മുഖപ്രസംഗം: വര്‍ണഭംഗിയുള്ള ട്രെയിനല്ല, യാത്രയ്ക്കുതകുന്ന ട്രെയിന്‍ വേണം
Saturday, October 10, 2015 1:19 AM IST
ബോഗികളുടെ നിറം മാറ്റിയതുകൊണ്േടാ മിനുക്കുപണികള്‍കൊണ്േടാ മാത്രം ട്രെയിന്‍ യാത്ര സുഖകരമോ സുരക്ഷിതമോ ആകില്ല. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട യാത്രാമാര്‍ഗമെന്ന നിലയില്‍ റെയില്‍വേയുടെ സൌകര്യങ്ങള്‍ പരമാവധി വര്‍ധിപ്പിക്കേണ്ടതാണ്. നിലവില്‍ ട്രെയിന്‍യാത്രക്കാര്‍ നേരിടുന്ന നിരവധിയായ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാതെയുള്ള മുഖംമിനുക്കല്‍ നടപടികള്‍ കാര്യമായ ഗുണമൊന്നും റെയില്‍വേയ്ക്കും ഉണ്ടാക്കാന്‍ പോകുന്നില്ല. എങ്കിലും ഇന്ത്യന്‍ റെയില്‍വേയെ നവീകരിക്കാനുള്ള നീക്കം ചെറിയ തോതിലെങ്കിലും പ്രതീക്ഷ നല്‍കുന്നു.

നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ തയാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലുള്ള നവീകരണം കോച്ചുകളുടെ മുഖഭാവത്തില്‍ മാത്രമല്ല സൌകര്യങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടാക്കുമെന്നാണു റെയില്‍വേയുടെ അവകാശവാദം. പുതിയ സൌകര്യങ്ങളോടു കൂടിയ 62,000 കോച്ചുകള്‍ നിര്‍മിക്കാന്‍ റെയില്‍വേ പദ്ധതി തയാറാക്കിയിട്ടുണ്ട്. ത്രീടിയര്‍ സ്ളീപ്പര്‍ കംപാര്‍ട്ട്മെന്റുകളിലെ അപ്പര്‍ ബെര്‍ത്തിലേക്കു കയറുക ഇപ്പോള്‍ സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഏറെ വിഷമകരമാണ്. ഇതു പരിഹരിക്കാന്‍ മുകളിലത്തെ ബെര്‍ത്തിലേക്കു ചവിട്ടുപടികള്‍ പുതിയ രൂപകല്പനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോച്ചുകള്‍ക്കു കുറേക്കൂടി പ്രസന്നമായ നിറമായിരിക്കും നല്‍കുക. തീപിടിക്കാത്ത സിലിക്കണ്‍ ഫോം ഉപയോഗിച്ചുള്ള സീറ്റുകള്‍ ഇരിക്കാന്‍ കൂടുതല്‍ സുഖപ്രദമാകുമെന്നു കരുതുന്നു.

നിലവില്‍ എക്സ്പ്രസ് ട്രെയിനുകളില്‍പ്പോലും നിരവധി അപര്യാപ്തതകളുണ്ട്. പ്ളാറ്റ്ഫോമുകള്‍പോലെതന്നെ കംപാര്‍ട്ട്മെന്റുകളും അവയ്ക്കുള്ളിലെ ടോയ്ലറ്റുകളും ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ് ട്രെയിനുകളില്‍പ്പോലും വൃത്തിഹീനമായിക്കിടക്കുന്നു. ഇക്കാര്യത്തില്‍ യാത്രക്കാരുടെ ഭാഗത്തും വീഴ്ചയുണ്ട്, വലിയതോതില്‍ത്തന്നെ. യാത്രയില്‍ അത്യാവശ്യം വേണ്ട മര്യാദകള്‍ പാലിക്കാന്‍ ഇന്ത്യക്കാരായ യാത്രക്കാരില്‍ നല്ലൊരു ഭാഗവും തയാറാല്ല. ശുചിത്വം പാലിക്കുന്നില്ലെന്നതാണു പ്രധാന പ്രശ്നം. പൊതുസ്ഥലങ്ങളും പൊതുവാഹനങ്ങളും വൃത്തിയായി സൂക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും കടമയുണ്ട്. കഴിഞ്ഞ ദിവസം ഒരു എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ ടോയ്ലെറ്റില്‍ വെള്ളമില്ലാതെ പലരും വിഷമിക്കുന്നതു കണ്ടു. വെള്ളമില്ലാത്ത ടോയ്ലെറ്റുകള്‍ തുപ്പിയും മുറുക്കിത്തുപ്പിയുമൊക്കെ ആകെ വൃത്തിഹീനമായിരുന്നു. റെയില്‍വേയുടെ അലംഭാവവും യാത്രക്കാരുടെ വൃത്തിബോധഹീനതയും കൂടിച്ചേര്‍ന്നാല്‍ ദീര്‍ഘദൂരയാത്ര അസുഖകരമാകാതെ നിവൃത്തിയില്ല. അങ്ങനെയിരിക്കേ ബോഗിയുടെ നിറമോ രൂപമോ മാറ്റുന്നതു യാത്രക്കാര്‍ക്ക് അപ്രസക്തമായി തോന്നിയാല്‍ അദ്ഭുതപ്പെടാനില്ല.

ഇന്ത്യന്‍ ട്രെയിനുകളുടെ ഡിസൈന്‍ മാറ്റുന്നതിനുവേണ്ടി അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ ഡിസൈനര്‍മാരുമായും വിദഗ്ധരുമായും ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍ ഈ ദിവസങ്ങളില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ആ രാജ്യങ്ങളിലെ റെയില്‍വേ സേവനങ്ങളുടെ പത്തിലൊന്നെങ്കിലും ഇവിടെ യാത്രക്കാര്‍ക്കു നല്‍കാന്‍ സാധിച്ചിരുന്നെങ്കില്‍ അതാവും രൂപമാറ്റത്തെക്കാള്‍ അഭികാമ്യം. കാലാനുസൃതമായ രൂപകല്പന വേണ്െടന്നല്ല. മുന്‍ഗണനകളില്‍ ഔചിത്യവും യാഥാര്‍ഥ്യബോധവും അധികൃതര്‍ പ്രകടിപ്പിക്കണം.


രാജ്യത്തിന്റെ നാഡീവ്യൂഹമെന്നാണ് ഇന്ത്യന്‍ റെയില്‍വേയെ വിശേഷിപ്പിക്കുന്നത്. യാത്രയ്ക്കും ചരക്കുഗതാഗതത്തിനും ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന റെയില്‍വേ വരുത്തിവയ്ക്കുന്ന മാലിന്യപ്രശ്നത്തിനൊരു പരിഹാരം കാണാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇ-ടോയ്ലെറ്റിന്റെ ഇക്കാലത്തും കാഷ്മീര്‍ മുതല്‍ കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന ഇന്ത്യന്‍ റെയില്‍വേയ്ക്കു ലോകത്തിലെ ഏറ്റവും നീളം കൂടിയ കക്കൂസെന്ന വിശേഷണം കൂടിയുണ്െടന്ന കാര്യം വിസ്മരിക്കരുത്. ഈ ദുഷ്കീര്‍ത്തി മാറ്റാന്‍ റെയില്‍വേയ്ക്കു സാധിക്കില്ലേ?

സ്റേഷനുകളില്‍ നിര്‍ത്തിയിടുമ്പോള്‍ ട്രെയിനിലെ ടോയ്ലെറ്റ് ഉപയോഗിക്കരുത് എന്നൊരു അറിയിപ്പു വച്ച് സ്റേഷനുകളെ മാലിന്യത്തില്‍നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമം റെയില്‍വേ നടത്തുന്നുണ്ട്. 2022-നകം എല്ലാ ട്രെയിനുകളിലും ജൈവ സൌഹൃദ ടോയ്ലെറ്റുകള്‍ സ്ഥാപിക്കണമെന്നും മാലിന്യം ട്രാക്കില്‍ തള്ളുന്നത് അവസാനിപ്പിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേയ്ക്കു നോട്ടീസ് നല്‍കിയിരുന്നു. മനുഷ്യവിസര്‍ജ്യം ട്രാക്കുകളില്‍ തള്ളുന്ന പ്രവണതയ്ക്കെതിരേ ദേശീയ ഹരിത ട്രൈബ്യൂണലും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനു നോട്ടീസ് നല്‍കിയിട്ടുണ്ട്. 2020-ല്‍ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ കടന്നുകൂടാന്‍ നാം തത്രപ്പെടുകയാണെന്നോര്‍ക്കണം!

റെയില്‍വേ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈയിടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വന്‍കിട പദ്ധതികള്‍ പലതും വെട്ടിച്ചുരുക്കാനും മരവിപ്പിക്കാനും റെയില്‍വേ ബോര്‍ഡ് ശ്രമിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. റെയില്‍വേയെ ലാഭകേന്ദ്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതത്രേ. പല പദ്ധതികളുടെയും ചെലവിന്റെ വിഹിതം സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന നിര്‍ദേശവും വികസനത്തിനു വിലങ്ങുതടിയാവുന്നു. റെയില്‍വേയില്‍ സ്വകാര്യ നിക്ഷേപം വന്‍തോതില്‍ കൊണ്ടുവരാനുള്ള നീക്കവും സജീവമാണ്. ഇന്ത്യന്‍ റെയില്‍വേയെ ഏറെ ലാഭകരമാക്കിത്തീര്‍ത്തതിന്റെ പേരില്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിനു വിദേശസര്‍വകലാശാലകളില്‍വരെ വിശിഷ്ടാതിഥിയായി പ്രഭാഷണം നടത്താനവസരം ലഭിച്ചു. ലാലുപ്രസാദ് അവതരിപ്പിച്ച ലാഭക്കണക്കെല്ലാം പൊള്ളയായിരുന്നെന്നു പിന്നീടു മന്ത്രിയായിവന്ന മമത ബാനര്‍ജി പറഞ്ഞു. കണക്കുകളും വാഗ്ദാനങ്ങളും അവതരിപ്പിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയല്ല നേതാക്കള്‍ ചെയ്യേണ്ടത്. അവര്‍ക്കു ജനങ്ങളോട് ആത്മാര്‍ഥതയുണ്ടാകട്ടെ. ഇന്ത്യന്‍ റെയില്‍വേയെ ഇപ്പോഴത്തെ അവസ്ഥയില്‍നിന്നു കരകയറ്റിയേ തീരൂ. അതിനുള്ള മാര്‍ഗങ്ങള്‍ അധികൃതര്‍ കണ്െടത്തണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.