റബര്‍ ഇറക്കുമതി 10.15 ലക്ഷം ടണ്‍; കയറ്റുമതി 6,608 ടണ്‍ മാത്രം
റബര്‍ ഇറക്കുമതി 10.15 ലക്ഷം ടണ്‍; കയറ്റുമതി 6,608 ടണ്‍ മാത്രം
Saturday, October 10, 2015 1:22 AM IST
റെജി ജോസഫ്

കോട്ടയം: റബര്‍ കയറ്റുമതി നിയന്ത്രണങ്ങളില്ലാതെ മുന്നേറുമ്പോള്‍ ഇറക്കുമതി താഴ്ചയുടെ റിക്കാര്‍ഡിലേക്ക്. 2013 ഏപ്രില്‍ മുതല്‍ 2015 സെപ്റ്റംബര്‍ വരെ ആഭ്യന്തരവില തകര്‍ത്ത് 10,15,577 ടണ്ണാണു റബറിന്റെ ഇറക്കുമതി. ഇതേ കാലത്തെ കയറ്റുമതി കേവലം 6,608 ടണ്‍ മാത്രം.

ഇറക്കുമതിയുടെ 43 ശതമാനം ഇന്തോനേഷ്യയില്‍നിന്നാണ്. 25 ശതമാനവുമായി തായ്ലാന്‍ഡ് രണ്ടാം സ്ഥാനത്തുണ്ട്. 21 ശതമാനം വിയറ്റ്നാമില്‍നിന്ന്. നാലു ശതമാനമാണു മലേഷ്യയുടെ ഇറക്കുമതി വിഹിതം.

2011ല്‍ ആര്‍എസ്എസ് നാല് ഗ്രേഡ് കിലോയ്ക്ക് 243 രൂപ വരെ ഉയര്‍ന്ന വില ഇന്നലെ 112 രൂപയിലെത്തിയിരിക്കുന്നു. വ്യാപാരിയുടെ കൈകാര്യച്ചെലവ് കിഴിച്ച് കര്‍ഷകന്റെ കൈയില്‍കിട്ടുന്നതാകട്ടെ 109 രൂപ. വില്പനയ്ക്കെത്തുന്ന ഷീറ്റ് റബറിന്റെ 30 ശതമാനം മാത്രമാണ് ആര്‍എസ്എസ് നാല് ഗ്രേഡ്. ഇതിനു താഴെയുള്ള ഗ്രേഡുകള്‍ക്ക് 100 രൂപയ്ക്കടുത്താണു കര്‍ഷകനു വില യായി കിട്ടുന്നത്. ടാപ്പിംഗ് കൂലി യും ഇതര ഉത്പാദനച്ചെലവും കിഴിച്ചാല്‍ റബര്‍കൃഷി അതിഭീമമായ നഷ്ടമായി മാറിയിട്ടും വ്യവസായ പ്രീണന നയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. കേരളത്തില്‍ ഒരു കിലോ റബറിന്റെ ഇപ്പോഴത്തെ ഉത്പാദനച്ചെലവ് 165 രൂപയ്ക്കു മുകളിലാണെന്ന് റബര്‍ ബോര്‍ഡ് കണക്കുകള്‍ നിരത്തി കഴിഞ്ഞവര്‍ഷവും കേന്ദ്ര വാണിജ്യമന്ത്രാലയത്തെ ധരിപ്പിച്ചെങ്കിലും ആശ്വാസകരമായ ഒരു നടപടിയും ഉണ്ടായില്ല.

കേന്ദ്രസര്‍ക്കാരുകള്‍ തുടര്‍ന്നുപോരുന്ന ഇറക്കുമതി നയവും വ്യവസായ പ്രീണനവുമാണ് ആഭ്യന്തരവില തകര്‍ച്ചയ്ക്കും കാര്‍ഷികമേഖലയുടെ മാന്ദ്യത്തിനും കാരണമായിരിക്കുന്നത്. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി പി. ചിദംബരം തുടങ്ങിവച്ച ഇളവുനയങ്ങള്‍ ബിജെപി സര്‍ക്കാര്‍ അതേപടി തുടര്‍ന്നുകൊണ്ടിരിക്കെ റബര്‍ കര്‍ഷകര്‍ തകര്‍ച്ചയുടെ ആഴങ്ങളിലേക്കു പതിക്കുകയാണ്.

2013-14 സാമ്പത്തിക വര്‍ഷത്തില്‍ റബര്‍ ഇറക്കുമതി 3,60,263 ടണ്ണായിരുന്നു. 2014-15ല്‍ ഇറക്കുമതി 4,42,130 ടണ്‍. കയറ്റുമതിയാകട്ടെ 2013-14ല്‍ 5,398, 2014-15ല്‍ 1,002 ടണ്‍ വീതം. 2015 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 2,13,184 ടണ്‍ റബര്‍ ഇറക്കുമതി നടത്തിയപ്പോള്‍ ഇതേ കാലത്ത് നടന്ന കയറ്റുമതി 208 ടണ്‍ മാത്രം. കഴിഞ്ഞ മേയില്‍ ഒരു കിലോ റബര്‍പോലും കയറ്റുമതി നടന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ആറു മാസങ്ങളില്‍ വെറും 10 ടണ്ണില്‍ താഴെയായിരുന്നു കയറ്റുമതി നടന്നത്.


റബര്‍ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍നിന്നും 2015 ഏപ്രിലില്‍ 25 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ പ്രഖ്യാപനവും റബര്‍ വില ഉയര്‍ത്താന്‍ സഹായകരമായില്ല. തീരുവ ഉയര്‍ത്താന്‍ തീരുമാനിച്ച ദിവസം ആര്‍എസ്എസ് നാല് ഗ്രേഡിന് 113 രൂപയായിരുന്നു വില. തീരുവ വര്‍ധന തിടുക്കത്തില്‍ നേട്ടങ്ങളുണ്ടാക്കിയില്ലെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ വില 132 വരെയെത്തി. ഇക്കാലത്താണ് സംസ്ഥാന സര്‍ക്കാര്‍ കിലോയ്ക്ക് 150 രൂപ ഷീറ്റിന് ഉറപ്പാക്കുന്ന വിലസ്ഥിരതാ പ്രഖ്യാപനം നടത്തിയത്. വിലസ്ഥിരതാപ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വ്യവസായികള്‍ ചരക്ക് വാങ്ങാതെ മാര്‍ക്കറ്റില്‍നിന്നു വിട്ടുനിന്നു വില ഇടിച്ചുതാഴ്ത്തി. ഈ തകര്‍ച്ച് കിലോയ്ക്ക് 100 രൂപവരെയെത്തി. പത്തു മാസം മുന്‍പ് ബജറ്റില്‍ വിലസ്ഥിരതാ പ്രഖ്യാപനം വന്നതാണെങ്കിലും നടപടിയുണ്ടായത് ജൂലൈ ആദ്യവാരം. അതിസങ്കീര്‍ണമായ കടമ്പകളും നടപടി ക്രമങ്ങളും നേരിട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിലസഹായത്തിന് അപേക്ഷ നല്‍കിയ കര്‍ഷകരില്‍ സഹായം കിട്ടിയവര്‍ വിരളം.

റബര്‍ കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയും സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും ഒന്നു ചേര്‍ന്നതോടെ സമീപ കാലത്തൊന്നും റബര്‍ കൃഷികൊണ്ടു കുടുംബം പുലര്‍ത്താനാകില്ലെന്ന തിരിച്ചറിവിലാണു കര്‍ഷകര്‍. റബര്‍ കൃഷിക്കൊപ്പം അനുബന്ധ വ്യവസായങ്ങളും വാണിജ്യവും അപ്പാടെ തര്‍ന്നുകൊണ്ടിരിക്കുന്നു.

ആഭ്യന്തര ഉത്പാദനത്തിന്റെ 90 ശതമാനം കേരളത്തില്‍നിന്നായിരിക്കെ റബര്‍ വിലത്തകര്‍ച്ച നേരിട്ടും അല്ലാതെയും പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. റബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് റബര്‍ ഉത്പാദനത്തില്‍ 21 ശതമാനം കോട്ടയം ജില്ലയിലാണ്. 12 ശതമാനവുമായി എറണാകുളം രണ്ടാം സ്ഥാനത്തും എട്ടു ശതമാനവുമായി പത്തനംതിട്ട മൂന്നാം സ്ഥാനത്തുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.