വര്‍ഗീയസമീപനങ്ങളെ കേരളം അംഗീകരിക്കില്ല: മുഖ്യമന്ത്രി
വര്‍ഗീയസമീപനങ്ങളെ കേരളം അംഗീകരിക്കില്ല: മുഖ്യമന്ത്രി
Wednesday, October 7, 2015 11:52 PM IST
കൊച്ചി: വര്‍ഗീയവും വിഭാഗീയവുമായ സമീപനങ്ങളുമായെത്തുന്നവരെ കേരളം ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 1977ല്‍ സിപിഎം ജനസംഘവുമായി കൂട്ടുകൂടിയപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഏതുതരത്തിലാണു വിധിയെഴുതിയതെന്ന് എല്ലാവരും ഓര്‍മിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ നടന്ന യുഡിഎഫ് സംസ്ഥാന നേതൃസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

വിഭാഗീയതയെ കൂട്ടിക്കെട്ടി നേട്ടം ഉണ്ടാക്കാന്‍ വരുന്നവര്‍ക്കെല്ലാം തിരിച്ചടി നേരിടേണ്ടിവരും. കേരളം ഒരിക്കലും അത്തരം നീക്കങ്ങള്‍ക്കു കൂട്ടുനിന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനവും ജനഹിതമറിഞ്ഞുള്ള ഭരണവും തദ്ദേശ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള കരുത്തു നല്‍കുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് മത്സരിച്ച എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ചു. തദ്ദേശതെരഞ്ഞെടുപ്പിലെ കൂടുതല്‍ മികച്ച വിജയത്തിന്റെ കരുത്തുമായി അടുത്ത അസംബ്ളി തെരഞ്ഞെടുപ്പിലേക്കു പോകാന്‍ സാധിക്കണം. അതിനായി എല്ലാവരും ഒരുമിച്ചുനിന്ന് കൂടുതല്‍ ഐക്യത്തോടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണം.


പറഞ്ഞാല്‍ തീരാത്ത പ്രശ്നങ്ങളൊന്നും യുഡിഎഫില്‍ ഇല്ല. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. സിപിഎം ജനങ്ങളില്‍നിന്നു തീര്‍ത്തും ഒറ്റപ്പെടുകയാണ്. ജനവികാരം ഉള്‍ക്കൊള്ളാത്ത സമരങ്ങളുമായി ഇറങ്ങി അവര്‍ അടിക്കടി ജനങ്ങളില്‍നിന്ന് അകന്നു പോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.