മുഖപ്രസംഗം: അക്ഷരവെളിച്ചം ഇനിയും അനേകര്‍ക്ക് അകലെ
Thursday, September 3, 2015 11:43 PM IST
ജനങ്ങള്‍ അറിവുള്ളവരായിരിക്കുക എന്നതു ജനാധിപത്യത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്നു വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ വിദ്യാഭ്യാസം ലഭിക്കാത്തവര്‍ എത്രയേറെയാണെന്നത് ആശ്ചര്യകരമാണ്. സ്വാതന്ത്യ്രം പ്രാപിച്ച് ഏഴു പതിറ്റാണ്േടാളമായിട്ടും എല്ലാ ജനങ്ങള്‍ക്കും പ്രാഥമികതലത്തിലെങ്കിലും വിദ്യാഭ്യാസം നല്‍കാന്‍ രാഷ്ട്രത്തിനു കഴിഞ്ഞിട്ടില്ല. മാത്രമല്ല, വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നമുക്കു കാര്യമായ പുരോഗതി നേടാനായിട്ടില്ലെന്നാണ് ഈയിടെ പുറത്തുവിട്ട സാമൂഹ്യസാമ്പത്തിക സെന്‍സസിലെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് അഭിമാനപൂര്‍വം ഇന്ത്യ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഒട്ടും അഭിമാനകരമല്ലാത്ത ഈ വെളിപ്പെടുത്തല്‍. ഇക്കാലമത്രയും രാജ്യമോ സംസ്ഥാനങ്ങളോ ഭരിച്ചിട്ടുള്ളവരെല്ലാം ഈ പിന്നോക്കാവസ്ഥയ്ക്ക് ഉത്തരവാദികളാണ്.

അവിശ്വസനീയമായിത്തോന്നാവുന്ന കണക്കുകളാണു രാജ്യത്തെ സാക്ഷരതയെക്കുറിച്ച് ഈ സെന്‍സസ് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങളില്‍ മൂന്നിലൊരുഭാഗം സ്കൂള്‍വിദ്യാഭ്യാസം നേടിയിട്ടില്ലെന്നാണു സാമൂഹ്യ സാമ്പത്തിക സെന്‍സസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുനെസ്കോ നടത്തിയ ഒരു പഠനത്തിലും ഇന്ത്യയുടെ ഈ ദയനീയാവസ്ഥ വെളിപ്പെട്ടിരുന്നു. സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ രാജ്യം ചില മുന്നേറ്റങ്ങള്‍ കുറിച്ചിട്ടുണ്െടങ്കിലും പ്രായപൂര്‍ത്തിയായ നിരക്ഷരരുടെ പെരുപ്പം വലിയൊരു പ്രശ്നമായാണു യുനെസ്കോയുടെ ആഗോള നിരീക്ഷണ സമിതി ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. പ്രായപൂര്‍ത്തിയായ 28.7 കോടി നിരക്ഷരര്‍ ഇന്ത്യയിലുണ്െടന്നായിരുന്നു യുനെസ്കോയുടെ കണ്െടത്തല്‍. ലോകമെമ്പാടുമുള്ള നിരക്ഷരരുടെ 37 ശതമാനം വരും ഇത്.

ഇതൊക്കെയാണെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രാജ്യം പുരോഗതി കൈവരിക്കുന്നുണ്െടന്നതു ശുഭകരമായ കാര്യമാണ്. വിദ്യാഭ്യാസ അവകാശ നിയമവും അതിന്റെ തുടര്‍നടപടികളും വരുംകാലങ്ങളില്‍ വലിയ പുരോഗതി കൊണ്ടുവന്നേക്കാം. സ്ത്രീവിദ്യാഭ്യാസരംഗത്തു രാജ്യം ശ്രദ്ധേയമായ ചില നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലും ഇതു പ്രതിഫലിക്കുന്നു. എന്‍ജിനിയറിംഗ്- ടെക്നോളജി ഡിഗ്രി, ഡിപ്ളോമ നേടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഇരട്ടി വര്‍ധനയാണു രേഖപ്പെടുത്തിയതെങ്കില്‍ ഈ മേഖലയില്‍ സ്ത്രീകളുടെ എണ്ണം മൂന്നു മടങ്ങാണു വര്‍ധിച്ചത്.

വയോജന വിദ്യാഭ്യാസ രംഗത്തും ചില മുന്നേറ്റങ്ങള്‍ രാജ്യം നടത്തിയിട്ടില്ലെന്നില്ല. തുല്യതാ പരീക്ഷ പോലെയുള്ള പരിപാടികള്‍ പ്രായമുള്ള പലരും പ്രയോജനപ്പെടുത്തുന്നു. അടുത്തകാലത്തു സാക്ഷരരായിത്തീര്‍ന്നവര്‍ ഏറെയാണ്. എന്നാല്‍, അക്ഷരജ്ഞാനം എന്നത് അക്ഷരങ്ങള്‍ കൂട്ടിവായിക്കാനുള്ള ശേഷി മാത്രമാകരുത്. അജ്ഞതയെ തോല്‍പ്പിക്കാനുള്ള ശേഷികൂടി സാക്ഷരര്‍ കൈവരിക്കണം. വലിയ സാക്ഷരത അവകാശപ്പെടാനില്ലാതിരുന്ന കാലത്തും ഇന്ത്യയിലെ ജനങ്ങള്‍ വലിയ ജനാധിപത്യബോധം പ്രകടിപ്പിച്ചിട്ടുണ്െടന്നതു ശ്രദ്ധേയമായ കാര്യമാണ്. അടിയന്തരാവസ്ഥയ്ക്കുശേഷമുണ്ടായ ജനവിധി രാജ്യത്തെ നിരക്ഷരകുക്ഷികള്‍ക്കും ജനാധിപത്യബോധം എത്രയേറെയുണ്െടന്നതിനു തെളിവായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മുതിര്‍ന്ന നിരക്ഷരരുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശാണു ജനാധിപത്യത്തിന്റെ തിരിച്ചുവരവിന് അന്നു വലിയ പങ്കു വഹിച്ചത്.


രാജ്യത്തെ ഗ്രാമീണരില്‍ 36 ശതമാനമാണു നിരക്ഷരര്‍. സാക്ഷരതയുള്ള 64 ശതമാനത്തിലാകട്ടെ അഞ്ചിലൊന്ന് പ്രൈമറി വിദ്യാഭ്യാസം കഴിയുമ്പോള്‍ കൊഴിഞ്ഞുപോകുന്നു. ഗ്രാമീണരില്‍ ഹൈസ്കൂള്‍ പൂര്‍ത്തിയാക്കുന്നവര്‍ 5.4 ശതമാനം മാത്രം. ബിരുദം നേടുന്നവര്‍ വെറും 3.4 ശതമാനം. രാജസ്ഥാനിലാണു ഗ്രാമീണരായ നിരക്ഷരര്‍ ഏറ്റവും കൂടുതലുള്ളത്-47.6 ശതമാനം. ഗ്രാമീണരുടെ വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഇനിയും ഏറെ വര്‍ധിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസാവകാശ നിയമം വന്നതോടെ പ്രൈമറി തലത്തില്‍ സ്കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പക്ഷേ ഓരോ ക്ളാസ് കഴിയുമ്പോഴും കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നു. ഗ്രാമങ്ങളിലെ താഴ്ന്ന വിദ്യാഭ്യാസ നിലവാരം മാത്രമല്ല, ഗ്രാമീണ കുടുംബങ്ങളിലെ ദാരിദ്യ്രവും ഇതിനു കാരണമാണ്.

ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരത്തിന്റെ ഗുണമേന്മയെക്കുറിച്ചു യുനെസ്കോ റിപ്പോര്‍ട്ടില്‍ വളരെ ഗൌരവതരമായ പരാമര്‍ശമാണുള്ളത്. വിപുലമായ പഠനപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. നമ്മുടെ പാഠ്യക്രമത്തിന്റെ പോരായ്മതന്നെയാണു പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രശ്നം. കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതില്‍ അധികം നല്‍കുന്നുവെന്നതാണു പ്രധാന പോരായ്മ.

സാക്ഷരതയുടെ കാര്യത്തില്‍ കേരളം തന്നെയാണു മുന്നിലെങ്കിലും കേരളം അവകാശപ്പെടുന്ന സമ്പൂര്‍ണ സാക്ഷരത ദേശീയ സെന്‍സസ് അംഗീകരിക്കുന്നില്ല. കേരളത്തിലെ ജനങ്ങളില്‍ 11.38 ശതമാനം ഇപ്പോഴും നിരക്ഷരരുടെ വിഭാഗത്തിലാണെന്നു സെന്‍സസ് പറയുന്നു. 15.42 ശതമാനം നിരക്ഷരരുള്ള ഗോവയാണു തൊട്ടടുത്ത്. 20.12 ശതമാനത്തോടെ സിക്കിം മൂന്നാമതും. ബിരുദവും അതിലുയര്‍ന്ന യോഗ്യതയുമുള്ളവരുടെ കാര്യത്തില്‍ ഗോവയാണു കേരളത്തെക്കാള്‍ മുന്നില്‍. കേരളീയരില്‍ 40 ലക്ഷത്തോളം പേര്‍ ഇപ്പോഴും നിരക്ഷരരുടെ പട്ടികയിലാണെന്നതിനാല്‍ സംസ്ഥാനം അടിസ്ഥാന വിദ്യാഭ്യാസ കാര്യത്തില്‍ ഏറെ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു.

അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം, അത്യാധുനിക സൌകര്യങ്ങളുള്ള പ്രഫഷണല്‍ വിദ്യാഭ്യാസം തുടങ്ങിയവയിലും രാജ്യം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. കേരളമാകട്ടെ, ഒരു അഭിമാനവിഷയത്തില്‍ പഴുതുകള്‍ വെളിപ്പെട്ടിരിക്കേ, ആ പഴുതുകള്‍ അടയ്ക്കാന്‍ വൈകിക്കൂടാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.