കാരായിമാര്‍ക്കു മത്സരിക്കാന്‍ കോടതിയുടെ അനുമതി
Saturday, October 10, 2015 12:50 AM IST
തലശേരി: ഫസല്‍ വധക്കേസ് പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിബിഐ പ്രത്യേക കോടതി അനുമതി നല്‍കി. വധക്കേസില്‍ അറസ്റിലായി ഏറെനാള്‍ റിമാന്‍ഡില്‍ കഴിഞ്ഞശേഷം ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്. ജാമ്യവ്യവസ്ഥ പ്രകാരം ഇവര്‍ക്ക് എറണാകുളം ജില്ല വിട്ടു പുറത്തുപോകാന്‍ പാടില്ല. ഇതിനാലാണു മത്സരിക്കാന്‍ കോടതിയുടെ അനുമതി തേടിയത്.

ഹര്‍ജി പരിഗണിച്ച കോടതി 12ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കണ്ണൂരിലെത്താന്‍ അനുമതി നല്‍കുകയായിരുന്നു. കാരായി രാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കാരായി ചന്ദ്രശേഖരന്‍ സിപിഎം തലശേരി ഏരിയാ കമ്മിറ്റി അംഗവുമാണ്. കാരായി രാജനെ ജില്ലാ പഞ്ചായത്തിലേക്കു മത്സരിപ്പിച്ചു പ്രസിഡന്റാക്കാനും കാരായി ചന്ദ്രശേഖരനെ തലശേരി നഗരസഭയിലേക്കു മത്സരിപ്പിച്ചു ചെയര്‍മാനാക്കാനുമാണു സിപിഎം തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.