും കോടതി തീരുമാനമെടുക്കുക.


2006 ഓഗസ്റ് 15ന് പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നിരോധിത സംഘടനയായ സിമിയുടെ യോഗം സംഘടിപ്പിച്ചുവെന്നതാണ് കേസ്. ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ ക്യാമ്പിനു നേതൃത്വം നല്‍കുകയും ആറു മുതല്‍ 17 വരെയുള്ള പ്രതികള്‍ സദസ്യരുമായി പരിപാടിയില്‍ പങ്കെടുത്തു സിമിയുടെ യോഗത്തിനു പിന്തുണ നല്‍കുകയും ചെയ്തെന്നായിരുന്നു ആരോപണം. സദസിലുണ്ടായിരുന്നവര്‍ എന്തെങ്കിലും തരത്തിലുള്ള കുറ്റം ചെയ്തതായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയാത്ത സാഹചര്യത്തിലാണ് ഇവരെ വെറുതേവിട്ടത്. ബിനാനിപുരം സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍. രാജേഷാണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് ആലുവ സിഐ ആയിരുന്ന കെ.ജി. ബാബുകുമാറും പിന്നീടു മലപ്പുറം ഡിവൈഎസ്പിയായിരുന്ന എസ്.ശശികുമാറും അന്വേഷണം നടത്തി. കേസില്‍ ആദ്യം അഞ്ചുപേരെ മാത്രം പ്രതികളാക്കുകയുംബാക്കിയുള്ളവരെ പിന്നീട് ഉള്‍പ്പെടുത്തുകയുമാണു ചെയ്തത്. സംസ്ഥാന ഏജന്‍സികളുടെ അന്വേഷണത്തിനു ശേഷമാണു കേസ് എന്‍ഐഎ ഏറ്റെടുത്തത്. കേസില്‍ 55 സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതിയില്‍ വിസ്തരിച്ചു. 60 രേഖകളും ഹാജരാക്കി. കുറ്റക്കാരായി കണ്െടത്തിയ ഷാദുലി, അന്‍സാര്‍ നദ്വി എന്നിവര്‍ അഹമ്മദാബാദ് സ്ഫോടന കേസിലും പ്രതികളാണ്. കേസില്‍ എന്‍ഐഎയ്ക്കുവേണ്ടി അഭിഭാഷകന്‍ പി.ജി.മനുവും പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ വി.ടി.രഘുനാഥ്, എസ്.ഷാനവാസ്, കെ.പി.മുഹമ്മദ് ഷെരീഫ്, വി.എസ്.സലിം, ഐസക് തോമസ്, ഇ.ടി.എബ്രഹാം, സഞ്ജയ് ഐസക്, കെ.എസ്.മധുസൂദനന്‍ എന്നിവരും ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.