കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകം : മുഖ്യപ്രതി തമിഴ്നാട്ടില്‍ പിടിയിലായതായി സൂചന
Thursday, November 26, 2015 12:30 AM IST
തുറവൂര്‍: കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഖ്യപ്രതികളായ മൂന്നുപേര്‍ അറസ്റിലായതായി സൂചന. രണ്ടുപേരെ തമിഴ്നാട്ടില്‍വച്ചും ഒരാളെ ചങ്ങനാശേരിയില്‍വച്ചും പിടികൂടിയതായാണു സൂചന. മുഖ്യപ്രതിയായ പട്ടണക്കാട് പഞ്ചായത്ത് അന്ധകാരനഴി തയ്യില്‍വീട്ടില്‍ പോള്‍സണ്‍(28), ചേര്‍ത്തല കൊക്കോതമംഗലം കിഴക്കേ കാക്കനാട്ടുവീട്ടില്‍ അജേഷ്(30) എന്നിവരെയാണ് തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുനിന്നും പിടികൂടിയതായി സൂചനയുള്ളത്.

തമിഴ്നാട്ടിലെ പഴനിയില്‍ താമസിക്കുമ്പോഴാണ് ഇവരുടെ മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്ന പോലീസ് അവിടെ എത്തിയത്. പോലീസ് എത്തുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പേ ഇവര്‍ രക്ഷപെട്ടിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്നു അന്വേഷണസംഘത്തിന്റെ സ്പെഷല്‍ സ്ക്വാഡ് മേട്ടുപ്പാളയത്തെത്തുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. സ്പെഷല്‍ സ്ക്വാഡ് അറിയിച്ചതനുസരിച്ച് കുത്തിയതോട് സിഐ കെ.ആര്‍. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേട്ടുപ്പാളയത്തെത്തി പ്രതികളുമായി ഇന്നു കേരളത്തിലെത്തുമെന്നാണു സൂചന.


ഇവരെ ചോദ്യം ചെയ്തതില്‍നിന്നും കിട്ടിയ വിവരത്തെത്തുടര്‍ന്നാണ് പോള്‍സന്റെ സഹോദരനും രണ്ടാംപ്രതിയുമായ ടാലിഷിനെ (32) ചങ്ങനാശേരി കൊണ്േടാര്‍ മനയ്ക്കച്ചിറ ഹോട്ടലിനു സമീപത്തുനിന്നു പിടികൂടിയത്. ഇനി ഈ കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാളും പോലീസിന്റെ വലയിലായതായാണു സൂചന.

കഴിഞ്ഞ 13നു വൈകുന്നേരം ആറരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഒറ്റമശേരി പള്ളിക്കുസമീപം ബൈക്കുയാത്രക്കാരായ അന്ധകാരനഴി കളത്തില്‍വീട്ടില്‍ സൈറസിന്റെ മകന്‍ ജസ്റിന്‍(32), അന്ധകാരനഴി കാട്ടുങ്കല്‍തൈയില്‍ യോഹന്നാന്റെ മകന്‍ ജോണ്‍സണ്‍(36) എന്നിവരെ പ്രതികള്‍ ടിപ്പറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഡ്രൈവര്‍ ഷിബുവിനെ നാട്ടുകാര്‍ സംഭവദിവസംതന്നെ പിടികൂടിയിരുന്നു. പ്രതികളെ സഹായിച്ചവരെയും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.