കണ്ണൂരില്‍ പാര്‍ട്ടി പരിപാടികള്‍ക്കായി പ്രത്യേക കലണ്ടര്‍ തയാറാക്കും
Thursday, September 3, 2015 12:42 AM IST
കണ്ണൂര്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നടത്തുന്ന പരിപാടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ പ്രത്യേക കലണ്ടര്‍ തയാറാക്കുമെന്നു ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍.

ഗണേശോത്സവം, ശ്രീകൃഷ്ണജയന്തി പോലെ വിശ്വാസവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ദിനാചാരണങ്ങളും വിവിധ പാര്‍ട്ടികള്‍ ഒരേദിവസം ഒരേ സമയം ഓരേ സ്ഥലത്തു നടത്തുന്നതു സംഘര്‍ഷത്തിനു വഴിവയ്ക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു കലണ്ടറിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരം ചൊവ്വാഴ്ച കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സമാധാനയോഗത്തിലെ തീരുമാനം വിശദീകരിക്കുകയായിരുന്നു കളക്ടര്‍. ശനിയാഴ്ച ശ്രീകൃഷ്ണ ജയന്തി ദിനാഘോഷത്തിനു ബാലഗോകുലവും സിപിഎമ്മിന്റെ കീഴിലുള്ള ബാലസംഘവും അനുമതി ചോദിച്ചിട്ടുണ്ട്.

മുന്‍കൂട്ടി നിശ്ചയിച്ച ആഘോഷ പരിപാടികളില്‍ വീട്ടുവീഴ്ച ചെയ്യാന്‍ ഇരുപാര്‍ട്ടികളും തയാറാകാത്തതിനാല്‍ ഇവരുടെ പരിപാടികള്‍ എവിടെ നടത്തണമെന്നു പോലീസ് തീരുമാനിക്കുമെന്നു കളക്ടര്‍ അറിയിച്ചു. ഇക്കാര്യം നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്. ഇന്നു ചേരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ യോഗത്തില്‍ സമയം, സ്ഥലം എന്നിവ വേര്‍തിരിച്ച് അനുമതി നല്‍കും.

അനുമതി ഇല്ലാത്ത സ്ഥലത്തു പരിപാടി നടത്താന്‍ അനുവദിക്കില്ല. നിര്‍ദേശം ലംഘിച്ചാല്‍ വാഹനങ്ങളടക്കം പിടിച്ചെടുച്ചു നിയമനടപടി സ്വീകരിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന പരിപാടി നടക്കുന്ന ദിവസങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ പരിപാടി നടത്താതെ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ആഭ്യന്തരമന്ത്രി ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ക്കു നിര്‍ദേശിച്ചിട്ടുണ്െടന്നു കളക്ടര്‍ പറഞ്ഞു.


വീടുകള്‍ തകര്‍ന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുജനങ്ങളുമായി സഹകരിച്ചു പ്രത്യേക ഫണ്ട് സ്വരൂപിച്ചു നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്കു സഹായധനം നല്‍കുന്ന കാര്യത്തിനു ജില്ലാ ഭരണകൂടം മുന്‍കൈയെടുക്കും.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളില്‍ 28 വീടുകള്‍ക്കു നാശനഷ്ടം നേരിട്ടിട്ടുണ്ട്. കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നും കാപ്പ ഉള്‍പ്പെടെ ചുമത്തുന്നതില്‍ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ പറഞ്ഞു.

അക്രമങ്ങളില്‍ വീടുകള്‍ കൈയേറുന്നത് ഒരുതരത്തിലും അംഗീകരിക്കില്ലെന്നു സമാധാനചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം, ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. പ്രവര്‍ത്തന സ്വാതന്ത്യ്രം വേണമെന്ന് ആവശ്യപ്പെട്ട നേതാക്കള്‍ സമാധാനത്തിനു പൂര്‍ണ സഹകരണം വാഗ്ദാനംചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.