രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം: നാലര വയസുകാരന്‍ ആശുപത്രിയില്‍
രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം: നാലര വയസുകാരന്‍ ആശുപത്രിയില്‍
Wednesday, November 25, 2015 12:41 AM IST
കൊട്ടാരക്കര: രണ്ടാനഛന്റെ ക്രൂര മര്‍ദനമേറ്റ നാലര വയസുകാരനെ നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളിയം പഞ്ചായത്തിലെ വെളിയം കോളനിയില്‍ ജയചന്ദ്ര വിലാസത്തില്‍ ശില്‍പയുടെ മകന്‍ അഭിനേഷിനാണ് ദേഹമാസകലം മര്‍ദനമേറ്റത്.

രണ്ടാനഛന്‍ പ്രശാന്ത് ഇന്നലെ രാവിലെ ഏഴോടെയാണ് നിസാര കാരണം പറഞ്ഞ് ഓലമടല്‍ കൊണ്ട് ബാലനെ മര്‍ദിച്ചത്. സഹോദരന്‍ അഭിജിത്തിന്റെയും മാതാവ് ശില്‍പ്പയുടെയും മുമ്പില്‍ വച്ചായിരുന്നു മര്‍ദനം.

ഇതിനുശേഷം ശില്‍പയും പ്രശാന്തും വീടുവിട്ടുപോയി. കുട്ടികളുടെ കരച്ചില്‍ കേട്ട നാട്ടുകാര്‍ വാര്‍ഡ് മെമ്പര്‍ കവിതയെ വിവരം അറിയിച്ചു. പിന്നീട് എല്ലാവരും ചേര്‍ന്ന് അഭിനേഷിനെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.


ചുണ്ട് അടക്കം ദേഹമാസകലം അഭിനേഷിന് മുറിവുണ്ട്. പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി കുട്ടികളുടെ മൊഴിയെടുത്തു. തങ്ങളെ പ്രശാന്ത് സ്ഥിരമായി മര്‍ദിക്കുമായിരുന്നെന്നും അമ്മ ഇത് തടയുകയില്ലെന്നും കുട്ടികള്‍ മൊഴി നല്‍കി.

പോലീസ് പിന്നീട് പ്രശാന്തിനെ കസ്റഡിയിലെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി. കുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൈല്‍ഡ് ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളുടെ സംരക്ഷണം താത്കാലികമായി ഏറ്റെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.