രൂക്ഷ വിമര്‍ശനവുമായി പശ്ചിമഘട്ട ജനസംരക്ഷണ സമിതി
Friday, September 4, 2015 12:24 AM IST
കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം ഈമാസം ഒമ്പതിനു വരാനിരിക്കെ കേന്ദ്രത്തിനു സമര്‍പ്പിക്കേണ്ട ഇഎസ്എ അതിര്‍ത്തിനിര്‍ണയ രേഖകള്‍ വ്യക്തതയോടെ നല്‍കാത്ത സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചു പശ്ചിമഘട്ട ജനസംരക്ഷണ സമിതി.

2014 ഏപ്രില്‍ മുതല്‍ കേന്ദ്രം പലതവണ കത്തുകള്‍ അയച്ചിട്ടും വനഭൂമിയും ജനവാസമേഖലയും വേര്‍തിരിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കാത്തതു 123 വില്ലേജുകളിലായി വരുന്ന മുപ്പതു ലക്ഷത്തോളം വരുന്ന ജനങ്ങളോടുള്ള വഞ്ചനയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യവും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള നിക്ഷിപ്ത താത്പര്യകാരുടെ ഇടപെടലുമുണ്ട്. ഇഎസ്എ വിഷയത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. വീഴ്ച തിരുത്താനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം. അല്ലാത്തപക്ഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ നിലപാടെടുക്കും.

ആവശ്യപ്പെട്ട രേഖകള്‍ സമയബന്ധിതമായി നല്കുന്നതിനു പകരം അനാവശ്യരേഖകള്‍ നല്കി ആശയക്കുഴപ്പം സൃഷ്ടിക്കുക മാത്രമാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ജനവാസമേഖലയെയും വനമേഖലയെയും വ്യക്തമായി വേര്‍തിരിച്ച് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി തയാറാക്കിയ മാപ്പ് പൂര്‍ണമായും അവഗണിച്ചു. മാത്രമല്ല വനംവകുപ്പിന്റെ സഹകരണത്തോടെ വനം മന്ത്രാലയവുമായി ചേര്‍ന്നു മറ്റാരുമായും ചര്‍ച്ചചെയ്യാതെ പുതിയ മാപ്പ് തയാറാക്കുകയാണു ചെയ്തത്. അക്ഷാംശ- രേഖാംശ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മാപ്പ് ആവശ്യപ്പെട്ടിടത്തു വില്ലേജുകളുടെ സര്‍വേ നമ്പരുകള്‍ നല്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെട്ടുമില്ല.

കേരളത്തിന്റെ സാഹചര്യത്തില്‍ ഇഎസ്എ നിര്‍ണയിക്കുന്നതു സര്‍വേ നമ്പരുകള്‍ അടിസ്ഥാനമാക്കുന്നതു പ്രായോഗികമല്ല. 43 വില്ലേജുകളിലേ പൂര്‍ണമായ സര്‍വേ നമ്പരുള്ളു. 42 വില്ലേജുകളില്‍ ഭാഗികായി സര്‍വേ നമ്പര്‍ മാത്രമാണുള്ളത്. ശേഷിക്കുന്ന 38ല്‍ സര്‍വേ പൂര്‍ത്തീകരിച്ചിട്ടുമില്ല. ഇക്കാര്യം സര്‍ക്കാരിനു നേരത്തേ അറിയാമെന്നിരിക്കേ സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ അതിര്‍ത്തി നിര്‍ണയിച്ചു നല്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്.

ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടിലെ മാപ്പും മന്ത്രാലയം അക്ഷാംശ-രേഖാംശങ്ങള്‍ രേഖപ്പെടുത്തി സ്വകാര്യമായി തയാറാക്കിയ 123 വില്ലേജുകളുടെ മാപ്പും തമ്മില്‍ വലിയ വ്യത്യാസമാണുളളത്. ഈ മാപ്പാണു മന്ത്രിസഭയെക്കൊണ്ട് അംഗീകരിപ്പിച്ചു കേന്ദ്രത്തിനു സമര്‍പ്പിക്കാന്‍ ശ്രമം നടന്നത്. പരിസ്ഥിതി മന്ത്രാലയത്തോട് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നാണു മുഖ്യമന്ത്രിയും ഉമ്മന്‍ വി. ഉമ്മനും അടക്കമുള്ളവര്‍ പറയുന്നത്.

2014 മാര്‍ച്ചില്‍ നേരത്തേ സമര്‍പ്പിച്ച ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മാപ്പില്‍ 123 വില്ലേജുകളിലെ വനമേഖലയുടെ അതിര്‍ത്തി വിശദാംശങ്ങള്‍ അടയാളപ്പെടുത്തി നല്‍കാനാണു കേന്ദ്രം തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നത്. ഇതാണ് അട്ടിമറിക്കപ്പെട്ടതും സ്വന്തമായി തയാറാക്കിയ മാപ്പ് സമര്‍പ്പിക്കാന്‍ ശ്രമം നടന്നതും. ഉദ്യോഗസ്ഥതലത്തിലും നടന്ന ഗൂഢാലോചനയിലാണു ജനവാസമേഖലയെ റിസര്‍വ് വനമേഖലയാക്കി കൃത്രിമം നടത്തിയിരിക്കുന്നതെന്നും സമിതി ഭാരവാഹികളായ ഫാ. ആന്റണി കൊഴുവനാല്‍, പ്രഫ.ചാക്കോ കാളംപറമ്പില്‍, ഫാ.ഏബ്രഹാം കാവില്‍പുരയിടത്തില്‍, സി.ജെ. ടെന്നിസണ്‍ എന്നിവര്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ മുഴുവന്‍ വില്ലേജുകളിലെയും വനമേഖലകളുടെ വിശദാംശം സമര്‍പ്പിക്കുന്നതിനു പകരം കേവലം 123 വില്ലേജുകളെ മാത്രം വനമായി ചിത്രീകരിച്ചു മറ്റു പ്രദേശങ്ങളെ രക്ഷപ്പെടുത്താനുള്ള ഗൂഢതന്ത്രത്തെ തിരിച്ചറിയണം. നിക്ഷിപ്ത താത്പര്യക്കാരുടെ ഇഷ്ടാനുസരണം 123 വില്ലേജുകള്‍ക്കു പുറത്തുള്ള പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളെ ഒഴിവാക്കി ഈ വില്ലേജുകളില്‍പ്പെട്ട ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതി പ്രാധാന്യമുണ്െടന്നു വരുത്തിത്തീര്‍ത്തു രക്ഷപ്പെടാനുള്ള ശ്രമത്തെ ജനം തിരിച്ചറിയുമെന്നും പ്രതികരിക്കുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

അന്തിമ വിജ്ഞാപനം പുറത്തിറങ്ങുന്ന തീയതി വരെ കേന്ദ്രം ആവശ്യപ്പെട്ട രീതിയില്‍ അതിര്‍ത്തി നിര്‍ണയിച്ചു നല്‍കാതെ അവസാന നിമിഷം വനംപരിസ്ഥിതി മന്ത്രാലയം ഉണ്ടാക്കിയ കൃത്രിമ മാപ്പ് സമര്‍പ്പിക്കാനുള്ള താത്പര്യം ഇതിനു പിന്നിലുണ്േടായെന്നു സംശയം നിലനില്‍ക്കുന്നതായും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തി: ഹൈറേഞ്ച് സംരക്ഷണസമിതി


ചെറുതോണി: പരിസ്ഥിതി ലോല പട്ടികയില്‍നിന്നു കേരളത്തിലെ 123 വില്ലേജുകളിലെ ജനങ്ങളെ രക്ഷിച്ചെടുക്കാന്‍ ലഭിച്ച സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിനെതിരേ അതിശക്തമായ കര്‍ഷക പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ അറിയിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ മുഴുവന്‍ തീരുമാനങ്ങളും അട്ടിമറിക്കപ്പെട്ടു. മുഖ്യമന്ത്രിയെപ്പോലും ഉദ്യോഗസ്ഥ സമ്മര്‍ദത്തിലാക്കുന്ന തരത്തിലുള്ള നീക്കങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്. വനം മാത്രമേ ഇഎസ്എ ആയി പരിഗണിക്കുകയുള്ളൂ എന്ന മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് കാറ്റില്‍പറത്തിയ ഗൂഢാലോചനക്കാരെ വെളിച്ചത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണം. വനത്തിന് പുറത്തുള്ള പുറമ്പോക്കും ചതുപ്പും തരിശും കൈത്തോടും പുഴയും നോമാന്‍സ് ലാന്‍ഡും (ആരുടെയും കൈവശമല്ലാത്ത ഭൂമി) ഇഎസ്എ ആണെന്ന് രേഖപ്പെടുത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത് ആര്‍ക്കുവേണ്ടിയാണ്. തെറ്റുകളുടെ കൂമ്പാരമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയിട്ട് ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ പ്രസ്താവനകള്‍ നടത്തുന്നവര്‍ ആത്മപരിശോധന നടത്തണം.

കേരളത്തിലെ 123 വില്ലേജുകളിലെ കൃഷികളും ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും ഒഴിവാക്കി വനത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണയിച്ച് റിപ്പോര്‍ട്ടും ഭൂപടവും തയാറാക്കി നല്‍കുക എന്നത് അസാധ്യമായ കാര്യമല്ല. എന്നിട്ടും ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തിയതിലൂടെ കൃഷിക്കാരുടെ ജീവിതപ്രശ്നങ്ങളെ ലാഘവബുദ്ധിയോടു കൂടിയാണ് സമീപിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ദുരന്തങ്ങള്‍ ഏതെങ്കിലും നിലയില്‍ ജില്ലയിലെ കൃഷിക്കാര്‍ക്ക് നേരിടേണ്ടിവന്നാല്‍ അതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനായിരിക്കും.

കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം തുടരുന്നത് ന്യായീകരിക്കാനാവില്ല. ഒമ്പതിന് അന്തിമവിജ്ഞാപനം വരാനിരിക്കെ അത്യന്തം ഗുരുതരമായ സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. ജൂലൈ 30ന് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ നിരാകരിച്ചതിനു പിന്നില്‍ സ്ഥാപിത താത്പര്യക്കാരുടെ ഇടപെടല്‍ ഉണ്െടന്ന സംശയം ബലപ്പെടുകയാണ്. അന്തിമ വിജ്ഞാപനത്തിനു ദിവസങ്ങള്‍മാത്രം അവശേഷിക്കെ സര്‍ക്കാര്‍ കര്‍ഷക അവഗണന തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഫാ. കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

പശ്ചിമഘട്ട ജനതയെ ക്രൂശിക്കുന്നു: ഇന്‍ഫാം

കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കാനിരിക്കെ കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതകളും ദുരൂഹതകളും ജനവിരുദ്ധ സമീപനങ്ങളുമുണ്െടന്ന് ഇന്‍ഫാം സൂചിപ്പിച്ചതു ശരിയാണെന്നു തെളിഞ്ഞെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്യന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പശ്ചിമഘട്ട ജനതയെ ക്രൂശിക്കുകയാണ്. ഉദ്യോഗസ്ഥരും പരിസ്ഥിതി മൌലികവാദികളും ചേര്‍ന്നു സര്‍ക്കാര്‍ നിര്‍ദേശങ്ങളെ അട്ടിമറിച്ചു. ഈ ഗൂഢാലോചനയില്‍ സര്‍ക്കാരിന്റെ പങ്കും സംശയിക്കണം. അവസാന മണിക്കൂറില്‍ സര്‍ക്കാര്‍ കാണിക്കുന്ന അമിതാവേശവും ഡല്‍ഹിയാത്രയും എത്രമാത്രം ഫലപ്രദമാകുമെന്നു കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.

123 വില്ലേജുകളില്‍ കോട്ടയം ജില്ലയിലെ നാലു വില്ലേജുകളില്‍ വനമില്ലാത്തതിനാല്‍ പരിസ്ഥിതി ലോലമല്ലെന്നു സൂചിപ്പിച്ച് ഒഴിവാക്കി 119 വില്ലേജുകളുടെ വിശദാംശങ്ങളാണു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നു ബന്ധപ്പെട്ടവര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും റിപ്പോര്‍ട്ടില്‍ 123 വില്ലേജുകളുടെ പരാമര്‍ശം വന്നതില്‍ ദുരൂഹതയുണ്ട്.

വനാതിര്‍ത്തികള്‍ നിര്‍ണയിക്കാന്‍ മാത്രമാണുകേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. ഈ അതിര്‍ത്തികള്‍ അക്ഷാംശവും രേഖാംശവും പ്രകാരം രേഖപ്പെടുത്തണമെന്നും സൂചിപ്പിച്ചിരുന്നു. ഇതിനു ശ്രമിക്കാതെ ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തതും നിയമപരമായി നിലനില്‍ക്കാത്തതും സര്‍ക്കാര്‍ തള്ളിക്കളഞ്ഞതുമായ സോണ്‍ ഒന്നിലും രണ്ടിലും ഉള്‍പ്പെടുന്ന 120 പഞ്ചായത്തുകളുടെയും വിവരങ്ങള്‍കൂടി ചേര്‍ത്ത് 123 വില്ലേജുകള്‍ക്കൊപ്പം കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നില്‍ ചില അജന്‍ഡകള്‍ സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.