ശബരിമലയിലെ 170 കോടി രൂപയുടെ വികസനത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി
ശബരിമലയിലെ 170 കോടി രൂപയുടെ വികസനത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി
Saturday, October 10, 2015 12:50 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: ശബരിമല തീര്‍ഥാടന കാലത്തിനു മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട 170 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി. ഇതോടൊപ്പം സമരം നടത്തുന്ന തോട്ടം തൊഴിലാളികള്‍ക്ക് രണ്ടാഴ്ചത്തെ സൌജന്യറേഷന്‍ നല്‍കാനും കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ അവലോകന യോഗം ചേരാനും കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കര്‍ശന നിബന്ധനകളോടെയാണ് എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കമ്മീഷന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഒരു പ്രവര്‍ത്തനത്തിലും പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണു സംസ്ഥാന സര്‍ക്കാരിനു വേണ്ടി അനുമതി തേടിയ ചീഫ് സെക്രട്ടറിക്കു നല്‍കിയ നിര്‍ദേശം. അനുമതി നല്‍കുന്ന വികസന പദ്ധതിയുടെ പേരില്‍ ബോര്‍ഡോ ഹോര്‍ഡിംഗോ പരസ്യ യോഗങ്ങളോ ഒന്നും പാടില്ല. മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്കും വിലക്കുണ്ട്. ശബരിമലയില്‍ റോഡ് വികസനം ഉള്‍പ്പെടെ 170 കോടി രൂപയുടെ വികസന പദ്ധതിക്കാണു സര്‍ക്കാര്‍ അനുമതി തേടിയത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുന്‍പാണ് ശബരിമല വികസനത്തിനുള്ള അവലോകനയോഗം ചേര്‍ന്നതെന്നായിരുന്നു സര്‍ക്കാര്‍ വാദം. മണ്ഡല കാലത്തിനു മുന്‍പ് ശബരിമല വികസനം പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി വിധി ഉള്‍പ്പെടെയുള്ളവ അംഗീകരിച്ചാണു തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാട്.

കൊച്ചി മെട്രോ പദ്ധതിയുടെ അവലോകന യോഗം ചേരാനും സമാന നിര്‍ദേശമാണു നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വിഴിഞ്ഞം അവലോകന യോഗം ചേര്‍ന്നു മന്ത്രി കെ. ബാബു തീരുമാനങ്ങള്‍ മാധ്യമങ്ങളോടു വിശദീകരിക്കാന്‍ തുടങ്ങവേയാണ് ഒപ്പമുണ്ടായിരുന്നവര്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ഓര്‍മിപ്പിച്ചത്. ഉടന്‍, മാധ്യമങ്ങളെ പുറത്താക്കുകയായിരുന്നു. ഇത്തരം അബദ്ധങ്ങളൊന്നും ആവര്‍ത്തിക്കരുതെന്നാണു നിര്‍ദേശം. സമരത്തെത്തുടര്‍ന്നു പൂട്ടിക്കിടക്കുന്ന തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കു രണ്ടാഴ്ചത്തെ സൌജന്യ റേഷന്‍ നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനായി തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ജീവന്‍ മരണ പോരാട്ടം നടത്തുന്ന തൊഴിലാളികള്‍ക്കു സൌജന്യറേഷന്‍ നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു.


അതേസമയം, സംസ്ഥാന അതിര്‍ത്തിയിലുള്ള തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ജില്ലകളിലും കേന്ദ്രഭരണ പ്രദേശമായ മാഹിയിലുമുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ കെ. ശശിധരന്‍നായര്‍, സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണു കത്തു നല്‍കി. നവംബര്‍ ഒന്ന്, രണ്ട്, നാല്, അഞ്ച് തീയതികളിലാണ് അതിര്‍ത്തി ജില്ലകളിലെ മദ്യശാലകള്‍ അടച്ചിടേണ്ടത്. ഇതിനായി അയല്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കു സംസ്ഥാന ചീഫ് സെക്രട്ടറി കത്തു നല്‍കണം. അതിര്‍ത്തി വഴി തെരഞ്ഞെടുപ്പു ദിവസങ്ങളില്‍ മദ്യം എത്തുന്നതു തടയുന്നതിനാണു നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.