എസ്എന്‍ഡിപി പാര്‍ട്ടി ഡിസംബറില്‍: വെള്ളാപ്പള്ളി
എസ്എന്‍ഡിപി പാര്‍ട്ടി ഡിസംബറില്‍: വെള്ളാപ്പള്ളി
Tuesday, October 6, 2015 12:32 AM IST
ചേര്‍ത്തല: എസ്എന്‍ഡിപി യോഗം നേതൃത്വം നല്‍കുന്ന പാര്‍ട്ടി ഡിസംബറില്‍ യാഥാര്‍ഥ്യമാകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടിയുടെ ഭാവവും കൊടിയുടെ നിറവും വിവിധ സമുദായങ്ങളുമായി ഒന്നുകൂടി ചര്‍ച്ചചെയ്തശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു പാര്‍ട്ടിയല്ല, മതേതര പാര്‍ട്ടിയാണു രൂപീകരിക്കുകയെന്നു ചേര്‍ത്തലയില്‍ അശ്വനി റസിഡന്‍സിയില്‍ വിവിധ സമുദായനേതാക്കളും രാഷ്ട്രീയനിരീക്ഷകരുമായി എട്ടു മണിക്കൂറോളം നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം വെള്ളാപ്പള്ളി പറഞ്ഞു.

മൂന്നാം മുന്നണിയുടെ ആവശ്യകത കേരളത്തില്‍ ഇപ്പോഴുണ്ട്. യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷവും പാര്‍ട്ടിയുണ്ടാകേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി. അതിന്റെ പശ്ചാത്തലത്തിലാണ് എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ മറ്റു സമുദായ അംഗങ്ങളെയും ഉള്‍ക്കൊള്ളിച്ചു രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കുന്നത്. ഹിന്ദു കൂട്ടായ്മയല്ല; മതേതരത്വത്തിന്റെ ചിന്താഗതിയോടുകൂടി മറ്റുള്ളവര്‍ക്കും അവകാശപ്പെടുന്ന സാമൂഹ്യനീതി നടപ്പാക്കാനാണു പാര്‍ട്ടി രൂപീകരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൌണ്ട് തുറക്കും.


സിപിഎമ്മിലെ ചെറുതു മുതല്‍ വലുതുവരെയുള്ള ഞാഞ്ഞൂലുകള്‍ എന്നെ നോക്കി പത്തിവിടര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ജി. സുധാകരന്‍ മാത്രം എന്നോട് ഒന്നും പറഞ്ഞിട്ടില്ല, പറയുകയുമില്ല. സിപിഎമ്മിലെ നല്ലൊരു നേതാവാണ് ജി. സുധാകരന്‍. ധീവരസഭ, കേരള വിശ്വകര്‍മസഭ, യോഗക്ഷേമ സഭ, കെപിഎംഎസ്, പാണാര്‍ സഭ, നാടാര്‍ സഭ എന്നീ വിവിധ സമുദായ നേതാക്കളും ചര്‍ച്ചയ്ക്കെത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം തേടാനാണ് എസ്എന്‍ഡിപി ചേര്‍ത്തലയില്‍ യോഗം വിളിച്ചുചേര്‍ത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.