എല്ലാവര്‍ക്കും ഹൃദയംനിറയെ നന്ദി... മാത്യു ആച്ചാടന്‍
എല്ലാവര്‍ക്കും ഹൃദയംനിറയെ നന്ദി... മാത്യു ആച്ചാടന്‍
Thursday, September 3, 2015 12:20 AM IST
കൊച്ചി: എല്ലാവര്‍ക്കും ഹൃദയംകൊണ്ട് നന്ദി.... നിശ്ചലമായിപ്പോയ ഹൃദയത്തിന്റെ സ്ഥാനത്തു തുടിപ്പുള്ള ഹൃദയം തുന്നിച്ചേര്‍ക്കാന്‍ കൈകോര്‍ത്ത എല്ലാവര്‍ക്കും മാത്യു ആച്ചാടന്‍ നന്ദി പറഞ്ഞത് ഒറ്റവാ ചകത്തില്‍. അതില്‍ എല്ലാമുണ്ടായിരുന്നു. ഹൃദയംനിറയെ സന്തോഷവും നന്ദിയുമായി, ഭാര്യ ബിന്ദുവിന്റെ കൈപിടിച്ചു മാത്യു ആച്ചാടന്‍ ഇന്നലെ ആശുപത്രിയുടെ പടിയിറങ്ങി. എറണാകുളം ലിസി ആശുപത്രി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പു ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ. ബാബുവും എംഎല്‍എമാരും ഉള്‍പ്പെടെ ഹൃദയം മാറ്റിവയ്ക്കല്‍ ദൌത്യത്തില്‍ പങ്കുചേര്‍ന്ന പ്രമുഖരെല്ലാവരും തന്നെ സന്നിഹിതരായിരുന്നു.

ഹൃദയം നല്‍കിയ അഡ്വ.എസ്. നീലകണ്ഠശര്‍മ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞാണു ചാലക്കുടി പരിയാരം സ്വദേശി ആച്ചാടന്‍ വീട്ടില്‍ മാത്യു (47) സംസാരിച്ചു തുടങ്ങിയത്. തുടര്‍ന്നു ദൌത്യത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ഒറ്റവാക്കില്‍ നന്ദി പറഞ്ഞു. മാത്യുവിന് അധിക സമയം സംസാരിക്കാന്‍ കഴിയാത്തതിനാല്‍ ഓരോരുത്തരെയും പേരെടുത്തു നന്ദി അറിയിച്ചതു ഭാര്യ ബിന്ദുവാണ്. പിന്നെ കുറച്ചുനേരം മുഖ്യമന്ത്രിയുടെ സ്നേഹാന്വേഷണം. മാത്യുവിനു മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു.

സംസ്ഥാനത്തെ ആരോഗ്യരംഗത്തെ വലിയ വിജയമാണു ലിസി ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്രയയപ്പു ചടങ്ങില്‍ പറഞ്ഞു. വൈദ്യശാസ്ത്ര രംഗത്ത് ആഗോളതലത്തിലുണ്ടായിട്ടുള്ള വലിയ പരീക്ഷണങ്ങള്‍ വിജയകരമാക്കാന്‍ നമുക്കും സാധിക്കുമെന്നതിന്റെ തെളിവാണിത്. സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കും പൊതുജനത്തിനു വലിയൊരു ആത്മവിശ്വാസമാണ് ഇതുവഴി ലഭിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിനും അദ്ദേഹത്തിന്റെ ടീമിനും അര്‍ഹതപ്പെട്ടതാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഖലയില്‍ എയര്‍ ആംബുലന്‍സിന്റെ ആവശ്യകത ബോധ്യപ്പെടുത്താനായി എന്നതാണ് ഈ ദൌത്യത്തിന്റെ മറ്റൊരു നേട്ടം. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ എയര്‍ ആംബുലന്‍സ് കൊണ്ടുവരുന്നതു സംബന്ധിച്ച് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളിലെ മാനേജ്മെന്റ്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. പദ്ധതി നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്െടന്നു മുഖ്യമന്ത്രി പറഞ്ഞു.


ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി കണ്ടതിനാലാണു മാത്യു ആശുപത്രി വിടുന്നതെന്നു ഡോ.ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. നീലകണ്ഠശര്‍മയുടെ ഹൃദയത്തെ മാത്യുവിന്റെ ശരീരം പൂര്‍ണമായും സ്വീകരിച്ചുകഴിഞ്ഞു. ഹൃദയം തിരസ്കരിക്കുന്നുണ്േടാ എന്നറിയുന്നതിനു രണ്ടു തവണ എന്‍ഡോമയോകാര്‍ഡിയല്‍ ബയോപ്സി നടത്തിയപ്പോഴും തൃപ്തികരമായ ഫലമാണു കിട്ടിയത്. ദൈനംദിന കാര്യങ്ങള്‍ മാത്യു സ്വന്തം നിലയില്‍ ചെയ്തു തുടങ്ങിയിട്ടുമുണ്ട്. ആശുപത്രി വിട്ടെങ്കിലും ആഴ്ചതോറുമുള്ള പരിശോധന തുടരണം. രണ്ട് ആഴ്ച കൂടുമ്പോള്‍ എക്കോ കാര്‍ഡിയോഗ്രാം ചെയ്യണം. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ സാധാരണ ജീവിതത്തിലേക്കു വരാന്‍ മൂന്നു മുതല്‍ ആറു വരെ മാസമെടുക്കും. ഈ കാലമത്രയും മാത്യുവിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കണം. അതിനാല്‍ ആശുപത്രിക്കു സമീപമുള്ള ഫ്ളാറ്റിലായിരിക്കും താമസം. രണ്ടു മാസത്തിനു ശേഷം ആരോഗ്യനില തൃപ്തികരമെന്നു കണ്ടാല്‍ വീട്ടിലേക്കു പോകാം.

എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, കളക്ടര്‍ എം.ജി. രാജമാണിക്യം, ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ഡോ.ബാബു ഫ്രാന്‍സിസ് തുടങ്ങിയവരും മാത്യുവിന്റെ ശസ്ത്രക്രിയയ്ക്കു സാമ്പത്തിക സഹായം ഉള്‍പ്പെടെ എത്തിച്ചുനല്‍കിയ പരിയാരത്തെ നാട്ടുകാരും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ ജൂലൈ 24ന് ആണ് മാത്യുവിന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ദാതാവില്‍നിന്നെടുത്ത ഹൃദയം വിമാനമാര്‍ഗം എത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ ശസ്ത്രക്രിയയായിരുന്നു ഇത്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച പാറശാല സ്വദേശി അഡ്വ.നീലകണ്ഠശര്‍മയുടെ (46) ഹൃദയമാണു മാത്യുവില്‍ വച്ചുപിടിപ്പിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ ഡോണിയര്‍ വിമാനത്തിലാണു തിരുവനന്തപുരത്തുനിന്നു ഹൃദയം കൊച്ചിയിലെത്തിച്ചത്.

ലിസി ആശുപത്രിയിലെ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. നാവികസേനയ്ക്കൊപ്പം സംസ്ഥാന സര്‍ക്കാരും എറണാകുളം, തിരുവനന്തപുരം ജില്ലാ ഭരണകൂടങ്ങളും പോലീസും പൊതുസമൂഹവും ശസ്ത്രക്രിയയുടെ വിജയത്തിനായി കൈകോര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.