വോട്ടിംഗ് യന്ത്ര തകരാര്‍: മുന്‍വിധിയില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷണര്‍
Thursday, November 26, 2015 12:37 AM IST
പത്തനംതിട്ട: മലപ്പുറം ജില്ലയിലും തൃശൂരിന്റെ ചില ഭാഗങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ക്കു തകരാര്‍ കണ്ടതു സംബന്ധിച്ചു കമ്മീഷനു മുന്‍വിധിയില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യന്ത്രങ്ങള്‍ക്കുണ്ടായ തകരാര്‍ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സിഡാക് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മൂന്നു പേരുള്ള ഉന്നതാധികാര സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയും ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ എന്‍ജിനിയര്‍മാരും ചേര്‍ന്ന് പരിശോധന നടത്തും. ഒരു മാസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കി തുടര്‍ നടപടിയെടുക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

മറ്റ് ജില്ലകളില്‍ തെരഞ്ഞെടുപ്പ് സുഗമമായിരുന്നു. വോട്ടെണ്ണല്‍ സംബന്ധിച്ച് ഒരു പ്രശ്നവുമുണ്ടായില്ല. കണ്‍ട്രോള്‍ യൂണിറ്റുകള്‍ എല്ലാം തൃപ്തികരമായിരുന്നു. തെരഞ്ഞെടുപ്പ് നടപടി അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങളുടെയും അധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പാണ് ഇനി അവശേഷിക്കുന്നത്. സ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ടിനോ അതിനു മുമ്പായോ തീര്‍ക്കണമെന്ന ലക്ഷ്യത്തിലാണ് നടപടി പുരോഗമിക്കുന്നത്.

ഇത് സങ്കീര്‍ണ നടപടിയായതിനാല്‍ എല്ലാ ജില്ലകളിലും വരണാധികാരികള്‍ക്കായി ബോധവത്കരണക്ളാസ് സംഘടിപ്പിച്ചുവരികയാണെന്നും ശശിധരന്‍ നായര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.