സ്കൂളുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ചതു മണ്ടത്തരമായിപ്പോയെന്ന് എ.കെ. ആന്റണി
സ്കൂളുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ചതു മണ്ടത്തരമായിപ്പോയെന്ന് എ.കെ. ആന്റണി
Tuesday, October 6, 2015 12:31 AM IST
തിരുവനന്തപുരം: സ്കൂളുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ചത് ഏറ്റവും വലിയ മണ്ടത്തരമായിപ്പോയെന്നു കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി. ആ തീരുമാനംകൊണ്ട് ഒന്നും നേടാനായില്ലെന്നും വിദ്യാലയങ്ങള്‍ ജാതി-മത ശക്തികളുടെ പ്രവര്‍ത്തനത്തിനു തുറന്നുകൊടുക്കാന്‍ മാത്രമേ ആ തീരുമാനം ഉപകരിച്ചുള്ളൂവെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കെഎസ്യുവിന്റെ സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജാതി-മത ശക്തികള്‍ വിദ്യാലയങ്ങളില്‍ ഒരു നിയന്ത്രണവുമില്ലാതെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ ജാതി-മത ഭ്രാന്ത് കുത്തിവയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ജാതിയും മതവും തെറ്റല്ല. പ്രാചീന ഭാരത്തിലും അതുണ്ടായിരുന്നു. പക്ഷേ അതിന്റെ പേരില്‍ ആരും ആരെയും തല്ലിക്കൊന്നിട്ടില്ല. ജാതി-മത വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്നതു രാജ്യദ്രോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തോടു താത്പര്യമുള്ള ചെറുപ്പക്കാരുടെ എണ്ണം കുറയുന്നു. വിദ്യാര്‍ഥി നേതാക്കള്‍ കാമ്പസ് സൌഹൃദങ്ങള്‍ വര്‍ധിപ്പിച്ചാലേ ഈ അവസ്ഥയ്ക്കു മാറ്റം വരൂ. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പല കാര്യങ്ങളിലും മൌനം പാലിക്കുകയാണ്. മാതൃസംഘടനയ്ക്ക് അനിഷ്ടമായതൊന്നും പറയില്ല എന്ന നിലപാടു മാറ്റണം.

ചെറുപ്പക്കാര്‍ പറയുന്നതു മുഴുവന്‍ മാതൃസംഘടനകള്‍ അംഗീകരിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ടു മിണ്ടാതിരിക്കുന്നതു ശരിയല്ല. അപ്രിയ സത്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ പഴയകാലത്തെ നേതാക്കള്‍ ഒരു യുവനേതാവിനെയും മുളയിലേ നുള്ളിക്കളഞ്ഞിട്ടില്ല. പക്ഷേ ഇന്നു ചിലര്‍ക്ക് അപ്രിയസത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു കൂടുതല്‍ അവസരം നല്‍കണമെന്ന കെഎസ്യുവിന്റെ ആവശ്യത്തെ താന്‍ പിന്താങ്ങുകയാണെന്നും ജനങ്ങളിഷ്ടപ്പെടുന്ന യുവാക്കള്‍ക്കു സീറ്റ് കൊടുത്താല്‍ ജനം കൂടെ നില്‍ക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അരുവിക്കരയില്‍ കെ.എസ്. ശബരീനാഥന്റെ വിജയമെന്നും ആന്റണി ചൂണ്ടിക്കാട്ടി.സ്വാശ്രയ കോളജുകള്‍ സര്‍ക്കാരുമായുള്ള പ്രവേശനകരാര്‍ ലംഘിക്കുന്നതു മര്യാദകേടാണ്. കരാര്‍ പാലിക്കാന്‍ കഴിയാത്തവര്‍ സ്ഥാപനം വേറെ ആരെയെങ്കിലും ഏല്‍പ്പിക്കണം. സ്വകാര്യ വിദ്യാഭ്യാസമേഖല കേരളത്തിലെ അഴിമതിയുടെ ഏറ്റവും വലിയ കേന്ദ്രമായി മാറി. വിദ്യാര്‍ഥി പ്രവേശനത്തിനു മുതല്‍ അധ്യാപക നിയമനത്തിനു വരെ ഓരോ വര്‍ഷവും കോഴ കൂടിവരുകയാണ്.


പാര്‍ട്ടിക്കും സര്‍ക്കാരിനുമൊക്കെ വ്യവസ്ഥിതിക്കുള്ളില്‍നിന്നു പ്രവര്‍ത്തിക്കേണ്ടതുകൊണ്ട് കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍, യുവാക്കള്‍ക്കുമേല്‍ ഇത്തരം ചങ്ങലകളില്ല. സ്വാശ്രയ മാനേജ്മെന്റുകള്‍ കോഴ വാങ്ങുന്നതു പിന്‍വലിപ്പിക്കാന്‍ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഭാഗത്തുനിന്നു ശക്തമായ സമ്മര്‍ദമുണ്ടാകണമെന്നും ആന്റണി പറഞ്ഞു.

എസ്എന്‍ഡിപിയുമായി കൂട്ടുചേര്‍ന്നതോടെ കേരളത്തിലെ ബിജെപിയുടെ കഥ കഴിഞ്ഞെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. അമിത് ഷായും നരേന്ദ്ര മോദിയും ഇട്ടുകൊടുക്കുന്ന അപ്പക്കഷണങ്ങളില്‍ ആകൃഷ്ടരാകുന്ന, എന്തിലും ലാഭം മാത്രം കാണുന്ന കച്ചവടക്കാര്‍ക്കു ബിജെപിയുമായുള്ള കൂട്ടുകെട്ട് നഷ്ടക്കച്ചവടമായിരിക്കും. ഇത്തരക്കാര്‍ക്ക് ആദ്യഘട്ടത്തിലുണ്ടായിരുന്ന ആവേശം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ മനസിലായി വരുന്നതിന്റെ തെളിവാണിത്. കേരളത്തെ വര്‍ഗീയ ഭ്രാന്താലയമാക്കി മാറ്റാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമം വിലപ്പോവില്ലെന്നും സുധീരന്‍ പറഞ്ഞു.

എം.ഐ. ഷാനവാസ് എംപി, എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്‍, ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ്, കെ.എസ്. ശബരീനാഥന്‍, എന്‍എസ്യു പ്രസിഡന്റ് റോജി ജോണ്‍, സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ്, വൈസ് പ്രസിഡന്റ് രോഹിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.