തര്‍ക്കത്തിനിടയാക്കിയതു കോണ്‍ഗ്രസിലെ ഗ്രൂപ്പിസം
തര്‍ക്കത്തിനിടയാക്കിയതു കോണ്‍ഗ്രസിലെ ഗ്രൂപ്പിസം
Friday, September 4, 2015 12:11 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തു നിന്നു ടോമിന്‍ തച്ചങ്കരിയുടെ മാറ്റം അടുത്ത മന്ത്രിസഭായോഗം പരിഗ ണിക്കും. അടുത്ത മന്ത്രിസഭായോ ഗം ചേരുന്ന ഒമ്പതു വരെ അദ്ദേഹം കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു തുടരും.

കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിക്കുന്നതിനു മുമ്പു ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തു നിന്നു മാറ്റിക്കൊണ്ടു ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയാതെയായിരുന്നു ഉത്തരവിറക്കിയത്.

കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണു മന്ത്രിസഭാ തീരുമാനം എടുക്കുന്നതിനു മുമ്പു തച്ചങ്കരിയെ മാറ്റാനുള്ള തീരുമാനം പുറത്തിറങ്ങാന്‍ ഇടയാക്കിയതെന്നാണു സൂചന. തച്ചങ്കരിയെ മാറ്റണമെന്നു ഐ ഗ്രൂപ്പില്‍പ്പെട്ട കണ്‍സ്യൂമര്‍ ഫെഡിന്റെ ചുമതലയുള്ള മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഏറെ നാളായി ആവശ്യപ്പെട്ടു വരുകയായിരുന്നു.

ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍ ടോമിന്‍ തച്ചങ്കരിക്കു കെബിപിഎസിന്റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചപ്പോഴും കണ്‍സ്യൂമര്‍ഫെഡില്‍ നിന്നു തച്ചങ്കരിയെ ഒഴിവാക്കണമെന്നു മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല.


തുടര്‍ന്നു മന്ത്രിസഭായോഗം തുടരുന്നതിനിടെ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുറത്തിറങ്ങി. ഇതിനിടയില്‍ നടന്ന ചര്‍ച്ചയിലാ ണു ടോമിന്‍ തച്ചങ്കരിയുടെ മാറ്റത്തില്‍ ധാരണയായതെന്നാണു ചീഫ് സെക്രട്ടറിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്നലെ മാധ്യമങ്ങളെ കണ്ട മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ടോമിന്‍ തച്ചങ്കരിയെ മാറ്റിയെന്നാണ് അറിയിച്ചത്. എന്നാല്‍, അടുത്ത മന്ത്രിസഭായോഗത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതുള്ളൂവെന്നു മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെട്ട എ ഗ്രൂപ്പിന്റെ നേതാവായ സതീശന്‍ പാച്ചേനിയും ടോമിന്‍ തച്ചങ്കരിയുടെ മാറ്റത്തിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. കണ്‍സ്യൂമര്‍ഫെഡിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരുകയും സ്ഥാപനത്തെ ശുദ്ധീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നതിനിടയിലാണ് എഡിജിപി പദവിയിലുള്ള ടോമിന്‍ തച്ചങ്കരിയുടെ മാറ്റം. കണ്‍സ്യൂമര്‍ഫെഡിലെ ജീവനക്കാരുടെ ഭൂരിഭാഗം സംഘടനകളും തച്ചങ്കരിക്ക് അനുകൂലമായ നിലപാടുകളാണു സ്വീകരിച്ചത്. കെബിപിഎസിന്റെ ചുമതല ഏറ്റെടുക്കാന്‍ ടോമിന്‍ തച്ചങ്കരിക്കു കഴിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.