സ്വകാര്യ സര്‍വകലാശാല: അനുമതി ആശങ്ക തീര്‍ത്തശേഷമെന്ന് മുഖ്യമന്ത്രി
സ്വകാര്യ സര്‍വകലാശാല: അനുമതി ആശങ്ക തീര്‍ത്തശേഷമെന്ന് മുഖ്യമന്ത്രി
Thursday, September 3, 2015 12:20 AM IST
തിരുവനന്തപുരം: ആശങ്കകളെല്ലാം പരിഹരിച്ചശേഷം മാത്രമേ സംസ്ഥാനത്തു സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുകയുള്ളൂവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ അംഗീകാരം നേടിയശേഷം സര്‍വകക്ഷി യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ചചെയ്യും.

മാനേജ്മെന്റുകള്‍, അധ്യാപക- വിദ്യാര്‍ഥി സംഘടനകള്‍ തുടങ്ങി വിദ്യാഭ്യാസരംഗത്തുള്ളവരുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് അഭിപ്രായ സമന്വയമുണ്ടാക്കിയശേഷമേ തീരുമാനവുമായി മുന്നോട്ടുപോകുവെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍തന്നെ ഇത് അതേപടി നടപ്പാക്കാന്‍ കഴിയില്ലെന്നു താന്‍ അവരോടു പറഞ്ഞിരുന്നു. പശ്ചിമബംഗാളും ത്രിപുരയുടക്കം മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഉള്‍പ്പെടെ കേരളത്തെ ലോകനിലവാരമുള്ള വിദ്യാഭ്യാസകേന്ദ്രമായി ഉയര്‍ത്തുകയാണു ലക്ഷ്യം. വിദ്യാഭ്യാസച്ചെലവ് ഇപ്പോഴത്തേതിന്റെ പത്തിലൊന്നായി കുറയ്ക്കാനാകും. ലാഭമുണ്ടാക്കാനും സര്‍ക്കാര്‍ നല്‍കുന്ന സ്വാതന്ത്യ്രം ദുര്‍വിനിയോഗം ചെയ്യാനും ആരെയും അനുവദിക്കില്ല.

സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുമായി തര്‍ക്കമൊന്നുമില്ല. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് ഇന്നലെ സര്‍ക്കാരിനു സമര്‍പ്പിച്ചത്. ഇതു വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

2002ല്‍ സ്വാശ്രയ കോളജുകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയതുവഴി ഈ രംഗത്ത് ആയിരക്കണക്കിനു കോടിയുടെ നിക്ഷേപം കേരളത്തിലുണ്ടായിട്ടുണ്ട്. ഇതിന്റെ പതിന്മടങ്ങ് മുതല്‍മുടക്കാണു സര്‍വകലാശാലാ രംഗത്തു പ്രതീക്ഷിക്കുന്നത്. മികച്ച നിലവാരം പുലര്‍ത്തുന്ന സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്കു കുറവൊന്നുമില്ല. എന്നാല്‍, നിലവാരമില്ലാത്തിടത്തു വിദ്യാര്‍ഥികളുമില്ല. പൊതുമേഖലയെ ശക്തിപ്പെടുത്തിയാണു വിദ്യാഭ്യാസരംഗത്തു സ്വകാര്യ മേഖലയ്ക്കു പ്രോത്സാഹനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വകാര്യ സര്‍വകലാശാല സംബന്ധിച്ചുള്ള ത ന്റെ അഭിപ്രായം വ്യക്തിപരമാണെ ന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബ് പറഞ്ഞു. വ്യക്തിപരമായി എതിര്‍പ്പാണെങ്കിലും കൂട്ടായ തീരുമാനത്തിനാണു പ്രാധാന്യം നല്കുകയെന്നും അദ്ദേഹം അറിയിച്ചു.


സ്വകാര്യ സര്‍വകലാശാല സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും രണ്ടു നിലപാടാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇരുവരുടെയും പ്രതികരണം. മുസ്ലിംലീഗിനെ അറിയിക്കാതെ ഡോ. സിറിയക് തോമസിനെ സ്വകാര്യസര്‍വകലാശാല സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കാന്‍ നിയോഗിച്ചതാണു വിദ്യാഭ്യാസ മന്ത്രിയുടെ അതൃപ്തിക്കു കാരണമെന്നും പ്രചാരണമുണ്ട്.

സംസ്ഥാനത്തു സ്ഥാപിക്കുന്ന സ്വകാര്യസര്‍വകലാശാലയുടെ പഠനനിലവാരം പരിശോധിക്കാനുള്ള അവകാശം ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിനായിരിക്കുമെന്നു സ്വകാര്യസര്‍വകലാശാല സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. സിറിയക് തോമസ് പറഞ്ഞു.

സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ സംസ്ഥാനത്ത് ഇപ്പോള്‍ അനുകൂലമായ സ്ഥിതിയാണുള്ളതെന്നു വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ മേഖലയില്‍ പത്തു വര്‍ഷം പ്രവര്‍ത്തനപരിചയമുള്ളതും സാമ്പത്തികഭദ്രത ഉള്ളതുമായ ഏജന്‍സികള്‍ക്കു സ്വകാര്യ സര്‍വകലാശാല തുടങ്ങാനുള്ള അവസരം നല്കും. നഗരപരിധിയില്‍ കുറഞ്ഞത് 20 ഏക്കര്‍ ഭൂമിയും ഗ്രാമപ്രദേശമാണെങ്കില്‍ 30 ഏക്കര്‍ ഭൂമിയും ഉണ്ടായിരിക്കണം. 20 കോടി രൂപ സര്‍ക്കാരിന്റെയും ഏജന്‍സിയുടെയും പേരില്‍ സംയുക്ത സ്ഥിരനിക്ഷേപമായി വേണം. ഇതിനു പുറമേ 30 കോടിയുടെ പ്രവര്‍ത്തന ഫണ്ടും സ്വകാര്യസര്‍വകലാശാല ആരംഭിക്കുന്ന ഏജന്‍സിക്ക് ഉണ്ടായിരിക്കണം.

ലഭിക്കുന്ന അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന മൂന്നംഗ സമിതി പരിശോധനകള്‍ നടത്തി സര്‍ക്കാരിനു നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള അംഗീകാരം നല്കുക. സംസ്ഥാന സര്‍ക്കാരും യുജിസിയും നിഷ്കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചിരിക്കണം.

ഉന്നത വിദ്യാഭ്യാസ രംഗത്തു സ്വകാര്യ മൂലധനം നിക്ഷേപിക്കുന്നതിലൂടെ സര്‍ക്കാരിനു കൂടുതല്‍ സഹായകരമാകുമെന്നും ഡോ. സിറിയക് തോമസ് പറഞ്ഞു. സുതാര്യത ഉറപ്പുവരുത്തിയും സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കിയും സ്വകാര്യ സര്‍വകലാശാലയില്‍ ഉണ്ടാകാന്‍ ഇടയുള്ള അഴിമതി ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. പി അന്‍വര്‍, ഡോ. ജേക്കബ് പുന്നൂസ്, ഡോ. ഷീനാ ഷുക്കുര്‍, ഡോ. എല്‍. ചിത്ര എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.