തെളിവു നശിപ്പിക്കാനും ഡിജിപിയെ കബളിപ്പിക്കാനും പോലീസ് മുക്കിയ ഹെല്‍മെറ്റ് ഇതാ..!
തെളിവു നശിപ്പിക്കാനും ഡിജിപിയെ കബളിപ്പിക്കാനും പോലീസ് മുക്കിയ ഹെല്‍മെറ്റ് ഇതാ..!
Thursday, September 3, 2015 12:43 AM IST
പ്രത്യേക ലേഖകന്‍

തൃശൂര്‍: വാഹന പരിശോധനയ്ക്കിടെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ആരോപണവിധേയമായ ഹൈവേ പോലീസിനെ രക്ഷിക്കാന്‍ തൃശൂരിലെ പോലീസ് ഡിജിപിക്കു തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. അപകടത്തില്‍ അകപ്പെട്ട ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന പോലീസിന്റെ വിശദീകരണം പച്ചക്കള്ളമാണെന്നു സംഭവസ്ഥലത്തുനിന്നുള്ള ഫോട്ടോകള്‍ വ്യക്തമാക്കുന്നു.

ബൈക്ക് ഓടിച്ചിരുന്നയാളുടെ തലയില്‍നിന്ന് ഊര്‍ന്നുവീണ ഹെല്‍മെറ്റ് പോലീസുകാര്‍തന്നെ വഴിയില്‍നിന്ന് എടുത്തു സഞ്ചിയോടൊപ്പം പോലീസ് ജീപ്പിന്റെ പിന്‍വശത്തു വയ്ക്കുന്ന ഫോട്ടോ സംഭവസ്ഥലത്തുണ്ടായിരുന്ന ദീപിക ഫോട്ടോഗ്രാഫര്‍ പി.ജി. ഗസൂണ്‍ജി പകര്‍ത്തിയിരുന്നു. ഈ ഫോട്ടോയും ഏതാനും വീഡിയേ ക്ളിപ്പുകളുമാണ് ഇപ്പോള്‍ ഹൈവേ പോലീസിനും ജില്ലാ പോലീസിനും എതിരേ പ്രധാന ആയുധമായി മാറിയിരിക്കുന്നത്.

തൃശൂര്‍ - പാലക്കാട് ദേശീയപാതയില്‍ വെട്ടിക്കലില്‍ കഴിഞ്ഞ മാസം ഏഴാം തീയതി കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന അമ്മയും മകളും മരിച്ചിരുന്നു. പഴയന്നൂര്‍ കുന്നാലക്കോട് നാലുപുരത്തൊടി വീട്ടില്‍ റഷീദ് അലിയുടെ ഭാര്യ സഫിയ (36), ഒന്നര വയസുള്ള മകള്‍ ഫാത്തിമ ഷിഫാന്‍ എന്നിവരാണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന റഷീദിനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന റഷീദലിക്കു ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസിനെ കണ്ട ഇയാള്‍ പരിശോധനയില്‍നിന്നു രക്ഷപ്പെടാനായി ബൈക്ക് വെട്ടിച്ചപ്പോഴാണു ബസിനടിയിലേക്കു മറിഞ്ഞതെന്നും ഡിജിപി പറഞ്ഞിരുന്നു.

ജില്ലാ പോലീസാണു ഡിജിപിയെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചത്. സൌദിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന റഷീദ് അലിക്കു ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നു പോലീസ് ഉയര്‍ത്തിയ ആരോപണവും നുണയാണെന്നു വ്യക്തമായിട്ടുണ്ട്.


അപകടം നടന്ന വെട്ടിക്കലില്‍ ഹൈവേ പോലീസ് വാഹനപരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കു കൈകാണിച്ചതു മൂലം പെട്ടെന്നു വേഗം കുറച്ചു വഴിയരികിലേക്കു മാറ്റിനിര്‍ത്തുകയായിരുന്ന മിനിലോറിയെ മറികടന്നു മുന്നോട്ടുപോയ ബൈക്ക് എതിരേ വന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടം നടന്നയുടനേ ഹൈവേ പോലീസ് രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിക്കാതെ അപകടം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചശേഷം സ്ഥലംവിടുകയാണു ചെയ്തത്. ഹൈവേ പോലീസിന്റെ വാഹനം മണ്ണുത്തി ഭാഗത്തേക്കു മാറ്റിനിര്‍ത്തിയിട്ട് ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ നില്‍ക്കുകയായിരുന്നു സേനാംഗങ്ങള്‍.

അപകടത്തിനിടയാക്കുന്ന വിധത്തില്‍ ഒളിച്ചുനിന്നു വാഹനപരിശോധന നടത്തിയിരുന്ന ഹൈവേ പോലീസ് അപകടം നടന്നയുടനേ രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിക്കാതെ മുങ്ങിയതു മനുഷ്യത്വരഹിതമാണെന്ന് ആരോപിച്ചു നാട്ടുകാര്‍ പോലീസിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതു സംഘര്‍ഷാവസ്ഥയായി വളര്‍ന്നതോടെ ഈ പ്രദേശത്തു പരിശോധന അനുവദിക്കില്ലെന്നു പറഞ്ഞു തൃശൂര്‍ മേയര്‍ നാട്ടുകാരെ ശാന്തരാക്കുകയായിരുന്നു.

ഹൈവേ പോലീസ് അപകട സ്ഥലത്തു വാഹനപരിശോധന നടത്തിയിരുന്നില്ലെന്നും അപകടം നടന്ന സ്ഥലത്തിനു 400 മീറ്റര്‍ അകലെയാണ് ഹൈവേ പോലീസിന്റെ വാഹനം ഉണ്ടായിരുന്നതെന്നും തെറ്റായ വിവരമാണു ജില്ലയിലെ പോലീസ് മേധാവികള്‍ സംസ്ഥാന പോലീസ് മേധാവികള്‍ക്കു നല്‍കിയത്.

നുണപ്രചാരണം നടത്തി തെളിവു നശിപ്പിച്ച പോലീസിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.