കുടുംബശ്രീ കേരളത്തിന് അലങ്കാരം: മുഖ്യമന്ത്രി
കുടുംബശ്രീ കേരളത്തിന് അലങ്കാരം: മുഖ്യമന്ത്രി
Friday, September 4, 2015 12:13 AM IST
മലപ്പുറം: കേരള മോഡലിന്റെ വേറിട്ട അധ്യായമായി മാറിയ കുടുംബശ്രീ സംസ്ഥാനത്തിന് അലങ്കാരമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ കുടുംബശ്രീ പ്രസ്ഥാനം വളര്‍ന്ന് ഉന്നത തലത്തിലെത്തിയതു നേരിട്ടു പഠിക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും ആളുകള്‍ വരുന്നത് ഈ മോഡല്‍ മാതൃകയാക്കാന്‍ അവരും താത്പര്യം കാണിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബശ്രീ 17-ാം വാര്‍ഷികാഘോഷം മലപ്പുറം എംഎസ്പി ജിഎല്‍പി സ്കൂള്‍ ഗ്രൌണ്ടില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ആശ്രയമായി ആരുമില്ലാത്തവരെ പഞ്ചായത്തുകള്‍ മുഖേന ദത്തെടുത്തു കുടുംബശ്രീ വഴി സംരക്ഷിക്കുന്ന പദ്ധതിയാണ് ആശ്രയ സ്കീം. ഈ പദ്ധതിയില്‍ അര്‍ഹരായ 100 ശതമാനം കുടുംബങ്ങളെയും ഉള്‍പ്പെടുത്തുമ്പോള്‍ മാത്രമെ നമുക്ക് സ്വാതന്ത്യ്രത്തെക്കുറിച്ചു സംസാരിക്കാന്‍ അര്‍ഹതയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്ത് സാമൂഹിക നീതി മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷത വഹിച്ചു.

ആശ്രയ പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ 1043 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും 82,483 കുടുംബങ്ങളെയും രണ്ടാംഘട്ടത്തില്‍ 553 തദ്ദേശ സ്ഥാപനങ്ങളിലെ 44,917 കുടുംബങ്ങളെയുമാണു കുടുംബശ്രീ വഴി ദത്തെടുത്തത്. മികച്ച പ്രവര്‍ത്തനത്തിലൂടെ ഒന്നാംസ്ഥാനത്തെത്തിയ കാഞ്ഞിരക്കുഴി ഗ്രാമപഞ്ചായത്ത്, മലപ്പുറം നഗരസഭ സിഡിഎസുകള്‍ക്കും രണ്ടാംസ്ഥാനം നേടിയ ചാത്തമംഗലം പഞ്ചായത്ത്, കാസര്‍കോഡ് നഗരസഭാ സിഡിഎസുകള്‍ക്കുമുള്ള ട്രോഫികള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.


വ്യവസായ ഐടി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, കൃഷിമന്ത്രി കെ.പി. മോഹനന്‍, നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി, എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, എംഎല്‍എമാരായ പി. ഉബൈദുള്ള, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.മമ്മൂട്ടി, പി.ശ്രീരാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റ മമ്പാട്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.ബി.വത്സല കുമാരി, മലപ്പുറം കളക്ടര്‍ ടി. ഭാസ്കരന്‍, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ, സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍പെഴ്സണ്‍ ഖമറുന്നിസ അന്‍വര്‍, കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.മുഹമ്മദ് ഇസ്മയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണറേറിയം 5,000 രൂപയാക്കും

മലപ്പുറം: കുടുംബശ്രീ സിഡിഎസ് ഓണറേറിയം 5,000 രൂപയായി കൂട്ടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിലവില്‍ 4,000 രൂപയാണു നല്‍കുന്നത്. കൂട്ടുന്ന തുക അപര്യാപ്തമാണെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ വര്‍ധന പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.