തൊഴില്‍സമരങ്ങള്‍ക്കു നേരേ പോലീസിന്റെ ബലപ്രയോഗം ഉണ്ടാവില്ല: ചെന്നിത്തല
തൊഴില്‍സമരങ്ങള്‍ക്കു നേരേ പോലീസിന്റെ ബലപ്രയോഗം ഉണ്ടാവില്ല: ചെന്നിത്തല
Wednesday, October 7, 2015 12:01 AM IST
കൊച്ചി: താന്‍ ആഭ്യന്തര മന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഒരു തൊഴിലാളി സമരത്തിലും പോലീസ് അനാവശ്യമായി ഇടപെടില്ലെന്ന് രമേശ് ചെന്നിത്തല.

ഐഎന്‍ടിയുസി എറണാകുളം ജില്ലാ കണ്‍വന്‍ഷനും ടി.പി. ഹസന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു തൊഴില്‍ സമരത്തെ യും പോലീസ് നേരിടില്ല; സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് നേരെ ബലപ്രയോഗം ഉണ്ടാവുകയുമില്ല.

മൂന്നാറില്‍ സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്കു നേരേ ബലപ്രയോഗവും നടപടിയും വേണ്ട എന്നത് തന്റെ മാത്രം തീരുമാനം ആയിരുന്നു.

പോലീസ് നടപടി പാടില്ല എന്ന് താന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അതിന് മാറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല. പോലീസ് ബലപ്രയോഗം നടത്തിയിരുന്നെങ്കില്‍ മൂന്നാറില്‍ ലാത്തിച്ചാര്‍ജും വെടിവയ്പ്പും ഉണ്ടാകുമായിരുന്നു.

ഒരു തീവ്രവാദ പ്രവര്‍ത്തനവും മൂന്നാറില്‍ നടന്നിട്ടില്ല. സംസ്ഥാന ഇന്റലിജന്‍സിനു പുറമെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളോടും താന്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തീവ്ര നിലപാടുകള്‍ ഉള്ള വ്യക്തികളോ പ്രസ്ഥാനങ്ങളോ മൂന്നാറിലെ സമരത്തിനു പിന്നില്‍ ഇല്ലെന്നു വ്യക്തമായി. പാവപ്പെട്ട തൊഴിലാളികള്‍ ജീവിക്കാന്‍ വേണ്ടി നടത്തിയ സമരമാണത്.

എന്നാല്‍ സമരത്തിന്റെ മറവില്‍ തോട്ടം കൈയേറാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ശക്തമായി ചെറുക്കും. അധ്വാനവര്‍ഗത്തിന്റെ പിന്തുണയില്ലെങ്കില്‍ ഒരു സര്‍ക്കാരിനും നിലനില്‍പ്പില്ല. എന്നാല്‍ സ്ഥാപനങ്ങള്‍ കൂടി നിലനില്‍ക്കണം എന്ന താത്പര്യത്തോടെ വേണം തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കാനെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു. മൂന്നാറില്‍ സംഘടനാപരമായ വൈകല്യം പരിഹരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. മൂന്നാറിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ ആത്മപരിശോധനയ്ക്ക് സമയമായി എന്നാണ് സ്ത്രീ തൊഴിലാളികളുടെ സമരം നല്‍കുന്ന മുന്നറിയിപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ട്ടി പുനഃസംഘടനയിലും ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു, കെ.വി. തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത്, എന്‍എസ്യു പ്രസിഡന്റ് റോജി ജോണ്‍, ഡിസിസി പ്രസിഡന്റ് വി.ജെ. പൌലോസ്, കോണ്‍ഗ്രസ് നേതാക്കളായ എ.സി. ജോസ്, എം. പ്രേമചന്ദ്രന്‍, ഐ.കെ. രാജു, ജെയ്സണ്‍ ജോസഫ്, മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.